ആഫ്രിക്കൻ രാജ്യമായ കോംഗോയില്‍ അഗ്നിപർവത സ്‌ഫോടനം: ഇരുപതിലേറെ മരണം
|ലാവ പ്രവാഹത്തിലും സ്‌ഫോടനത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതൽ മരണങ്ങളുമുണ്ടായത്.
ആഫ്രിക്കൻ രാജ്യമായ കോംഗോയിലുണ്ടായ അഗ്നിപർവത സ്‌ഫോടനത്തിൽ ഇരുപതിലേറെ മരണം. കിഴക്കൻ കോംഗോയിൽ റുവാണ്ടൻ അതിർത്തിയോടു ചേർന്ന പ്രദേശത്താണ് ശനിയാഴ്ച രാത്രി നിറഗോംഗോ അഗ്നിപർവതം പൊട്ടിത്തെറിച്ച് ലാവാ പ്രവാഹമുണ്ടായത്. പ്രദേശത്തെ 500-ലേറെ വീടുകൾ തകരുകയും 30,000-ലേറെ പേർ പലായനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് നിറഗോംഗോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ലാവ പ്രവാഹത്തിലും സ്‌ഫോടനത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതൽ മരണങ്ങളുമുണ്ടായത്. പലായനത്തിനിടെ ഒരു ട്രക്ക് മറിഞ്ഞും അഞ്ചു പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. കോംഗോയിലെ ഗോമ നഗരത്തിലേക്കും റുവാണ്ടയിലേക്കുമുള്ള പലായനത്തിനിടെ 150-ലേറെ കുട്ടികളെ കാണാതായതായി യുനിസെഫ് അറിയിച്ചു.
അഗ്നിപർവത സ്‌ഫോടനം സംബന്ധിച്ച് കാര്യമായ മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 2002-നു ശേഷം ഇതാദ്യമായാണ് നിറഗോംഗോ പൊട്ടിത്തെറിക്കുന്നത്. ലാഹാപ്രവാഹത്തിൽ ഹൈവേയടക്കം തകർന്നു. സമീപപ്രദേശത്തെ വിമാനത്താവളം വരെ ലാവാപ്രവാഹം എത്താതിരുന്നത് രക്ഷാപ്രവർത്തനത്തിന് സഹായകമായി.