നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് വിവിധ രാജ്യങ്ങൾ; പ്രതിസന്ധിയിൽ ഇസ്രായേൽ
|124 രാജ്യങ്ങളാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗങ്ങളായിട്ടുള്ളത്
ആംസ്റ്റർഡാം: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻറിനും എതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതോടെ ഇസ്രായേൽ പ്രതിസന്ധിയിൽ. തങ്ങളുടെ നാട്ടിൽ പ്രവേശിച്ചാൽ ഇവരെ അറസ്റ്റ് ചെയ്ത് കോടതിക്ക് കൈമാറുമെന്ന് വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചു. ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനെതിരെയും അറസ്റ്റ് വാറൻറുണ്ട്.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ഗസ്സയിലെ യുദ്ധക്കുറ്റങ്ങളും ആരോപിച്ചാണ് നെതന്യാഹുവിനും ഗാലൻറുമെതിരായ ഐസിസിയുടെ നടപടി. ഇസ്രായേൽ കോടതിയുടെ ഭാഗമല്ല. എന്നാൽ, ഇതിൽ അംഗമായ രാജ്യങ്ങൾ ഈ ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥരാണ്.
ഐസിസി സ്ഥാപിച്ച റോം ചട്ടത്തിൽ ആറ് ഭൂഖണ്ഡങ്ങളിലായി 124 രാജ്യങ്ങളാണുള്ളത്. ഈ രാജ്യങ്ങൾ അറസ്റ്റ് വാറൻറ് നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകൻ ജോനാഥൻ കുട്ടബ് പറയുന്നു. ‘ജനങ്ങൾ അത് അനുസരിക്കുമെന്ന അനുമാനത്തിലാണ് നിയമം പ്രവർത്തിക്കുന്നത്. അങ്ങനെയാണ് എല്ലാ നിയമങ്ങളും ഉണ്ടാക്കിയിട്ടുള്ളത്. എല്ലാവരും നിയമത്തെ മാനിക്കുമെന്ന് പ്രതീക്ഷിക്കാം. നിയമത്തെ മാനിക്കാത്തത് നിയമം ലംഘിക്കുന്നതിന് തുല്യമാണ്’ -ജോനാഥൻ കുട്ടബ് അൽ ജസീറയോട് പറഞ്ഞു.
കോടതിയുടെ അറസ്റ്റ് വാറൻറിനെ രാജ്യങ്ങൾ അവഗണിക്കില്ലെന്നാണ് പ്രതികരണങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. ഇസ്രായേലിെൻറ പല സഖ്യകക്ഷികളും, പ്രത്യേകിച്ച് യൂറോപ്യൻ യൂനിയനടക്കം അറസ്റ്റ് വാറൻറ് നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് അറിയിച്ചിട്ടുണ്ട്.
അതിനാൽ തന്നെ നേരത്തേത് പോലെ സ്വതന്ത്രമായി യാത്ര ചെയ്യാൻ ഇനി നെതന്യാഹുവിന് സാധ്യമാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അമേരിക്കയും കോടതിയുടെ ബാധകമല്ല. അതിനാൽ തന്നെ ഇവിടേക്ക് ഇരുവരും പോയാലും അവരെ അറസ്റ്റ് ചെയ്ത് കൈമാറില്ല.
സ്വന്തമായി പൊലീസില്ലാത്തതിനാൽ ഐസിസിക്ക് നേരിട്ട് ഇവരെ അറസ്റ്റ് ചെയ്യാനാകില്ല എന്നതാണ് മറ്റൊരു കാര്യം. 2023ൽ യുക്രെയ്ൻ അധിനിവേശത്തിെൻറ പേരിൽ റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന് നേരെയും കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, പുടിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
അറസ്റ്റ് ചെയ്ത് ഹാജരാക്കിയാൽ കോടതിക്ക് വിചാരണ തുടങ്ങാനാകും. അറസ്റ്റ് നടന്നില്ലെങ്കിൽ വിചാരണയുമുണ്ടാകില്ല. കുറ്റവാളികളുടെ അസാന്നിധ്യത്തിൽ വിചാരണ ചെയ്യാൻ കോടതിക്ക് അധികാരമില്ല.
യൂറോപ്പിൽനിന്ന് 42 രാജ്യങ്ങൾ
ഐസിസിയിൽ അംഗമായ 124 രാജ്യങ്ങളിൽ ഏറ്റവും കൂടുതലുള്ളത് യൂറോപ്പിൽനിന്നാണ്, 42. ആഫ്രിക്കയിൽനിന്ന് 33ഉം ഏഷ്യ പസഫിസ് മേഖലയിൽനിന്ന് 20ഉം തെക്കൻ അമേരിക്കയിൽനിന്നായി 29 രാജ്യങ്ങളും ഇതിെൻറ ഭാഗമാാണ്. ഇന്ത്യ ഇതിെൻറ ഭാഗമല്ല.
യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്വീഡൻ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം നെതന്യാഹു സന്ദർശിച്ചാൽ അറസ്റ്റ് ചെയ്യാൻ സാധിക്കും. ഇസ്രായേലിെൻറ അയൽരാജ്യങ്ങളായ ഫലസ്തീൻ, ജോർഡൻ എന്നിവയും ഇതിൽ ഉൾപ്പെടും. 2002ൽ സ്ഥാപിതമായ ഐസിസിയിൽ 2015ലാണ് ഫലസ്തീൻ അംഗമാകുന്നത്.
ഐസിസിയുടെ അറസ്റ്റ് വാറൻറിനെ ഇസ്രായേലും അമേരിക്കയും എതിർത്തപ്പോൾ, പിന്തുണച്ച് നിരവധി രാജ്യങ്ങളാണ് രംഗത്തുവന്നിട്ടുള്ളത്. ഐസിസിയുടെ വിധി മാനിക്കുകയും നടപ്പാക്കുകയും വേണമെന്ന് ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി പറഞ്ഞു. ഫലസ്തീൻ നീതി അർഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക എന്നത് നിർബന്ധമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അന്താരാഷ്ട്ര വിധികൾ കാനഡ പാലിക്കുമെന്നും അദ്ദേഹം പറയുന്നു. ഐസിസിയുടെ ഭാഗമായ രാജ്യം കൂടിയാണ് കാനഡ.
കോടതി തീരുമാനത്തെ ദക്ഷിണാഫ്രിക്കൻ സർക്കാരും സ്വാഗതം ചെയ്തു. ഫലസ്തീനിലെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും അപ്പുറം നീതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധത തങ്ങൾ നിലനിർത്തും. നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കാനും ആഗോള സമൂഹത്തോട് ആവശ്യപ്പെടുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഐസിസിയുടെ വാറൻറ് രാഷ്ട്രീയ പ്രേരിതമല്ലെന്നും അത് നടപ്പാക്കുകയും മാനിക്കുകയും വേണമെന്നും യൂറോപ്യൻ യൂനിയെൻറ വിദേശനയ തലവൻ ജോസഫ് ബോറെൽ വ്യക്തമാക്കി. യൂറോപ്യൻ യൂനിയനിലെ എല്ലാ അംഗങ്ങളും അറസ്റ്റ് വാറൻറ് നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. നെതന്യാഹുവും ഗാലൻറും തങ്ങളുടെ രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്ത് കൈമാറുമെന്ന് സ്വിറ്റ്സർലൻഡും അറിയിച്ചു. നെതർലാൻഡ്സ്, ഫ്രാൻസ്, നോർവേ, സ്വീഡൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളും അറസ്റ്റ് വാറൻറിനെ അനകൂലിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.