ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വലിച്ചെറിയുന്ന ഇസ്രായേല്‍ സൈനികര്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
|മൂന്ന് ഫലസ്തീനികളുടെ മൃതദേഹങ്ങൾ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചവിട്ടിയും തള്ളിയും ഇസ്രായേല്‍ സൈനികര്‍ താഴെക്ക് എറിയുന്നതാണ് വീഡിയോയിലുള്ളത്
തെല്‍ അവിവ്: വെസ്റ്റ് ബാങ്കിലെ ഖബാതിയ നഗരത്തില്‍ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായേൽ സൈനികർ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വലിച്ചെറിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
മൂന്ന് ഫലസ്തീനികളുടെ മൃതദേഹങ്ങൾ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചവിട്ടിയും തള്ളിയും ഇസ്രായേല്‍ സൈനികര്‍ താഴെക്ക് എറിയുന്നതാണ് വീഡിയോയിലുള്ളത്. മൂന്ന് ഇസ്രായേലി സൈനികർ ഒരു കെട്ടിടത്തിൻ്റെ മുകളില്‍ നിൽക്കുന്നതും മൃതദേഹങ്ങൾ ഓരോന്നായി താഴേക്ക് എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഫലസ്തീനികളുടെ മൃതദേഹങ്ങളോട് വളരെ ക്രൂരമായിട്ടാണ് ഇസ്രായേല്‍ സൈന്യം പെരുമാറിയതെന്നും ഇത് ഞെട്ടിക്കുന്നതാണെന്നും എന്നാല്‍ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നും ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ അല്‍-ഹഖിന്‍റെ ഡയറക്ടര്‍ ഷവാൻ ജബറിൻ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
ഇസ്രായേൽ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു." ഖബാതിയ പട്ടണത്തിൽ സൈന്യം നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങള്‍... അന്താരാഷ്ട്ര നിശ്ശബ്ദതയ്ക്കും അമേരിക്കൻ രാഷ്ട്രീയ-സൈനിക കവചത്തിനും ഇടയിൽ ഒരു വർഷമായി ഗസ്സയിൽ നമ്മുടെ ജനങ്ങൾക്കെതിരെ കൂട്ടക്കൊലകളും വംശഹത്യയും നടത്തുന്ന ഈ അധിനിവേശത്തിൻ്റെ ക്രൂരത ഒരിക്കൽ കൂടി സ്ഥിരീകരിക്കുന്നു'' ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. "രക്തസാക്ഷികളുടെ മൃതദേഹം വികൃതമാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഹീനമായ കുറ്റകൃത്യമാണ്. ഇത് എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ സംഘടനകളും ശക്തമായി അപലപിക്കേണ്ടതാണ്." പ്രസ്താവനയില്‍ പറയുന്നു. “ഗസ്സയിലും വെസ്റ്റ് ബാങ്കിലും നടന്ന ഈ ഭീകരമായ കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഈ ഫാസിസ്റ്റ് അധിനിവേശത്തിന് നമ്മുടെ ജനങ്ങളെ കൊന്നൊടുക്കാന്‍ ഒരു മടിയുമില്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു'' ഹമാസ് കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ഒരു സൈനിക ബുൾഡോസറിൻ്റെ അകമ്പടിയോടെ ഇസ്സാത്ത് അബു അൽ-റബ് സ്കൂളിൻ്റെ മുൻവശത്തേക്ക് ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം സ്കൂളിനും ചുറ്റും വെടിയുതിർക്കുകയായിരുന്നു. വിദ്യാഭ്യാസ ഡയറക്ടറേറ്റിനുള്ളിലെ 1,200 വിദ്യാർഥികളെയും ജീവനക്കാരെയും ഉപരോധിച്ചു. തുടര്‍ന്നാണ് വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കി വലിച്ചെറിഞ്ഞത്. അബു അൽ-റബ് സ്കൂളിന് നേരെ സൈനികർ പ്രയോഗിച്ച കണ്ണീർ വാതകം ശ്വസിച്ചതിനെത്തുടർന്ന് ഡസൻ കണക്കിന് വിദ്യാർഥികൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. കൂടാതെ, ഉപരോധിച്ച വീട്ടിലേക്ക് എത്തുന്നതിൽ നിന്ന് റെഡ് ക്രസൻ്റ് ടീമുകളെ ഇസ്രായേൽ സൈന്യം തടയുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു.