'പ്രതിരോധത്തിനായി യുക്രൈന് സാമ്പത്തിക സഹായം നൽകാൻ അമേരിക്ക ആഗ്രഹിക്കുന്നു' : യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ
|റഷ്യയുടെ ആക്രമണത്തിൽ ആദ്യദിനം യുക്രൈനിൽ 137 പേർ കൊലപ്പെട്ടെന്നാണ് വിവരം
മാരകമായ പ്രതിരോധ ആയുധങ്ങൾ വാങ്ങിക്കുന്നതിനായി 600 മില്ല്യൺ ഡോളർ യുക്രൈന് സാമ്പത്തിക സഹായം നൽകാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്ന് യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി. യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അവരുടെ പരാമർശം. യുക്രൈൻ പൗരന്മാരെ സഹായിക്കുകായെന്നത് തങ്ങളുടെ ഉത്തരാവാദിത്തമാണെന്നും നാൻസി പെലോസി വ്യക്തമാക്കി.
യുക്രൈനിലേക്ക് അമേരിക്ക സൈന്യത്തെ അയക്കില്ലെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. എന്നാൽ അമേരിക്ക യുക്രൈന് സാമ്പത്തിക സഹായം നൽകിയേക്കും എന്ന് വ്യക്തമാക്കുന്ന പരാമർശങ്ങശളാണ് യു.എസ് അധികൃതരിൽ നിന്നുണ്ടാകുന്നത്. റഷ്യക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ തന്നെയാണ് അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും തീരുമാനം.
റഷ്യയുടെ ആക്രമണത്തിൽ ആദ്യദിനം യുക്രൈനിൽ 137 പേർ കൊലപ്പെട്ടെന്നാണ് വിവരം. യുക്രൈനിലെ സൈനികനടപടിയുടെ ആദ്യദിനം വിജയകരമെന്ന് റഷ്യൻ സൈന്യം അറിയിച്ചു. യുക്രൈനിന്റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. അതേസമയം റഷ്യക്ക് തിരിച്ചടി നൽകിയുട്ടുണ്ടെന്നും 50 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു.
ചെർണോബിൽ ആണവനിലയം ഉൾപ്പെടുന്ന മേഖലയും റഷ്യൻ സൈന്യം പിടിച്ചെടുത്തു. യുക്രൈന്റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവനിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന യുക്രൈൻ സൈന്യത്തെ ബന്ധികളാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് കൂടുതൽ റഷ്യൻ സൈന്യത്തെ വിന്യസിക്കുന്നതായും റിപ്പോർട്ടുണ്ട്. റഷ്യയെ സംരക്ഷിക്കാൻ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം.
എന്നാൽ സ്വാതന്ത്യം ഇല്ലാതാക്കി ജീവിതം നശിപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും പിന്തിരിഞ്ഞോടില്ലെന്നും യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി മുന്നറിയിപ്പ് നൽകി. ഏകദേശം ഒരു ലക്ഷം യുക്രേനിയൻ പൗരന്മാർ പാലായനം ചെയ്തതതായാണ് യുഎൻ അഭയാർഥി ഏജൻസിയുടെ റിപ്പോർട്ട്. യുക്രൈൻ അധിനിവേശത്തിനെതിരെ ലോകവ്യാപക പ്രതിഷേധവും ശക്തമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നാറ്റോ ഇന്ന് യോഗം ചേരും.