'പോരാളികളേ, ഈ വീടിനി നിങ്ങളുടേത്; അൽപം ഭക്ഷണമിവിടെ നിങ്ങൾക്കായി ബാക്കിവച്ചിട്ടുണ്ട്'-റഫയിൽനിന്നുള്ള വൈറൽ കുറിപ്പ്
|റഫയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ദക്ഷിണാഫ്രിക്കയുടെ ഹരജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധിപറയാനിരിക്കുകയാണ്
ഗസ്സ സിറ്റി: യു.എൻ ഉൾപ്പെടെ അന്താരാഷ്ട്ര സമിതികളുടെയും രാജ്യാന്തര കോടതിയുടെയും ലോകരാജ്യങ്ങളുടെയുമെല്ലാം മുന്നറിയിപ്പുകൾ അവഗണിച്ച് റഫയിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഗസ്സയിലെ കൂട്ടക്കുരുതിക്കുശേഷമാണ് അതിർത്തിപ്രദേശവും നിയന്ത്രണത്തിലാക്കി ഇസ്രായേൽ നരഹത്യ തുടരുന്നത്. ഗസ്സ ആക്രമണത്തെ തുടർന്ന് റഫയിൽ അഭയാർഥികളായെത്തിയ ലക്ഷങ്ങളിപ്പോൾ അവിടെനിന്നും രക്ഷയില്ലാതെ മറ്റു പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയാണ്.
ഇതിനിടെ, റഫയിലെ വീട് ഉപേക്ഷിച്ചുപോയ ഒരു ഗൃഹനാഥന്റെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇസ്രായേൽ സൈന്യത്തോട് പോരാടിനിൽക്കുന്ന പോരാളികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രാർഥനയും പ്രതീക്ഷകളും നിറഞ്ഞതാണു കുറിപ്പ്. പോരാളികൾക്കായി വീട്ടിൽ ബാക്കിവച്ച ഭക്ഷണത്തെ കുറിച്ചും ഇതിൽ ഉണർത്തുന്നുണ്ട്. അതേസമയം, ഇസ്രായേൽ സൈന്യത്തെ കാത്തിരിക്കുന്നത് വിനാശമാണെന്ന മുന്നറിയിപ്പും നൽകുന്നു വീട്ടുകാരൻ. ഒരു ദിവസം തങ്ങൾ മടങ്ങിവന്ന് എല്ലാം പുനർനിർമിക്കുമെന്ന പ്രത്യാശയും പങ്കുവച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
വൈറൽ കുറിപ്പ് ഇങ്ങനെയാണ്:
''പോരാളികളേ, ഈ വീട് നിങ്ങളുടേതാണ്. വീടിന്റെ മേൽനോട്ടക്കാരിനി നിങ്ങളാണ്. അൽപം ഭക്ഷണമിവിടെ നിങ്ങൾക്കായി ബാക്കിവച്ചിട്ടുണ്ട്. പോരാളികളേ, നിങ്ങൾക്ക് ആരോഗ്യവും ക്ഷേമവും നേരുന്നു.
ഇനി പന്നിയുടെ മക്കളോട് പറയാനുള്ളത്:
നിങ്ങളെയും കുടുംബങ്ങളെയും കാത്തിരിക്കുന്നത് മരണമാണ്. നിങ്ങളുടെ തൊട്ടരികെത്തന്നെയുണ്ട് മരണം.
കുടിയിറക്കപ്പെട്ടെങ്കിലും മടങ്ങിവരും, ഞങ്ങൾ. എല്ലാം പുനർനിർമിക്കും. പോരാട്ടം തുടരും.''
അതിനിടെ, റഫയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്ന ഹരജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധിപറയും. ജനസാന്ദ്രതയേറിയ റഫയിൽ അധിനിവേശം നടത്തുന്നത് സാധാരണക്കാരുടെ കൂട്ടമരണത്തിന് ഇടയാക്കുമെന്നും ഇസ്രായേലിനെ തടയണമെന്നും ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയാണ് ഐ.സി.ജെയിൽ ഹരജി നൽകിയത്. നേരത്തെ ഇസ്രായേലിനെതിരെ വംശഹത്യാകുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി നൽകിയും ദക്ഷിണാഫ്രിക്കയായിരുന്നു.
ഇസ്രായേലിന്റെ നിയന്ത്രണത്തിലല്ലാത്ത ഏക ഫലസ്തീൻ അതിർത്തിയായിരുന്നു ഈജിപ്തിനോട് ചേർന്നുള്ള റഫ. ഫലസ്തീനികൾക്കു പുറംലോകത്തേക്കുള്ള ഏക ഗതാഗത മാർഗം കൂടിയായിരുന്നു ഇത്. ഇവിടെയാണിപ്പോൾ ഇസ്രായേൽ നിയന്ത്രണത്തിലാക്കി ആക്രമണം കടുപ്പിച്ചിരിക്കുന്നത്. റഫയിൽ ഉൾപ്പെടെ ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇന്ന് ഐ.സി.ജെയിൽനിന്ന് ഉത്തരവുണ്ടായേക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
റഫയുടെ കിഴക്കൻ മേഖലയിലേക്ക് കൂടുതൽ യുദ്ധടാങ്കുകൾ അയക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ. ഗസ്സയെ പൂർണമായും പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം എട്ടു ലക്ഷത്തോളം ഫലസ്തീനികളാണ് ഇവിടെനിന്നു പലായനം ചെയ്തതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു കഴിഞ്ഞ ദിവസം യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതേ സമയത്തു തന്നെ മറ്റ് ഫലസ്തീൻ പ്രദേശങ്ങളിലും ആക്രമണം തുടരുകയാണ് ഇസ്രായേൽ. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇന്ന് ഇരച്ചെത്തിയ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ സ്ത്രീക്ക് ഉൾപ്പെടെ പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ ജനീനിലുള്ള ആശുപത്രിയിലേക്ക് പരിക്കേറ്റവരെ കൊണ്ടുപോകുന്നത് സൈന്യം തടയുന്ന ദൃശ്യങ്ങൾ ഫലസ്തീൻ റെഡ് ക്രെസന്റ് പുറത്തുവിട്ടു. ഗസ്സയിലെ ദൈറുൽ ബലായിലെ അൽ അഖ്സ ആശുപത്രിയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ആശുപത്രിയിൽ ഇന്ധനം തീർന്ന് രോഗികളുടെ ജീവൻ അപകടത്തിലാണ്.
കഴിഞ്ഞ ദിവസം രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ദൈറുൽ ബലായിൽ 12പേരും ഗസ്സ സിറ്റിയിൽ 10 പേരും കൊല്ലപ്പെട്ടിരുന്നു. അൽ അഖ്സ ആശുപത്രിയിലെ ഇന്ധനം പൂർണമായും തീർന്നിട്ടും ഇവിടേക്കുള്ള ഇന്ധന വിതരണം ഇസ്രായേൽ തടയുകയാണ്. അടിയന്തരമായി ലോകം ഇടപെട്ടിട്ടില്ലെങ്കിൽ വൻ ദുരന്തമാണു വരാൻ പോകുന്നതെന്നു സന്നദ്ധസംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Summary: A message left by one of the homeowners in Rafah before leaving his house due to Israel attack goes viral