യുക്രൈന്‍ കിഴക്കൻ മേഖലയിൽ ഷെല്ലാക്രമണം രൂക്ഷം; രാജ്യം ചെറുത്തുനിൽപ്പിന്‍റെ പാതയിലെന്ന് സെലന്‍സ്കി
|അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപ്പാപ്പയുടെ സഹായം തേടിയതായും സെലൻസ്‍കി അറിയിച്ചു
റഷ്യൻ ആക്രമണത്തിന്‍റെ 28ാം ദിനത്തിലും ചെറുത്തുനിൽപ്പ് തുടർന്ന് യുക്രൈൻ. രാജ്യം യുദ്ധത്തെ അതിജീവിക്കുന്നതിനിന്‍റെ അടുത്താണെന്ന് സെലൻസ്‍കി പറഞ്ഞു. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപ്പാപ്പയുടെ സഹായം തേടിയതായും സെലൻസ്‍കി അറിയിച്ചു.
യുക്രൈനിലെ റഷ്യൻ ആക്രമണം 27 ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് രാജ്യം ചെറുത്തുനിൽപ്പിന്‍റെ പാതയിലാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്‍കി പറഞ്ഞത്. ഫ്രാൻസിസ് മാർപ്പാപ്പയുമായി സംസാരിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചെന്നും സെലൻസ്‍കി വ്യക്തമാക്കി. യുക്രൈനിലെ പ്രധാന നഗരങ്ങളിൽ റഷ്യൻസേന ആക്രമണം തുടരുകയാണ്. കിഴക്കൻ യുക്രൈനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം യുക്രൈനിൽ നിന്ന് പലായനം ചെയ്തത് 35 ലക്ഷത്തിലേറെ പേരാണ്. 65 ലക്ഷത്തോളം പേർ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും അഭയംതേടി. കഴിഞ്ഞ ദിവസങ്ങളിലായി മാനുഷിക ഇടനാഴിയിലൂടെ രക്ഷപ്പെട്ട 8000 പേരിൽ 3000 പേരും മരിയുപോളിൽ നിന്ന് ഉള്ളവരാണെന്ന് യുക്രൈൻ ഉപപ്രധാനമന്ത്രി ഇര്യാന വെറെഷുക് പറഞ്ഞു. ഡൊണെറ്റ്‍സ്‍ക് മേഖലയിൽ റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾ സ്ഥാപിച്ച താത്‍കാലിക ക്യാന്പിൽ മരിയുപോളിൽനിന്നുള്ള 5000 പേർ അഭയം തേടിയിട്ടുണ്ട്. യുക്രൈനിൽ തൊള്ളായിരത്തിലധികം സിവിലിയൻ മരണങ്ങളാണ് യുഎൻ സ്ഥിരീകരിച്ചത്. റഷ്യയുടെ ഭൂരിഭാഗം സേനയും തലസ്ഥാനമായ കിയവിൽനിന്ന് മൈലുകൾക്ക് അകലെയാണെങ്കിലും മിസൈലുകളും പീരങ്കികളുമുപയോഗിച്ച് ഷോപ്പിങ് മാളുകളടക്കം വലിയ കെട്ടിടങ്ങൾ നശിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസമായി റഷ്യ വ്യോമാക്രമണം ശക്തമാക്കിയതായി യുഎസ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു. എന്നാൽ കിയവിന്‍റെ പ്രാന്തപ്രദേശമായ മകാരിവ് തിരിച്ചുപിടിച്ചതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണം തുടരുന്നതിനിടെ യുക്രൈനിൽ റഷ്യ ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ചതായി സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തിയെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ യുക്രൈനിൽ രാസായുധങ്ങളുണ്ടെന്ന് റഷ്യയുടെ വാദം തെറ്റാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.യുക്രൈനിലെ റഷ്യൻ ആക്രമണത്തോടുള്ള അന്താരാഷ്ട്ര പ്രതികരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ബൈഡൻ വെള്ളിയാഴ്ച പോളണ്ടിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ.