World
ആഗസ്റ്റ് 31 നകം അഫ്ഗാന്‍ വിടണമെന്ന താലിബാന്‍ അന്ത്യശാസനം തള്ളി അമേരിക്ക
World

ആഗസ്റ്റ് 31 നകം അഫ്ഗാന്‍ വിടണമെന്ന താലിബാന്‍ അന്ത്യശാസനം തള്ളി അമേരിക്ക

Web Desk
|
26 Aug 2021 7:07 AM GMT

എണ്‍പതിനായിരത്തോളം പേര്‍ ഇതുവരെയായി അഫ്ഗാനില്‍ നിന്നും പുറത്തുകടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആഗസ്റ്റ് മുപ്പത്തിയൊന്നോടു കൂടി വിദേശ സൈന്യം അഫ്ഗാന്‍ വിടണമെന്ന താലിബാന്‍ അന്ത്യശാസനം തള്ളി അമേരിക്ക. ഒഴിപ്പിക്കല്‍ പുരോഗമിക്കുകയാണെന്ന് അറിയിച്ച അമേരിക്ക, രാജ്യം വിട്ടുപോകാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സൈന്യത്തെയും പൗരന്‍മാരെയും പൂര്‍ണമായും ഒഴിപ്പിക്കുന്നത് ആഗസ്റ്റ് കഴിഞ്ഞും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സൗകര്യമൊരുക്കുമെന്നും, വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് വരെ ഒഴിപ്പിക്കല്‍ തുടരുമെന്നുമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലീങ്കന്‍ പറഞ്ഞത്. രാജ്യം വിടുന്നവര്‍ക്ക് സുരക്ഷിത മാര്‍ഗമൊരുക്കാന്‍ താലിബാന്‍ പ്രിതജ്ഞാബദ്ധമാണെന്നും അമേരിക്ക പറഞ്ഞു.

ഭീകരാക്രമണ സാധ്യത മുന്നില്‍കണ്ട് കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ വരുന്നത് അമേരിക്ക താത്കാലികമായി വിലക്കിയിരിക്കുകയാണ്.

എന്നാല്‍, ആഗസ്റ്റ് മുപ്പത്തിയൊന്നിനകം അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാന്‍ വിടണമെന്നാണ് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതു രണ്ടാം തവണയാണ് താലിബാന്‍ അന്ത്യശാസനം ആവര്‍ത്തിക്കുന്നത്. സമയപരിധി മുന്നോട്ടുവെച്ചത് അമേരിക്കയാണ്, കാലാവധി ലംഘിച്ചാല്‍, അതിന്റെ പരിണിതി നേരിടേണ്ടി വരുമെന്നും താലിബാന്‍ അറിയിച്ചു.

അമേരിക്കയുടെയും നാറ്റോയുടെയും പതിനായിരത്തോളം സൈനികരാണ് അഫ്ഗാനിലുള്ളത്. ഇവര്‍ക്കു പുറമെ വിദേശ സിവിലിയന്‍മാരും രാജ്യം വിടാന്‍ കാത്തുകിടക്കുകയാണ്. ഇവരെല്ലാവരെയും മാസാവസാനത്തോടെ പുറത്ത് എത്തിക്കാനാകുമോ എന്നുള്ള കാര്യം സംശയകരമാണ്.

ആഗസ്റ്റ് പതിനഞ്ചിന് കാബൂള്‍ പിടിച്ച്, താലിബാന്‍ അധികാരമേറ്റെടുത്ത ശേഷം രാജ്യത്തു നിന്നും പുറത്തുപോകുന്നവരുടെ വലിയ ഒഴുക്കാണ് നടന്നത്. എണ്‍പതിനായിരത്തോളം പേര്‍ ഇതുവരെയായി അഫ്ഗാനില്‍ നിന്നും പുറത്തുകടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Similar Posts