ചെങ്കടലിൽ അമേരിക്കൻ കപ്പല്‍ വീണ്ടും ഹൂതികള്‍ ആക്രമിച്ചു: മേഖല കൂടുതൽ പ്രക്ഷുബ്ധമാകുന്നു
|യുദ്ധവ്യാപനം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക
ദുബൈ: ചെങ്കടലിൽ അമേരിക്കൻ കപ്പല്‍ വീണ്ടും ഹൂതികള്‍ ആക്രമിച്ചതോടെ മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകുന്നു. കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികള്‍ക്ക് ബ്രിട്ടന് മുന്നറിയിപ്പ് നല്കി. ഗസയില്‍ രണ്ട് ബന്ദികള്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേര് കൂടി ഗസയില്‍ കൊല്ലപ്പെട്ടു.
അമേരിക്കയിലെ കണേറ്റിക്കട്ട് ആസ്ഥാനമായ കമ്പനിക്ക് ചുവടെയുള്ള ഈഗിൾ ജബ്രാൾട്ടർ എന്ന കപ്പലിനു നേരെയാണ് ആക്രമണം നടന്നത്. ഗസ്സ അതിക്രമത്തിൽ ഇസ്രായേലിന് പിന്തുണയേകി ചെങ്കടലിൽ റോന്തുചുറ്റുന്ന പടക്കപ്പൽ യു.എസ്.എസ് ലബൂണിനുനേരെയും ഞായറാഴ്ച വൈകീട്ട് ഹൂതികൾ മിസൈൽ തൊടുത്തിരുന്നു.
എന്നാൽ, അമേരിക്കൻ യുദ്ധവിമാനങ്ങൾ മിസൈൽ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇസ്രായേൽ ഉടമസ്ഥതയിലുള്ളതും ഇസ്രായേൽ ലക്ഷ്യമിട്ട് നീങ്ങുന്നതുമായ കപ്പലുകൾക്ക് നേരെ ഇനിയും ആക്രമണം ഉറപ്പാണെന്ന ഹൂതികൾ താക്കീത് ചെയ്തു. അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ ഹൂതി സൈനിക കേന്ദ്രങ്ങളിൽ കഴിഞ്ഞയാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു.
യുദ്ധവ്യാപനം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക, കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. ഗസ്സയിൽ നിന്ന് ഇസ്രായേൽ സേനയുടെ 36-ാം ഡിവിഷൻ പിൻവാങ്ങും. ഒരു വിഭാഗം സൈനികരെ വെസ്റ്റ് ബാങ്കിൽ സുരക്ഷക്കായി വിന്യസിക്കുമെന്നും സൈന്യം വ്യക്തമാക്കി.
അതെ സമയം ഇസ്രായേലിനെ ഞെട്ടിച്ച് തെൽഅവീവിൽ ഇന്നലെ ജനക്കൂട്ടത്തിനുനേരെ ആക്രമണം നടന്നു. വടക്കൻ തെൽഅവീവിലെ റഅനാനയിൽ തട്ടിയെടുത്ത കാറുകളുമായി രണ്ടുപേർ ആളുകൾക്കിടയിലേക്ക് ഓടിച്ചുകയറ്റി. ഒരു സ്ത്രീ മരിക്കുകയും 12 പേർക്ക്പരിക്കേൽക്കുകയും ചെയ്തു. നാലുപേരുടെ നില ഗുരുതരമാണ്.
അനധികൃതമായി ഇസ്രായേലിൽകടന്ന വെസ്റ്റ്ബാങ്ക് ഹെബ്രോൺ സ്വദേശികളായ രണ്ടുപേരാണ് സംഭവത്തിനു പിന്നിലെന്നും ഇവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അതിർത്തിയിൽ പരിശോധന കർശനമാക്കിയിട്ടും ഇവർ എങ്ങനെ ഇസ്രായേൽ നഗരത്തിൽ കടന്നുവെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2024ലെ ഭേദഗതി വരുത്തിയ ബജറ്റ് ഇസ്രായേൽ മന്ത്രിസഭ പാസാക്കി. ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട് 15 ബില്യൻ ഡോളർ അധികചെലവ് കൂടി വകയിരുത്തുന്നതാണ് ബജറ്റ്. പിന്നിട്ട 24 മണിക്കൂറിനിടെ 132 പേർ കൂടി മരിച്ചതോടെ ഗസ്സയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 24,100 ആയി. പരിക്കേറ്റവർ 60,834 പേർ. തുർക്കിയിൽ അറസ്റ്റിലായ ഇസ്രായേൽ ഫുട്ബാൾ താരം സഗിവ് ഗെഹസ്കലിനെ കോടതി വിട്ടയച്ചു.