World
15കാരിയെ കാണാതായത് 1983ൽ; 40 വർഷത്തിന് ശേഷം അന്വേഷണം ആരംഭിച്ച് വത്തിക്കാൻ
World

15കാരിയെ കാണാതായത് 1983ൽ; 40 വർഷത്തിന് ശേഷം അന്വേഷണം ആരംഭിച്ച് വത്തിക്കാൻ

Web Desk
|
10 Jan 2023 4:54 PM GMT

പുതിയ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു എന്തായിരിക്കും എന്നതിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു.

വത്തിക്കാൻ സിറ്റി: കൗമാരക്കാരിയെ കാണാതായ കേസിൽ 40 വർഷത്തിനു ശേഷം അന്വേഷണം ആരംഭിച്ച് വത്തിക്കാൻ. എമനുവേല ഒർലാൻഡിയെന്ന 15കാരിയുടെ തിരോധാന കേസിലാണ് നാല് പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ അധികൃതർ അന്വേഷണം തുടങ്ങിയിരിക്കുന്നത്. വത്തിക്കാനിലെ ജീവനക്കാരിയായിരുന്ന ഒർലാൻഡിയെ റോമിലെ മ്യൂസിക് ക്ലാസിൽ വച്ച് 1983 ജൂൺ 22നാണ് കാണാതായത്.

രാജ്യമൊട്ടാകെ എണ്ണമറ്റ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ഈ തിരോധാനം നെറ്റ്ഫ്ലിക്സിൽ ഹിറ്റായ വത്തിക്കാൻ ​ഗേൾ എന്ന പരമ്പരയ്ക്കും പ്രമേയമായിരുന്നു. പതിറ്റാണ്ടുകളായി പെൺകുട്ടിക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും രാജ്യത്തിനകത്തും പുറത്തും പടർന്നു. തട്ടിക്കൊണ്ടുപോയതാകാമെന്നും തിരോധാനത്തിന് പിന്നിൽ വത്തിക്കാൻ ഗൂഢാലോചനയുണ്ടെന്നുമൊക്കെ ആരോപണമുയർന്നു. എന്നാൽ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല.

ഒർലാൻഡിയുടെ കുടുംബം സത്യം അറിയാനായി അക്ഷീണം പ്രയത്നം നടത്തി. അവരുടെ നിരന്തരം ആവശ്യം കൂടിയാണ് ഇപ്പോഴത്തെ അന്വേഷണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. "ഞങ്ങൾ അന്വേഷണം ആരംഭിച്ചു. അവളുടെ കുടുബത്തിന്റെ നിരന്തര അഭ്യർഥ മാനിച്ചാണിത്"- വത്തിക്കാൻ ചീഫ് പ്രോസിക്യൂട്ടർ അലെസാൻഡ്രോ ദിദ്ദി പറഞ്ഞു.

പുതിയ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു എന്തായിരിക്കും എന്നതിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു. "വത്തിക്കാൻ എന്ത് ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല. ഏത് പേപ്പറുകളാണ് അവർ പരിശോധിക്കാൻ ആഗ്രഹിക്കുന്നതെന്നും അറിയില്ല"- കുടുംബ അഭിഭാഷക ലോറ സ്ഗ്രോ പറഞ്ഞു.

"വത്തിക്കാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. "വർഷങ്ങളായി വത്തിക്കാനിലെ ഉന്നത വ്യക്തികൾ കേൾക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. പക്ഷേ നിർഭാഗ്യവശാൽ അവരിൽ ചിലർ ഇതിനോടകം മരിച്ചു."

വായ്‌പ തിരിച്ചുപിടിക്കാൻ വത്തിക്കാന് മേൽ സമ്മർദം ചെലുത്താൻ ഓർലാൻഡിയെ മോഷ്ടാക്കൾ തട്ടിയെടുത്തുവെന്നായിരുന്നു ഏറ്റവും വ്യാപകമായി പ്രചരിച്ച ആരോപണങ്ങളിലൊന്ന്. മഗ്ലിയാന സംഘത്തിന്റെ തലവനായ എൻറിക്കോ ഡി പെഡിസിന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് സംശയിക്കുകയും പിന്നീട് അയാൾ മരിച്ചപ്പോൾ ഇരുവരേയും ഒരു പള്ളിയുടെ ഖബർ സ്ഥാനിൽ തന്നെ അടക്കം ചെയ്തെന്ന് ചിലർ അനുമാനിക്കുകയും ചെയ്തു.

ഇറ്റാലിയൻ അധികാരികൾ 2012ൽ അദ്ദേഹത്തിന്റെ ശവകുടീരം തുറന്ന് അസ്ഥികളുടെ പെട്ടികൾ കണ്ടെത്തി. എന്നാൽ ഡി.എൻ.എ പരിശോധനയിൽ ഒർലാൻഡിയുമായി പൊരുത്തം കണ്ടെത്താനായില്ല. 2019ൽ, കുടുംബത്തിന്റെ അഭ്യർഥന പ്രകാരം മറ്റ് രണ്ട് ശവകുടീരങ്ങൾ തുറക്കാൻ വത്തിക്കാൻ സമ്മതിച്ചു. എന്നാൽ അവിടെയും ഓർലാൻഡിയുടേതെന്ന് നിശ്ചയിക്കാവുന്ന യാതൊരു അവശിഷ്ടവും കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് തിരോധാനത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്.

Similar Posts