World
VolodymyrZelenskyhostsIftar, VolodymyrZelenskyIftar, VolodymyrZelenskycriticizesRussianoppressionofCrimeaMuslims
World

മുസ്‌ലിം സൈനികർക്കും നേതാക്കൾക്കും ഇഫ്താർ വിരുന്നൊരുക്കി സെലൻസ്‌കി; ക്രീമിയയിലെ മുസ്‌ലിം വേട്ടയ്ക്ക് രൂക്ഷവിമർശനം

Web Desk
|
8 April 2023 11:15 AM GMT

ക്രീമിയയിലെ ഏറ്റവും വലിയ മുസ്‌ലിം കൂട്ടായ്മയായ 'മെജ്‌ലിസി'ന്റെ പ്രതിനിധികൾ സെലൻസ്‌കിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ചടങ്ങിൽ സംബന്ധിച്ചത്

കിയവ്: മുസ്‌ലിം സൈനികർക്കും നേതാക്കൾക്കുമായി ഇഫ്താർ വിരുന്നൊരുക്കി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. യുക്രൈൻ സൈന്യത്തിലെ മുസ്‌ലിംകൾക്കും മുസ്‌ലിം പണ്ഡിത നേതാക്കൾക്കുമാണ് വിരുന്ന് സംഘടിപ്പിച്ചത്. റഷ്യ കീഴടക്കിയ ക്രീമിയയിൽനിന്നുള്ള മുസ്‌ലിം നേതാക്കളും വിവിധ മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

ഇതാദ്യമായാണ് യുക്രൈൻ ഭരണകൂടം ഔദ്യോഗികതലത്തിൽ റമദാനിൽ ഇഫ്താർ സംഘടിപ്പിക്കുന്നത്. തലസ്ഥാനമായ കിയവിലെ പള്ളിയിലായിരുന്നു ചടങ്ങ് നടന്നത്. പരസ്പരാദരത്തിന്റെ പുതിയ സംസ്‌കാരത്തിനു തുടക്കമിടുകയാണെന്നാണ് ഇഫ്താറിൽ സെലൻസ്‌കി പറഞ്ഞത്. യുക്രൈൻ യുദ്ധത്തിലടക്കം തുർക്കി, സൗദി അറേബ്യ അടക്കമുള്ള മുസ്‌ലിം രാജ്യങ്ങൾ നടത്തിയ മധ്യസ്ഥ ഇടപെടലുകൾക്ക് അദ്ദേഹം പ്രത്യേക നന്ദിയും പറഞ്ഞു.

ക്രീമിയയിലെ ഏറ്റവും വലിയ മുസ്‌ലിം കൂട്ടായ്മയായ 'മെജ്‌ലിസി'ന്റെ പ്രതിനിധികൾ സെലൻസ്‌കിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ചടങ്ങിൽ സംബന്ധിച്ചത്. ക്രീമിയയിലെ റഷ്യൻ അധിനിവേശത്തെ സെലൻസ്‌കി കടന്നാക്രമിച്ചു. ക്രീമിയയിലെ ന്യൂനപക്ഷ വിഭാഗമായ തത്താർ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന റഷ്യൻവേട്ടയെ അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു. ക്രീമിയയെ തിരിച്ചുപിടിക്കുമെന്നും സെലൻസ്‌കി പ്രഖ്യാപിച്ചു.

2014ലാണ് ചെങ്കടൽതീരത്തെ യുക്രൈൻ പ്രദേശമായിരുന്ന ക്രീമിയയെ റഷ്യ പിടിച്ചടക്കുന്നത്. നിയമവിരുദ്ധമായ രീതിയിൽ ജനഹിത പരിശോധന നടത്തിയായിരുന്നു കൈയേറ്റമെന്നാണ് യുക്രൈനും പടിഞ്ഞാറൻ രാജ്യങ്ങളും ആരോപിക്കുന്നത്. 20 ലക്ഷം വരുന്ന ക്രീമിയൻ ജനസംഖ്യയിൽ 15 ശതമാനത്തോളം വരുന്ന തത്താർ മുസ്‌ലിംകൾ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. തുടർന്ന് മെജ്‌ലിസിനെ തീവ്രവാദ സംഘടനയാണെന്ന് പ്രഖ്യാപിച്ച് നിരവധി മുസ്‌ലിം നേതാക്കളെ റഷ്യ ജയിലിലടച്ചിരുന്നു.

ക്രീമീയൻ അധിനിവേശത്തിലൂടെയാണ് യുക്രൈൻ കീഴടക്കാനുള്ള റഷ്യൻ നീക്കം ശരിക്കും ആരംഭിച്ചതെന്ന് ഇഫ്താർ വേദിയിൽ സെലൻസ്‌കി പറഞ്ഞു. ക്രീമിയൻ സ്വദേശികളെയും തത്താർ പോരാളികളെയും മുസ്‌ലിംകളെയുമെല്ലാം വേട്ടയാടുകയായിരുന്നു റഷ്യ. ക്രീമിയയെ തിരിച്ചുപിടിക്കുകയല്ലാത്ത മറ്റൊരു ബദലും യുക്രൈനും ലോകത്തിനും മുന്നിലില്ല. തങ്ങൾ ക്രീമിയയിലേക്ക് മടങ്ങുമെന്ന് സെലൻസ്‌കി കൂട്ടിച്ചേർത്തു.

Summary: Ukraine President Volodymyr Zelensky hosts Iftar for Muslim soldiers, leaders and ambassadors and slams Russian oppression of Tatars, the Crimean Muslims

Similar Posts