ലാന്റിങ്ങിനിടെ ദിശതെറ്റി, പിന്നാലെ ഉഗ്ര ശബ്ദം; നേപ്പാളില്‍ വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ
|വിമാനത്തിന്റെ ദിശ തെറ്റുന്നത് വീഡിയോയിൽ വ്യക്തമാണ്
കാഠ്മണ്ഡു: എട്ടുമാസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളിൽ വിമാനം അപകടത്തിൽ പെടുന്നത്. കഴിഞ്ഞ മെയിലുണ്ടായ അപകടത്തില്‍ 22 പേർ മരിച്ചിരുന്നു. ഏഴ് മാസത്തിനു ശേഷം വീണ്ടും ഒരപകടം ഉണ്ടായതിന്റെ നടുക്കത്തിലാണ് രാജ്യം. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക പോയ വിമാനമാണ് ഇന്ന് മലയിടുക്കിലേക്ക് തകർന്നു വീണത്. അപകടത്തിൽ എല്ലാവരും മരിച്ചതായാണ് സൂചന. ഇപ്പോഴിതാ വിമാനം തകർന്നു വീഴുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്.
സമീപത്തെ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. വിമാനത്തിന്റെ ദിശ തെറ്റുന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ നിലം പതിക്കുന്നതിന്റെ ഉഗ്രശബ്ദവും കേൾക്കാം.
രാവിലെ പതിനൊന്നുമണിയോടെയാണ് വൻദുരന്തമുണ്ടായത്. കാഠ്മണ്ഡുവിൽ നിന്നുള്ള യതി എയർലൈൻസിന്റെ വിമാനം പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്റിങ്ങിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകർന്നുവീഴുകയായിരുന്നു. 68 യാത്രക്കാരും നാലു ജീവനക്കാരും ഉൾപ്പെടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
15 വിദേശികളിൽ 5 പേർ ഇന്ത്യക്കാർ. അഭിഷേക് കുഷ്വാഹ, സോനു ജയ്സ്വാൾ, സഞ്ജയ ജയ്സ്വാൾ, ബിശാൽ ഷർമ്മ, അനിൽ കുമാർ രാജ്ബാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന ഇന്ത്യക്കാർ. അപകടത്തെ തുടർന്ന് പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. നേപ്പാളിൽ നാളെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു.