![Spicy Chip Challenge,Cardiac Arrest,US ,spicy tortilla chip,world news,ടോര്‍ട്ടില്ല ചിപ്പ്,വണ്‍ചിപ്പ് ചലഞ്ച്,കാലിഫോര്‍ണിയ Spicy Chip Challenge,Cardiac Arrest,US ,spicy tortilla chip,world news,ടോര്‍ട്ടില്ല ചിപ്പ്,വണ്‍ചിപ്പ് ചലഞ്ച്,കാലിഫോര്‍ണിയ](https://www.mediaoneonline.com/h-upload/2024/05/17/1424005-one-chip.webp)
'സ്‌പെസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
പത്താംക്ലാസുകാരന്റെ മരണത്തിന് പിന്നാലെ ചിപ്പ് കമ്പനി പിൻവലിക്കുകയും ചെയ്തു
ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ വൈറലായ 'സ്‌പെസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്ത പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. യു.എസിലാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിലെ 'വൺ ചിപ്പ് ചലഞ്ചിൽ' പങ്കെടുത്ത മസാച്യുസെറ്റ്സ് സ്വദേശി ഹാരിസ് വോലോബയാണ് മരിച്ചത്. വളരെ എരിവേറിയ ടോർട്ടില്ല ചിപ്പ് കഴിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
സെപ്തംബറിൽ മരിച്ച ഹാരിസ് വോലോബയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. മുളകിലടങ്ങിയ ക്യാപ്‌സൈസിൻ കൂടുതലായി ശരീരത്തെത്തിയതിനെ തുടർന്നാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഹാരിസിന് ഹൃദയം വലുതാകുന്ന കാർഡിയോമെഗാലി എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നു. ഇതും മരണത്തിന് കാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഹാരിസ് വോലോബയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി സ്‌പൈസി ചിപ്പ് നിർമാതാക്കളായ പാക്വി അറിയിച്ചു. പത്താംക്ലാസുകാരന്റെ മരണത്തിന് പിന്നാലെ ചിപ്പ് കമ്പനി പിൻവലിക്കുകയും ചെയ്തു. 10 ഡോളറാണ് ഒരു പാക്വി ചിപ്പിന്‍റെ വില. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള ബോക്‌സിലാണ് ഇത് പാക് ചെയ്ത് വിപണിയിലെത്തുന്നത്. കുട്ടികൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുണ്ടായിട്ടും ചിപ്പ് ചലഞ്ചിൽ നിരവധി കൗമാരക്കാർ പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കാലിഫോർണിയയിൽ വൺചിപ്പ് ചലഞ്ചിന് ശ്രമിച്ച മൂന്ന് ഹൈസ്‌കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്‌പൈസി ചിപ്പ് കഴിച്ചതിന് ശേഷം വെള്ളവും മറ്റ് ഭക്ഷണവും കഴിക്കാതെ എത്രനേരം പിടിച്ചുനിൽക്കാൻ കഴിയുമെന്നതാണ് വൺ ചിപ്പ്ചലഞ്ച്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതാണ് ചിപ്പിന്റെ വിൽപ്പനയിൽ പ്രധാനപങ്കുവഹിക്കുന്നത്.