'ഭാഗ്യം ആരും കണ്ടില്ല'; ഫോൺ നോക്കി നൂഡിൽസ് കഴിച്ചാൽ ദേ ഇങ്ങനെയിരിക്കും....; സോഷ്യൽമീഡിയയെ ചിരിപ്പിച്ച് വീഡിയോ
|ആറ് സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്
മൊബൈൽ ഫോൺ നമ്മുടെയൊക്കെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഭക്ഷണം കഴിക്കുമ്പോൾ പോലും മൊബൈൽ ഫോണില്ലാതെ കഴിയില്ല എന്ന അവസ്ഥ എത്തിയിരിക്കുന്നു. ഭക്ഷണം ആസ്വദിച്ചുകഴിക്കണമെന്നൊക്കെയാണ് പഴമക്കാർ പറയുന്നത്. എന്നാൽ കൊച്ചുകുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഇന്ന് ഭക്ഷണം കഴിക്കുന്നത് പ്ലേറ്റിൽ നോക്കിയല്ല, മറിച്ച് മൊബൈൽ ഫോണിൽ നോക്കിയാണ്. എന്നാൽ ഭക്ഷണത്തെപോലും ഗൗനിക്കാതെയുള്ള ഈ സ്വഭാവം പലപ്പോഴും അബദ്ധങ്ങളിൽ കൊണ്ടു ചാടിക്കും.
അത്തരത്തിൽ ഒരു യുവാവിന് സംഭവിച്ച അബദ്ധത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു യുവാവ് റെസ്റ്ററോന്റിലിരുന്ന് നൂഡിൽസ് കഴിക്കുകയാണ്. ഇയാളുടെ ഒരുകൈയിൽ ചോപ്സ്റ്റിക്കും ഒരു കൈയിൽ മൊബൈലുമാണുള്ളത്. ഫോണിലേക്ക് നോക്കി നൂഡിൽസ് കഴിക്കുമ്പോഴാണ് തനിക്ക് സംഭവിച്ച അബദ്ധം അയാൾക്ക് മനസിലാകുന്നത്.
അത് മറ്റൊന്നുമല്ലായിരുന്നു, യുവാവ് മാസ്‌ക് ധരിച്ചായിരുന്നു റെസ്റ്ററോന്റിൽ എത്തിയത്. ഭക്ഷണം മുന്നിലെത്തിയപ്പോഴും ഫോണിൽ തന്നെയായിരുന്നു നോക്കിയിരുന്നത്. എന്നാൽ ഈ സമയം മാസ്‌ക് മാറ്റാൻ അദ്ദേഹം മറന്നുപോയി. അതോർക്കാതെ നൂഡിൽസ് വായയിലേക്ക് എടുത്തുവെക്കുകയും ചെയ്തു.നൂഡിൽസ് മുഴുവൻ മാസ്‌കിലാകുകയും ചെയ്തു. തനിക്ക് പറ്റിയ അബദ്ധം ആരെങ്കിലും കണ്ടോ എന്ന് അയാള്‍ ചുറ്റും നോക്കുന്നുണ്ട്. ഉടന്‍തന്നെ മാസ്‌ക് തുടക്കുന്നതും വീഡിയോയിൽ കാണാം.
'100 Reason To Smile ' എന്ന അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് NoContextHumans അക്കൗണ്ട് ഈ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തു. മെയ് 29 ന് ഷെയർ ചെയ്ത വീഡിയോ 9.5 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.6 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. സമാനമായ അനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്നാണ് പലരും പങ്കുവെച്ചത്.