അമ്മയുണ്ടാക്കിയ ബര്‍ഫി സെലന്‍സ്കിക്ക് കൊടുത്ത് സുനക്, ആസ്വദിച്ച് കഴിച്ച് യുക്രൈന് പ്രസിഡന്റ്, വൈറലായി വിഡിയോ
|സെലന്‍സ്കി തന്റെ യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി ബ്രിട്ടണ് സന്ദര്‍ശിച്ചിരുന്നു
ലണ്ടൻ: യുകെ പ്രധാനമന്ത്രി ഋഷി സുനക് യുക്രൈന് പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്കിക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഋഷി സുനക് തന്റെ അമ്മ ഉണ്ടാക്കിയ മധുരപലഹാരം വ്ളാദിമര്‍ സെലന്‍സ്കിക്ക് വിളമ്പുന്നതാണു വീഡിയോയിലുള്ളത്. ഋഷി സുനക്കിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. 10 ഡൗണിംഗ് സ്ട്രീറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
'മമ്മി എനിക്ക് തരാന്‍ ഇന്ത്യന്‍ പലഹാരമായ ബര്‍ഫി ഉണ്ടാക്കിയിരുന്നു. അന്ന് തരാന്‍ കഴിയാത്തതിനാല്‍ പിന്നീട് തന്നു. അതിനു ശേഷമുള്ള തിങ്കളാഴ്ച പ്രസിഡന്റ് സെലന്‍സ്കിയുമായി കൂടി കാഴ്ച നടന്നു. അതിനിടയില്‍ വിശന്ന അദ്ദേഹത്തിന് മമ്മിയുടെ ബര്‍ഫിയില്‍ നിന്നു കൊടുത്തു. ഇതറിഞ്ഞ മമ്മിക്കും വളരെ സന്തോഷമായി'. സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ ഋഷി സുനക് പറഞ്ഞു.
സെലന്‍സ്കി തന്റെ യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി ബ്രിട്ടണ് സന്ദര്‍ശിച്ചിരുന്നു. റഷ്യയ്ക്കെതിരായ പ്രത്യാക്രമണത്തിന് ആയുധങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പര്യടനം. 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈന് ആക്രമിച്ചതിന് ശേഷം യുകെയിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്രയായിരുന്നു ഇത്.
'യുക്രൈയിനിൽ നിന്നും ഞങ്ങളുടെ സൈനികരില്‍ നിന്നും നന്ദി അറിയിക്കുന്നു. ഇവിടെയിരിക്കാന്‍ സാധിച്ചതില്‍ സന്തോഷം'. സെലന്‍സ്കി യുകെ പ്രധാനമന്ത്രിയോട് പറഞ്ഞു.
നൂറുകണക്കിന് വ്യോമ പ്രതിരോധ മിസൈലുകളും 200 കിലോമീറ്ററിലധികം ദൂരപരിധിയുള്ള പുതിയ ലോംങ്-റേഞ്ച് ആക്രമണ ഡ്രോണുകളും ഉള്‍പ്പെടെയുള്ള ആളില്ലാ വ്യോമ സംവിധാനങ്ങളും യുക്രൈയ്നിന് ബ്രിട്ടന് നല്‍കുമെന്ന് കൂടിക്കാഴ്ചയില്‍ സുനക് പറഞ്ഞു.
'യാതൊരു പ്രകോപനവുമില്ലാതെ നടക്കുന്ന ഭീകരമായ ആക്രമണത്തെ യുക്രൈന് ചെറുത്തു നില്‍ക്കുന്നതിന്റെ നിര്‍ണായക നിമിഷങ്ങളാണ് കടന്നു പോവുന്നത്. ഒരു വര്‍ഷത്തിലേറെയായി ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന ആക്രമണത്തെ പ്രതിരോധിക്കുന്ന യുക്രൈന് അന്താരാഷ്ട്ര പിന്തുണ ആവിശ്യമാണ്' സുനക് പറഞ്ഞു.