ടൈറ്റാനികിന്‍റെ അവശിഷ്ടം കാണാന്‍ പോയ അന്തര്‍വാഹിനി കാണാനില്ല; തിരച്ചില്‍ തുടരുന്നു
|കടലിലേക്ക് പോയ ടൈറ്റന്‍ എന്ന അന്തര്‍വാഹിനി ഞായറാഴ്ച മുതലാണ് അപ്രത്യക്ഷമായത്
വാഷിംഗ്ടണ്‍: നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടലില്‍ മുങ്ങിപ്പോയ ആഡംബരക്കപ്പല്‍ ടൈറ്റാനികിന്‍റെ അവശിഷ്ടം കാണാന്‍ സഞ്ചാരികളെയും കൊണ്ടുപോയ അന്തര്‍വാഹിനി കാണാനില്ല. അഞ്ചു പേരുമായി കടലിലേക്ക് പോയ ടൈറ്റന്‍ എന്ന അന്തര്‍വാഹിനി ഞായറാഴ്ച മുതലാണ് അപ്രത്യക്ഷമായത്. യുഎസ് കോസ്റ്റ് ഗാർഡ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ കേപ് കോഡിന് 900 മൈൽ കിഴക്ക് മുങ്ങുന്നതിനിടെ കനേഡിയൻ ഗവേഷണ കപ്പലായ എംവി പോളാർ പ്രിൻസ് മുങ്ങിക്കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന് കപ്പലിനായി തിരച്ചിൽ നടത്തുകയാണെന്ന് കോസ്റ്റ് ഗാർഡ് തിങ്കളാഴ്ച സ്ഥിരീകരിച്ചു.രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാകുമെന്നാണ് ഗാര്‍ഡ് അറിയിക്കുന്നത്. കാലാവസ്ഥ, രാത്രിയിലെ വെളിച്ചക്കുറവ്, കടലിന്‍റെ അവസ്ഥ, ജലത്തിന്‍റെ താപനില എന്നിവയെല്ലാം ആശ്രയിച്ചിരിക്കും കടലിലെ തിരച്ചിലും രക്ഷാപ്രവർത്തനവും. ടൈറ്റനെ കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പല അണ്ടർവാട്ടർ വാഹനങ്ങളിലും ഒരു ശബ്ദസംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. പിംഗർ എന്നാണ് വിളിക്കുന്നത്. ഇത് രക്ഷാപ്രവർത്തകർക്ക് വെള്ളത്തിനടിയിൽ കണ്ടെത്താൻ കഴിയുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പിംഗള്‍ ടൈറ്റനുണ്ടോ എന്നത് വ്യക്തമല്ല. മുങ്ങിക്കപ്പലിന് ഒരു മണിക്കൂർ 45 മിനിറ്റിനുള്ളിൽ അതിന്‍റെ സപ്പോർട്ട് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരിക്കലും മുങ്ങില്ലെന്ന അവകാശവാദവുമായി യാത്ര തുടങ്ങിയ ടൈറ്റാനിക് 1912 ഏപ്രില്‍ 15നാണ് അതിന്‍റെ കന്നിയാത്രയില്‍ മഞ്ഞുമലയില്‍ ഇടിച്ച് കടലിനടിയിലേക്ക് മറഞ്ഞത്. ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരും മരിച്ചു. 703 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. മതിയായ രക്ഷാബോട്ടുകളുടെ അഭാവവും മഞ്ഞുപാളികളുള്ള അപകടമേഖലയിലെ അമിത വേഗതയുമാണ് അപകടകാരണമെന്ന് പിന്നീട് കണ്ടെത്തി. 1985ലാണ് ടൈറ്റാനികിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. വടക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തിൽ ഏകദേശം 14,000 അടി താഴ്ചയിലാണ് ടൈറ്റാനിക് അന്തിമനിദ്ര കൊള്ളുന്നത്. ഓഷ്യന്‍ ഗേറ്റ് എസ്പെഡിഷന്‍സാണ് കടലിന്‍റെ അടിത്തട്ടില്‍ പോയി ടൈറ്റാനിക് കാണാന്‍ അവസരമൊരുക്കുന്നത്.