അട്ടിമറി നീക്കത്തിന് ശേഷം യെവ്ഗിനി പ്രിഗോഷിനുമായി പുടിൻ കൂടിക്കാഴ്ച നടത്തി
|റഷ്യൻ സൈനിക നേതൃത്വവുമായി അതൃപ്തി പ്രകടിപ്പിച്ച പ്രിഗോഷിൻ ഇക്കഴിഞ്ഞ ജൂൺ 24ന് തന്റെ കൂലിപ്പടയുമായി മോസ്കോ വളഞ്ഞത്.
മോസ്കോ: മോസ്കോയിലേക്ക് കൂലിപ്പട്ടാളത്തെ അയച്ച് ദിവസങ്ങൾക്കുള്ളിൽ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിനുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ കൂടിക്കാഴ്ച നടത്തി. ചർച്ച മൂന്നുമണിക്കൂർ നീണ്ടതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ജൂൺ 29ന് നടന്ന കൂടിക്കാഴ്ചയെ കുറിച്ചാണ് ഇപ്പോൾ റഷ്യ പുറത്തുവിട്ടത്.
പ്രിഗോഷിനും വാഗ്നർ സൈന്യത്തിലെ 35 കമാൻഡർമാരും പുടിൻ ക്ഷണിച്ച ചർച്ചയിൽ പങ്കെടുത്തു. വാഗ്നർ സൈന്യത്തിന്റെ പ്രവർത്തനം, ജൂൺ 24ലെ സംഭവങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കമാൻഡർമാരിൽ നിന്നും പുടിൻ വിശദീകരണം തേടി.
യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ അവിഭാജ്യ ഘടകമായിരുന്നു പ്രിഗോഷിനും വാഗ്നർ കൂലിപ്പടയും. പതിറ്റാണ്ടുകളായി പുടിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വാഗ്നറിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിൻ. റഷ്യൻ സൈനിക നേതൃത്വവുമായി അതൃപ്തി പ്രകടിപ്പിച്ച പ്രിഗോഷിൻ ഇക്കഴിഞ്ഞ ജൂൺ 24ന് തന്റെ കൂലിപ്പടയുമായി മോസ്കോ വളഞ്ഞത്. ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥയിൽ നടന്ന ചർച്ചയിലാണ് റഷ്യയിൽ വിമത നീക്കം വാഗ്‌നർ സംഘം അവസാനിച്ചത്.