World
Titan Submersible Began Its Doomed Voyage

എബി ജാക്സണ്‍ പകര്‍ത്തിയ വീഡിയോയില്‍ നിന്ന്

World

ആഴങ്ങളിലേക്ക് പോകുന്നതിനു മുന്‍പുള്ള ടൈറ്റന്‍; മുങ്ങിക്കപ്പലിന്‍റെ അവസാന ദൃശ്യം: വീഡിയോ

Web Desk
|
22 Jun 2023 6:11 AM GMT

22കാരിയായ എബി ജാക്സണ്‍ പകര്‍ത്തിയ ദൃശ്യം നൊമ്പരമാവുകയാണ്

വാഷിംഗ്ടണ്‍: ടൈറ്റാനികിന്‍റെ അവശിഷ്ടങ്ങള്‍ കാണാന്‍ യാത്ര തിരിച്ച് ഒടുവില്‍ ആഴങ്ങളില്‍ അപ്രത്യക്ഷമായ ടൈറ്റന്‍റെ അവസാനദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 22കാരിയായ എബി ജാക്സണ്‍ പകര്‍ത്തിയ ദൃശ്യം നൊമ്പരമാവുകയാണ്.

ഓഷ്യൻ ഗേറ്റിന്‍റെ പോളാർ പ്രിൻസ് എന്ന മദർഷിപ്പിൽ ജോലി ചെയ്യുന്ന വീഡിയോഗ്രാഫർ എബി ജാക്‌സൺ, സംഭവിക്കാൻ പോകുന്ന ദുരന്തത്തെക്കുറിച്ച് അറിയാതെ ടിക് ടോക്കിൽ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു. 'ടൈറ്റാനിക് കാണാന്‍ ഒരു അന്തര്‍വാഹിനി ഇറങ്ങുന്നത് കണ്ടുകൊണ്ടിരിക്കുന്നു' എന്നാണ് വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പോളാര്‍ പ്രിന്‍സിന്‍റെ ഡെക്കില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കുറച്ചകലെയായി സമുദ്രോപരിതലത്തില്‍ ടൈറ്റനെയും കാണാം.

ഞായറാഴ്ചയാണ് അഞ്ചംഗങ്ങളുമായി നോര്‍ത്ത് അറ്റ്ലാന്‍റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റന്‍ അപ്രത്യക്ഷമാകുന്നത്. മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ അതിന്‍റെ സപ്പോർട്ട് കപ്പലായ കനേഡിയൻ റിസർച്ച് ഐസ് ബ്രേക്കർ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെട്ടു.ഓഷ്യൻഗേറ്റ് സിഇഒ സ്റ്റോക്ക്‌ടൺ റഷ്, ബ്രിട്ടീഷ് സാഹസികനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനിലെ ഒരു ബിസിനസ് കുടുംബത്തില്‍ നിന്നുള്ള രണ്ടു പേര്‍, ടൈറ്റാനിക് വിദഗ്ധന്‍ എന്നിവരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.

വടക്കൻ അറ്റ്ലാന്‍റിക് സമുദ്രത്തിൽ വെള്ളത്തിനടിയിലുള്ള ശബ്ദങ്ങൾ കണ്ടെത്തിയെന്നും യുഎസും കനേഡിയൻ ക്രൂവും അന്തര്‍വാഹിനിക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് ബുധനാഴ്ച അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയോടെ ടൈറ്റനിലെ ഓക്സിജന്‍ നിലയ്ക്കുമെന്നാണ് ബോസ്റ്റണിലെ ഫസ്റ്റ് കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റിലെ ക്യാപ്റ്റൻ ജാമി ഫ്രെഡറിക് പറഞ്ഞത്. കാർബൺ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിർമ്മിച്ച 23,000 പൗണ്ട് ഭാരമുള്ള അന്തര്‍വാഹിനിയാണ് ടൈറ്റന്‍.

Similar Posts