World
gaza school attack
World

വെടിനിർത്തൽ കരാറിനോട് അടുത്തതായി യു.എസ്; ആറാഴ്ചക്കുശേഷം ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ

Web Desk
|
18 Aug 2024 1:24 AM GMT

സൈന്യത്തെ ഇസ്രായേൽ പൂർണമായും പിൻവലിക്കാതെ ഒരു കരാറിലും ഒപ്പിടില്ലെന്ന് ആവർത്തിച്ച് ഹമാസ്

ദുബൈ: കൈറോ ചർച്ചയിലൂടെ ഗസ്സയിൽ വെടിനിർത്തൽ കരാർ നടപ്പാകുമെന്ന പ്രതീക്ഷയിൽ അമേരിക്ക. അടുത്തയാഴ്ച ആവസാനത്തോടെ കൈറോയിൽ ​വെടിനിർത്തൽ കരാർ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ്​ അമേരിക്ക വ്യക്​തമാക്കുന്നത്​. ഇതാദ്യമായി കരാറിനോട്​ അടുത്തെത്തിയിരിക്കുകയാണെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ പറഞ്ഞു.

വെടിനിർത്തൽ ചർച്ചക്കുശേഷം ദോഹയിൽനിന്ന്​ മടങ്ങിയെത്തിയ സംഘവുമായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആശയവിനിമയം നടത്തി. വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കുമെങ്കിലും ആറാഴ്ചക്കുശേഷം ആക്രമണം പുനരാരംഭിക്കാൻ രേഖാമൂലമുള്ള ഉറപ്പ്​ വേണ​മെന്ന് നെതന്യാഹു അമേരിക്കയോട്​ ആവശ്യപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

അതേസമയം, ​സൈന്യത്തെ ഇസ്രായേൽ പൂർണമായും പിൻവലിക്കാതെ ഒരു കരാറിലും ഒപ്പിടില്ലെന്ന് ഹമാസ് ആവർത്തിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന്​ ഇസ്രായേലിൽ എത്തും. ഗസ്സ യുദ്ധത്തിനിടെ ബ്ലിങ്കൻ നടത്തുന്ന പത്താമത് ഇസ്രായേൽ സന്ദർശനം കൂടിയാണിത്.

ചർച്ചകൾക്കിടയിലും ഗസ്സയിൽ വ്യാപക ആക്രമണം തുടരുകയാണ്​ ഇസ്രായേൽ. ഖാൻ യൂനുസിൽ നിന്നും മറ്റും കൂടുതൽ ഫലസ്തീനികളെ ഇസ്രായേൽ സേന ഒഴിപ്പിച്ചു. ലബനാൻ - ഇസ്രായേൽ സംഘർഷവും രൂക്ഷമാണ്​. അറുപതിലേറെ മിസൈലുകൾ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്​ബുല്ല അയച്ചു. ആറ്​ സൈനികർക്ക്​ പരിക്കേറ്റതായി ഇസ്രായേൽ സേന അറിയിച്ചു. ദക്ഷിണ ലബനാനിലെ ഹിസ്​ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണത്തിൽ നാല്​ പേർ മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്​.

അതിനിടെ, ഗസ്സയിൽ കാൽനൂറ്റാണ്ടിനിപ്പുറം ആദ്യ പോളിയോ കേസ്​ റിപ്പോർട്ട്​ ചെയ്​തിരിക്കെ, കുഞ്ഞുങ്ങൾക്ക്​ അടിയന്തരമായി വാക്സിൻ നൽകാൻ ഒരാഴ്​ച വെടിനിർത്തൽ അനിവാര്യമാണെന്ന്​ ഐക്യരാഷ്ട സംഘടന ആവർത്തിച്ചു. രണ്ട് ഘട്ടമായി ഗസ്സയിൽ വാക്സിനേഷൻ കാമ്പയിൻ നടത്താനാണ് യു.എൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗസ്സയിലേക്ക് 1.6 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ എത്തിക്കും.

Similar Posts