റഷ്യയിലെ സേവനം നിർത്തിവെച്ച് വിസ, മാസ്റ്റർ കാർഡുകൾ
|റഷ്യയ്ക്ക് പുറത്തും പണമിടപാടുകൾ നടത്താനാകില്ല
യുക്രൈനിലെ റഷ്യൻ അധിനിവേശം 11ാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ റഷ്യയിലെ എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ, മാസ്റ്റർ കാർഡ് സ്ഥാപനങ്ങൾ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റർ കാർഡുകൾ റഷ്യയിൽ ഉപയോഗിക്കാനാകില്ല.
റഷ്യൻ ബാങ്കുകൾ നൽകിയ വിസ, മാസ്റ്റർ കാർഡുകൾ ഉപയോഗിച്ച് റഷ്യയ്ക്ക് പുറത്തും പണമിടപാടുകൾ നടത്താനാകില്ലെന്നും ആ സ്ഥാപനങ്ങൾ വ്യക്തമാക്കി. ഈ തീരുമാനത്തിലൂടെ ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും കമ്പനികൾ കൂട്ടിച്ചേർത്തു. 'റഷ്യയുടെ യുക്രൈനിലെ പ്രകോപനരഹിതമായ അധിനിവേശവും ഞങ്ങൾ സാക്ഷ്യം വഹിച്ച അസ്വീകാര്യമായ സംഭവങ്ങളും ഇത്തരമൊരു നടപടി സ്വീകരിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കുന്നു,' വിസയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അൽ കെല്ലി പ്രസ്താവനയിൽ പറഞ്ഞു.
റഷ്യൻ ബാങ്കുകൾ നൽകുന്ന തങ്ങളുടെ കാർഡുകളെ ഇനിമുതൽ മാസ്റ്റർകാർഡ് നെറ്റ്വര്ക്കുകള് പിന്തുണക്കില്ലെന്ന് കമ്പനി പറഞ്ഞു. റഷ്യക്ക് പുറത്ത് നൽകിയിട്ടുള്ള കമ്പനിയുടെ കാർഡുകൾ റഷ്യൻ വ്യാപാരികളിലോ എ.ടി.എമ്മുകളിലോ പ്രവർത്തിക്കില്ലെന്നും മാസ്റ്റർ കാർഡ് വ്യക്തമാക്കി.
അതേ സമയം റഷ്യയുടെ ആക്രമണം കൂടുതൽ ശക്തമായതിനെ തുടർന്ന് പ്രതിരോധനത്തിനായി നാറ്റോയോട് യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളും യുക്രൈൻ ആവശ്യപെട്ടു.