ഇസ്രായേലും ഹമാസും തമ്മിൽ കരാറില്ലാതെ സംഘര്‍ഷം അവസാനിക്കില്ലെന്ന് യു.എസ്; ഗസ്സയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍
|വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനുള്ള യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്റെ പുതിയ നീക്കം വിജയിച്ചില്ല
ഗസ്സ: ഇസ്രായേലും ഹമാസും തമ്മിൽ കരാർ രൂപപ്പെടാതെ പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കില്ലെന്ന് അമേരിക്ക. ബന്ദികളുടെ മോചനത്തിന് ഗസ്സ വെടിനിർത്തൽ കരാർ അനിവാര്യമെന്നും അമേരിക്ക വ്യക്തമാക്കി. ഗസ്സ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനുള്ള യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്റെ പുതിയ നീക്കം വിജയിച്ചില്ല.
ഗസ്സയിൽ നിന്നുള്ള സൈനിക പിന്മാറ്റം എന്ന ഹമാസ് ആവശ്യം ഇസ്രായേൽ അംഗീകരിക്കാതെ ചർച്ച കൊണ്ട് കാര്യമില്ലെന്ന് മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും ബ്ലിങ്കനെ അറിയിച്ചതായാണ് വിവരം. ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാർ യാഥാർഥ്യമാകാതെ മേഖലയിലെ സംഘർഷം അവസാനിക്കില്ലെന്ന് വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ കിർബി പറഞ്ഞു. ബന്ദികളുടെ മോചനത്തിന് കരാർ അല്ലാതെ മറ്റു വഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഫിലാഡെൽഫി, നെത്‌സറീം ഇടനാഴികളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കയാണ് ഇസ്രായേൽ. ഗസ്സയിൽ പിന്നിട്ട 24 മണിക്കൂറിനിടെ 20 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 54 പേർക്ക് പരിക്കേറ്റു.