പുടിന്‍റെ വിമര്‍ശകനായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സ് നവാല്‍നിയെ ജയിലില്‍ നിന്ന് കാണാതായി
|മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി
മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്‌സി നവാല്‍നിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ വക്താവും മറ്റ് സഖ്യകക്ഷികളും അറിയിച്ചു.
മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായും ആറ് ദിവസമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
'അവര്‍ അവനെ എവിടേക്കാണ് കൊണ്ടുപോയതെന്ന് പറയാന്‍ വിസമ്മതിക്കുന്നു'- അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകന്‍ എക്സില്‍ കുറിച്ചു. റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നവാല്‍നിയുടെ തിരോധാനം. ഈ തെരഞ്ഞെടുപ്പില്‍ തന്‍റെ പ്രധാന എതിരാളി ആരാണെന്നത് പുടിന് അറിയാവുന്ന കാര്യമാണ്. നവല്‍നിയുടെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു,'- സഹപ്രവര്‍ത്തകന്‍ പറയുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ കടുത്ത വിമര്‍ശകനാണ് നവാല്‍നി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ തുടക്കത്തിലാണ് അലക്സിയുടെ തിരോധാനം.
47 കാരനായ നവാല്‍നി, തീവ്രവാദം ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 30 വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നവാല്‍നിയും അനുയായികളും ആരോപിക്കുന്നു. ഒരു തീവ്രവാദ സംഘടന സ്ഥാപിക്കുകയും അതിന് ധനസഹായം നല്‍കുകയും ചെയ്തെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ ഏപ്രിലില്‍ നവാല്‍നിക്ക് കോടതി 19 വര്‍ഷം കൂടി തടവ് വിധിച്ചിരുന്നു. വഞ്ചനാക്കുറ്റത്തിനടക്കം നിലവില്‍ പതിനൊന്നര വര്‍ഷത്തെ തടവ് ശിക്ഷ അനുവഭിച്ചുവരികയായിരുന്നു നവാല്‍നി.