ചൈനയിലെ കോവിഡ് കേസുകളുടെ വര്‍ധനവ് ആശങ്കയുണ്ടാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന
|പ്രതിവാര വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്
ജനീവ: ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.പ്രതിവാര വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്.
"രാജ്യത്തുടനീളമുള്ള ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലോകാരോഗ്യ സംഘടന ചൈനയെ പിന്തുണയ്ക്കുന്നു. കൂടാതെ ക്ലിനിക്കൽ പരിചരണത്തിനും ഞങ്ങൾ ഞങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു," ഡബ്ള്യൂ.എച്ച്.ഒ തലവന്‍ വ്യക്തമാക്കി. 2020 മുതൽ, 'സീറോ കോവിഡ്' നയത്തിന്റെ ഭാഗമായി ചൈന കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ പൊതുജന പ്രതിഷേധം വ്യാപകമാവുകയും ലോക്ഡൗണ്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ച സാഹചര്യത്തിലും ഡിസംബര്‍ ആദ്യം നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.
കേസുകള്‍ക്കൊപ്പം മരണനിരക്കും കൂടിയിട്ടുണ്ട്. വൈറസ് കാരണമുണ്ടാകുന്ന ശ്വാസതടസം മൂലം മരിച്ചവരെ മാത്രമേ കോവിഡ് മരണത്തില്‍ പെടുത്തുകയുള്ളുവെന്ന് ചൈനീസ് അധികൃതര്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ദിവസം കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ എമർജൻസി ചീഫ് മൈക്കൽ റയാൻ കൂടുതൽ പ്രതിരോധ കുത്തിവെപ്പുകളുടെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ബുധനാഴ്ച ലക്ഷണങ്ങളോടു കൂടിയ 3,030 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് മൂലമുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ചൈനയിലെ ഭൂരിഭാഗം ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഫാര്‍മസികളില്‍ മരുന്നുകള്‍ കിട്ടാനില്ല. പല ഉപഭോക്താക്കളും വെറുംകയ്യോടെ മടങ്ങുകയാണ്. ഷാങ്ഹായിലെ ഏറ്റവും വലിയ പൊതു ആശുപത്രികളിലൊന്നായ ടോംഗ്രെൻ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രിയുടെ ഇടനാഴികളിലാണ് കിടത്തിയിരിക്കുന്നത്.