ലോക്ഡൗൺ; ചൈനയിലെ ഐഫോൺ ഫാക്ടറിയിൽ നിന്നും ചാടി രക്ഷപ്പെട്ട് തൊഴിലാളികൾ
|രക്ഷപ്പെട്ടവർ പലരും കിലോമീറ്ററുകളോളം കാൽനടയായാണ് വീട്ടിലേക്ക് പോയത്
ബെയ്ജിങ്: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച ചൈനയിലെ ഷെങ്ഷൂ പ്രവിശ്യയിലെ ഐഫോൺ ഫാക്ടറിയിൽ നിന്ന് തൊഴിലാളികൾ രക്ഷപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചൈനയിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയായ ഫോക്സ്കോൺ കമ്പനിയിൽ നിന്നാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.
രോഗവ്യാപനത്തെ തുടർന്ന് നിരവധി തൊഴിലാളികളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രക്ഷപ്പെട്ടവർ പലരും കിലോമീറ്ററുകളോളം കാൽനടയായാണ് വീട്ടിലേക്ക് പോയത്.
ഒമിക്രോണിന്റെ അതീവ വ്യാപന ശേഷിയുള്ള രണ്ട് ഉപ വകഭേദങ്ങൾ കൂടി കണ്ടെത്തിയതിനെ തുടർന്നാണ് ചൈനയുടെ ചില ഭാഗങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. 36 ചൈനീസ് നഗരങ്ങളിലാണ് ലോക്ഡൗൺ. രോഗവ്യാപനത്തെ തുടർന്ന് ചൈനയിലെ നിരവധി സ്കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.
ഒമിക്രോണിന്റെ വകഭേദങ്ങളായ ബി എഫ്.7, ബി എ.5.1.7 എന്നീവയാണ് കണ്ടത്തിയത്. ഒമിക്രോണിന്റെ ബി എ.5.2.1ന്റെ ഉപവകഭേദമാണ് ബി എഫ്.7. ഒക്ടോബർ നാലിന് യാന്റായ് ഷാഗോൺ നഗരങ്ങളിലാണ് ബി എഫ്.7 ആദ്യമായി റിപ്പോർട്ട് ചെയ്തത്. കോവിഡിനെ തുരത്താൻ കൂട്ടപരിശോധന, അതിർത്തിൽ നിയന്ത്രണങ്ങൾ,ക്വാറന്റിൻ,ലോക്ഡൗൺ എന്നിവ ചൈന ഇപ്പോഴും തുടരുന്നുണ്ട്. നേരത്തെ തന്നെ ലോകാരോഗ്യ സംഘടന ബി എഫ്.7 കോവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തിയിരുന്നു.