ലബനാനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ, തിരിച്ചടിച്ച് ഹിസ്ബുല്ല; കൂടുതൽ സൈന്യത്തെ അയക്കാൻ അമേരിക്ക
|മിഡിൽ ഈസ്റ്റിലേക്ക് കൂടുതല്‍ സൈനികരെ അയക്കാനാണ് അമേരിക്ക തയ്യാറെടുക്കുന്നത്.
ന്യൂയോർക്ക്: ഗസ്സക്ക് പിന്നാലെ ലബനാന് നേരെ ഇസ്രായേൽ തിരിഞ്ഞതും ഹിസ്ബുല്ലയുടെ തിരിച്ചടിയും കനക്കുന്നതിനിടെ സൈനിക നീക്കവുമായി അമേരിക്ക. മിഡിൽ ഈസ്റ്റിലേക്ക് കൂടുതല്‍ സൈനികരെ അയക്കാനാണ് അമേരിക്ക തയ്യാറെടുക്കുന്നത്. പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസിന് ഇപ്പോൾ തന്നെ, ഈ മേഖലയിൽ ഏകദേശം 40,000 സൈനികരുണ്ട്.
അതേസമയം എത്ര സൈനികരെയാണ് അധികമായി അയക്കുന്നത് എന്നും എന്താണ് അവരുടെ ചുമതല എന്നും പെന്റഗണ്‍ വ്യക്തമായിപ്പറയുന്നില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇക്കാര്യം അവര്‍ വെളിപ്പെടുത്താത്തത്. എന്നാൽ യുദ്ധം വ്യാപിക്കുകയാണെങ്കിൽ അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്ന ചുമതല കൂടി ഈ സംഘത്തിനുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
യുദ്ധം ഒഴിവാക്കുന്നതിന് തങ്ങളാൽ കഴിയുന്നതെന്തും ചെയ്യാമെന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ പങ്കുവെക്കുന്നത്. സംഘർഷം പൂർണ യുദ്ധത്തിലേക്ക് വഴിമാറിയേക്കാമെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ബെയ്റൂത്തിലെ യുഎസ് പൗരന്മാരോട് രാജ്യംവിടാൻ യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഹിസ്ബുല്ലയെ നേരിടുന്നതുമായി ബന്ധപ്പെട്ട്, വ്യക്തമായ പദ്ധതി ഇസ്രായേലിന്റെ കൈവശം ഇല്ലാത്തത് അമേരിക്കൻ ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധസമയത്തും ഈ പ്രശ്നം ഉയർന്നുവന്നിരുന്നു.
തിങ്കളാഴ്ച മാത്രം, 500ന് അടുത്ത് ആളുകള്‍ കൊല്ലപ്പെടുകയും 1,600ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ലബനാനില്‍ വ്യോമാക്രമണം വിപുലീകരിക്കും എന്ന സന്ദേശമാണ് ഇസ്രായേല്‍ നല്‍കുന്നത്. വരും ദിവസങ്ങളില്‍ ആക്രമണം രൂക്ഷമാകാനാണ് സാധ്യത. മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച് ഹിസ്ബുല്ലയും തിരിച്ചടിക്കുന്നുണ്ട്. ഇസ്രായേല്‍ വ്യോമതാവളങ്ങളെയാണ് ഹിസ്ബുല്ല ഏറ്റവുമൊടുവില്‍ ആക്രമിച്ചത്.
മെഗിദ്ദോ സൈനിക വിമാനത്താവളത്തിന് നേരെയും ഇസ്രായേലിന്റെ വടക്കുഭാഗത്തുള്ള റമാത്ത് ഡേവിഡ് എയർബേസിനും നേരെയും മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.
അതേസമയം ബൈഡൻ ഭരണകൂടവും ഇസ്രായേൽ സർക്കാർ ഉദ്യോഗസ്ഥരും ഇടയ്ക്കിടെ കണ്ടുമുട്ടുമ്പോള്‍, സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇസ്രായേല്‍ പങ്കിടുന്നില്ലെന്ന പരിഭവം അടുത്തിടെ രണ്ട് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ പങ്കുവെച്ചിരുന്നു. സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്നാണ് ഇസ്രായേൽ-ഗസ്സ യുദ്ധത്തിന്റെ ആരംഭസമയത്ത് തന്നെ അമേരിക്ക വ്യക്തമാക്കിയിരുന്നത്.
എന്നാൽ വെടിനിർത്തലുമായി ബന്ധപ്പെട്ടും മറ്റും ആത്മാർഥമായ ശ്രമങ്ങളല്ല അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നാണ് വിമര്‍ശനം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യനാഹുവിന്റെ വാശികൾക്ക് മുന്നിൽ അമേരിക്ക മുട്ടുമടക്കുകയാണന്ന വിമര്‍ശനവും ഒരു ഭാഗത്തുണ്ട്.