World
gaza
World

ഗസ്സയിലെ വംശഹത്യ: യു.എൻ റിപ്പോർട്ട് തള്ളി അമേരിക്ക

Web Desk
|
30 March 2024 10:18 AM GMT

ഗസ്സയിലെ ജനങ്ങളെ വ്യവസ്ഥാപിതമായി ഉൻമൂലനം ചെയ്യുകയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ആരോപിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് തള്ളി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ. കഴിഞ്ഞ ബുധനാഴ്ചയാണ് ഐക്യരാഷ്ട്ര സഭയിലെ ഫലസ്തീന്റെ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബാനീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഗസ്സയിലെ ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ നടപടികൾ വംശഹത്യയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.

എന്നാൽ, യുദ്ധക്കുറ്റങ്ങളെ കുറിച്ച് ചർച്ച ​ചെയ്യുന്നില്ലെന്നും ഇസ്രായേലിന് പൂർണ പിന്തുണയാണ് അമേരിക്ക നൽകുന്നതെന്നും മാത്യു മില്ലർ പറഞ്ഞു. ആന്റി സെമിറ്റിക്കായിട്ടുള്ള പ്രസ്താവനകളാണ് അൽബാനീസ് ഉന്നയക്കുന്നതെന്നും മില്ലർ ആരോപിച്ചു.

‘വംശഹത്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതായി വ്യക്തമാക്കിയതാണ്. അതേസമയം, ഗസ്സയിലെ സാധാരണക്കാരായ ജനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് അതീവ ആശങ്കയുണ്ട്. അതിനാലാണ് സിവിലിയൻ അപകടങ്ങൾ കുറക്കാനായി കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഇസ്രായേൽ സർക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടത്’ -മില്ലർ കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്ര സഭയുടെ ജനീവ ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയാണ് അൽബാനീസ് റിപ്പോർട്ട് പുറത്തുവിട്ടത്. ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ നിരീക്ഷിക്കുകയും വിശകലനം ചെയ്തുമാണ് താൻ റിപ്പോർട്ട് തയാറാക്കിയതെന്ന് അൽബാനീസ് പറഞ്ഞിരുന്നു. ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുന്നതിന്റെ പരിധി ഇസ്രായേൽ മറികടക്കുന്നുവെന്ന് വിശ്വസിക്കാനുള്ള ശക്തമായ കാരണങ്ങളുണ്ട്. ഗസ്സയിലെ ജനങ്ങളെ വ്യവസ്ഥാപിതമായി ഉൻമൂലനം ചെയ്യുകയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഫലസ്തീൻ ജനതയ്‌ക്കെതിരെ അക്രമത്തിലും വംശഹത്യയിലും ഉന്മൂലനശ്രമത്തിലും ഏർപ്പെട്ടുകൊണ്ട് ഇസ്രായേൽ സൈനികരും ഉദ്യോഗസ്ഥരും നിയമങ്ങളെ വളച്ചൊടിക്കുകയാണ്. ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ വംശഹത്യയുടെ നയമാണ് ഇസ്രായേൽ നടപ്പാക്കുന്നതെന്നും അൽബാനീസ് വ്യക്തമാക്കി.

ഗസ്സയിൽ വരാനിരിക്കുന്ന പട്ടിണി ദുരന്തത്തെക്കുറിച്ചും കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു. യു.എന്നിന് കീഴിലെ വേൾഡ് ഫുഡ് പ്രോഗ്രാമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. 11 ലക്ഷം ജനങ്ങൾ ഭക്ഷ്യ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സംഘടന വ്യക്തമാക്കി.

ഇതിനെതിരെ ഇസ്രായേൽ രംഗത്തുവന്നിരുന്നു. കൃത്യതയില്ലാത്തതും സംശയാസ്പദ ഉറവിടങ്ങളുമാണ് റിപ്പോർട്ടിന് ആധാരമെന്നാണ് ഇസ്രാ​യേലിന്റെ ആരോപണം. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഇസ്രായേൽ പറഞ്ഞു.

അതേസമയം, ഗസ്സയിലെ ജനങ്ങൾക്ക് മേൽ പട്ടിണിയും യുദ്ധതന്ത്രമായി ഇസ്രായേൽ ഉപയോഗിക്കുകയാണെന്ന ആരോപണം നേരത്തെ തന്നെയുള്ളതാണ്. നിരവധി കുട്ടികളടക്കമുള്ളവരാണ് പോഷകാഹാരമില്ലാ​തെ മരിച്ചത്. ഇത് കൂടാതെ സഹായത്തിന് കാത്തുനിൽക്കുന്നവരെ ഇസ്രായേൽ സൈന്യം ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

Similar Posts