പുടിന്‍റെ തയ്ക്വാൻഡോ ബ്ലാക് ബെൽറ്റ് റദ്ദാക്കി; റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളുടെ പട്ടിക നീളുന്നു
|അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാനിരിക്കുന്ന തായ്ക്വോണ്ടോ മത്സരപരിപാടികളിൽ റഷ്യയുടെയും ബെലറൂസിന്റെയും പതാകയോ ദേശീയഗാനമോ ഉൾപ്പെടുത്തില്ലെന്നും തായ്ക്വോണ്ടോ ഫെഡറേഷൻ വ്യക്തമാക്കി
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി. ലോക തായ്‌ക്വോണ്ടോ ഫെഡറേഷന്‍റേതാണ് തീരുമാനം. റഷ്യയില്‍ തയ്ക്വാന്‍ഡോ മത്സരങ്ങള്‍ നടത്തില്ലെന്നും തായ്‌ക്വോണ്ടോ ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
"യുക്രൈനിലെ നിരപരാധികളുടെ ജീവനുനേരെയുള്ള ക്രൂരമായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇതിനാല്‍ വ്ലാദിമിര്‍ പുടിന് നല്‍കിയ ഒമ്പതാമത് ഡാൻ ബ്ലാക് ബെൽറ്റ് പിൻവലിക്കാൻ വേൾഡ് തായ്‌ക്വോണ്ടോ തീരുമാനിച്ചു" പ്രസ്താവനയില്‍ പറയുന്നു. 2013 നവംബറിൽ ദക്ഷിണകൊറിയ സന്ദർശനവേളയിലാണ് വേൾഡ് തായ്‌ക്വോണ്ടോ ഫെഡറേഷന്റെ തലവൻ ചൗചുങ്-വോൺ റഷ്യൻ പ്രസിഡന്റിന് ബ്ലാക് ബെൽറ്റ് നൽകിയത്.
World Taekwondo strongly condemns the brutal attacks on innocent lives in Ukraine, which go against the World Taekwondo vision of "Peace is More Precious than Triumph" and the World Taekwondo values of respect and tolerance.#PeaceIsMorePreciousThanTriumphhttps://t.co/nVTdxDdl2I
— World Taekwondo (@worldtaekwondo) February 28, 2022
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാനിരിക്കുന്ന തായ്‌ക്വോണ്ടോ മത്സരപരിപാടികളില്‍ റഷ്യയുടെയും സഖ്യകക്ഷിയായ ബെലറൂസിന്‍റെയും പതാകയോ ദേശീയഗാനമോ ഉള്‍പ്പെടുത്തില്ലെന്നും തായ്‌ക്വോണ്ടോ ഫെഡറേഷന്‍ വ്യക്തമാക്കി. റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി) നേരത്തെ തീരുമാനിച്ചിരുന്നു. ബെലറൂസ് കായികതാരങ്ങളെയും കായികമത്സരങ്ങളിൽനിന്ന് വിലക്കാൻ ഐ.ഒ.സി നിർദേശിച്ചിട്ടുണ്ട്.
പുടിന് സമ്മാനിച്ച ബഹുമതികൾ തിരിച്ചെടുക്കുമെന്ന് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ (ഐ.ജെ.എഫ്) നേരത്തെ അറിയിച്ചിരുന്നു. 2008ൽ ബഹുമാനാർഥം അദ്ദേഹത്തിന് സമ്മാനിച്ച അധ്യക്ഷ പദവിയും അംബാസഡർ എന്ന നിലയിലുള്ള അംഗീകാരവുമാണ് ഐ.ജെ.എഫിന്റെ ആഗോള ഭരണസമിതി പിൻവലിച്ചത്. ജൂഡോയിൽ ഏറെ തൽപരനായ പുടിന് 2012ൽ ഐ.ജെ.എഫ് എട്ടാമത് ഡാൻ പദവി സമ്മാനിച്ചിരുന്നു. റഷ്യയിൽ ജൂഡോയിൽ ഈ ഗ്രേഡ് ലഭിക്കുന്ന ആദ്യ വ്യക്തികൂടിയായിരുന്നു പുടിന്.
യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങളാണ് നിലവില്‍ വരുന്നത്. റഷ്യൻ ദേശീയ ടീമിനെയും രാജ്യത്തെ ക്ലബുകളെയും രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയും യൂറോപ്യൻ ഭരണസമിതിയായ യുവേഫയും മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. ഇതുപ്രകാരം ലോകകപ്പ് ഫുട്ബോൾ യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളിൽ റഷ്യയ്ക്കു പങ്കെടുക്കാനാവില്ല. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾ റഷ്യൻ ക്ലബുകൾക്ക് നഷ്ടപ്പെടും.
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിന് തന്നെ ഉപരോധം ഏർപ്പെടുത്തുകയാണെന്നാണ് അമേരിക്ക അറിയിക്കുന്നത്. സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള റഷ്യയിലെ ബാങ്കുകൾക്ക് മേൽ യു.എസ് ഉപരോധം കൂടുതൽ ശക്തമാക്കി. സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ മാറ്റിനിർത്തുമെന്നും അമേരിക്ക അറിയിച്ചു.
അതേസമയം, സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്ലിക്സും സ്‌പോട്ടിഫൈയും റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഡിസ്നി, വാർണർ ബ്രദേഴ്‌സ്, സോണി പിക്‌ചേഴ്‌സ് തുടങ്ങിയവര്‍ റഷ്യയില്‍ സിനിമകളുടെ റിലീസ് നിര്‍ത്തിവെക്കുമെന്നും അറിയിച്ചിരുന്നു. റഷ്യന്‍ ആര്‍ടി, സ്പുട്നിക് സേവനങ്ങള്‍ക്ക് 'മെറ്റ'യും നിയന്ത്രണമേർപ്പെടുത്തി. റഷ്യൻ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകള്‍ക്കും പരസ്യ വരുമാനം നൽകില്ലെന്ന് ഗൂഗിളും പ്രഖ്യാപിച്ചിരുന്നു.