ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക; 84 കോടി മൂല്യം !
|വസ്തുക്കളിൽ പലതും അടുത്തിടെ വരെ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ പ്രദർശനത്തിന് വെച്ചിരുന്നു
ന്യൂഡൽഹി: പല കാലങ്ങളിലായി ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച് കടത്തിയ 1400 പുരാവസ്തുക്കൾ അമേരിക്ക തിരികെ നൽകിയതായി റിപ്പോർട്ട്. 10 മില്യൺ ഡോളർ (ഏകദേശം 84.4 കോടി രൂപ) മൂല്യമുള്ള വസ്തുക്കളാണ് യുഎസ് തിരികെ നൽകിയത്. ഇവയിൽ പലതും അടുത്തിടെ വരെ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ പ്രദർശനത്തിന് വെച്ചിരുന്നു.
മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി വിവരമുള്ളത്. കള്ളക്കടത്ത് മാഫിയ സംഘങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. അനധികൃത വ്യാപാരങ്ങൾ തടയാനും മോഷ്ടിച്ച പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനും അതുവഴി സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്നതിനുമുള്ള കരാറിൽ ജൂലൈയിൽ യുഎസും ഇന്ത്യയും ഒപ്പുവച്ചിരുന്നു. സെപ്റ്റംബറിൽ 297 വസ്തുക്കൾ യുഎസ് തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ തിരിച്ചയയ്ക്കലും.
2000 BCE- 1900CE കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ നിന്ന് മോഷ്ടിച്ചതാണ് വസ്തുക്കളെല്ലാം. ടെറക്കോട്ടയിൽ തീർത്ത ശില്പങ്ങളും കല്ലിലും മെറ്റലിലും തടിയിലും ആനക്കൊമ്പിലും നിർമിച്ച വസ്തുക്കളുമെല്ലാം ഈ കാലത്ത് ഇന്ത്യയിൽ നിന്ന് വലിയ രീതിയിൽ മോഷ്ടിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് കടത്തി പിന്നീട് അമേരിക്കയ്ക്ക് സംഭാവന നൽകിയ, നർത്തകിയുടെ ശില്പം ഉൾപ്പടെ തിരികെ നൽകിയ വസ്തുക്കളുടെ കൂട്ടത്തിലുണ്ട്.