World
18 മാസത്തെ യാത്രാവിലക്ക് നീക്കി അമേരിക്ക; നവംബര്‍ മുതല്‍ യുഎസിലേക്ക് പറക്കാം
World

18 മാസത്തെ യാത്രാവിലക്ക് നീക്കി അമേരിക്ക; നവംബര്‍ മുതല്‍ യുഎസിലേക്ക് പറക്കാം

Web Desk
|
21 Sep 2021 4:02 AM GMT

രണ്ട് ഡോസ് വാക്സിനും എടുത്ത വിദേശികള്‍ക്ക് നവംബര്‍ മുതല്‍ അമേരിക്കയില്‍ പ്രവേശിക്കാം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. രണ്ട് ഡോസ് വാക്സിനും എടുത്ത വിദേശികള്‍ക്ക് നവംബര്‍ മുതല്‍ അമേരിക്കയില്‍ പ്രവേശിക്കാം.

പുതിയൊരു സമീപനം സ്വീകരിക്കാനൊരുങ്ങുകയാണ് പ്രസിഡന്‍റ് ജോ ബൈഡനെന്ന് കൊറോണ വൈറസ് റെസ്പോണ്‍സ് കോഡിനേറ്റര്‍ ജെഫ്രി സിയന്‍സ് പറഞ്ഞു. നവംബര്‍ മുതല്‍ യാത്രാവിലക്കിലെ ഇളവ് പ്രാബല്യത്തില്‍ വരും. 18 മാസം മുമ്പ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളിലാണ് ബൈഡന്‍ ഇളവ് വരുത്തുന്നത്. യാത്രാവിലക്ക് നീക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നിരന്തരം ഉയര്‍ന്ന ആവശ്യം അംഗീകരിച്ചിരിക്കുകയാണ് ബൈഡന്‍. പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയ വിദേശ പൗരന്മാരെ മാത്രമേ അമേരിക്കയില്‍ പ്രവേശിപ്പിക്കൂ എന്ന് ജെഫ്രി സിയന്‍സ് പറഞ്ഞു.

ചൈനയും റഷ്യയുമെല്ലാം വികസിപ്പിച്ച വാക്സിന്‍ എടുത്തവര്‍ക്ക് യാത്രാ ഇളവ് ലഭിക്കുമോ അതോ യുഎസ് അംഗീകൃത വാക്സിന്‍ തന്നെ നിര്‍ബന്ധമാണോ എന്ന് വ്യക്തമല്ല. യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിയന്‍സ് അറിയിച്ചു. വിമാനത്തില്‍ കയറും മുന്‍പ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും മൂന്ന് ദിവസത്തിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത അമേരിക്കക്കാർക്ക് ഇപ്പോഴും യുഎസിലേക്ക് വരാം. യാത്രയ്ക്ക് ഒരു ദിവസത്തിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും.

കോവിഡ് വ്യാപനം തടയാനുള്ള സുരക്ഷാ സംവിധാനങ്ങൾ തുടരും. വിമാനത്തില്‍ മാസ്ക് നിര്‍ബന്ധമാണ്. മറ്റ് നിര്‍ദേശങ്ങള്‍ വിമാനത്തില്‍ വെച്ച് നല്‍കും. ഇതിനകം 6,75,000 അമേരിക്കന്‍ പൌരന്മാര്‍ കോവിഡ് ബാധിച്ച് മരിച്ചു. പുതിയ യാത്രാ സമ്പ്രദായം അമേരിക്കക്കാരുടെ അന്താരാഷ്ട്ര വിമാന യാത്ര സുരക്ഷിതമാക്കുമെന്നും സിയന്‍സ് അറിയിച്ചു.

യൂറോപ്യൻ യൂണിയനിലേക്കും ബ്രിട്ടനിലേക്കുമുള്ള അതിര്‍ത്തികള്‍ ബൈഡന്‍ തുറക്കും എന്നായിരുന്നു നിഗമനം. എന്നാല്‍ എല്ലാ അന്താരാഷ്ട്ര യാത്രകളും സ്വാഗതം ചെയ്യുകയാണ് അമേരിക്ക. അമേരിക്കന്‍ പൌരന്മാര്‍ക്കും പ്രത്യേക വിസയുള്ള വിദേശികള്‍ക്കും മാത്രമാണ് കഴിഞ്ഞ 18 മാസമായി അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നത്.

യാത്രാനിരോധനം നീക്കുന്നതോടെ രണ്ട് വര്‍ഷമായി അകന്നുനില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പരസ്പരം കാണാന്‍ കഴിയും. യാത്രാവിലക്ക് നീക്കിയതില്‍ നന്ദിയുണ്ടെന്നും 18 മാസത്തിന് ശേഷം തനിക്ക് മകളെ കാണാന്‍ കഴിയുമെന്നും സാന്‍ഫ്രാന്‍സിസ്കോയില്‍ താമസിക്കുന്ന ബ്രിട്ടീഷ് സംരംഭകന്‍ ഫില്‍ വൈറ്റ് പറഞ്ഞു. അമേരിക്കയിലെ ജർമൻ അംബാസഡർ എമിലി ഹാബര്‍ യുഎസ് തീരുമാനത്തെ മഹത്തായ തീരുമാനമെന്നാണ് വിശേഷിപ്പിച്ചത്.

Related Tags :
Similar Posts