'ഓഫീസിൽ എന്റെ ചിത്രം വയ്‌ക്കേണ്ട, നിങ്ങളുടെ കുട്ടികളുടെ ചിത്രം വയ്ക്കൂ'; അന്ന് യുക്രൈൻ പ്രസിഡണ്ട് പറഞ്ഞത്
|കീഴടങ്ങണമെന്ന റഷ്യയുടെ ആവശ്യവും അഭയം നൽകാമെന്ന അമേരിക്കൻ വാഗ്ദാനവും തള്ളി യുദ്ധമുന്നണിയിൽ നിലയുറപ്പിച്ചിരിക്കുകയാണ് സെലൻസ്‌കി.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ ലോകം സാകൂതം കാതോർത്തത് യുക്രൈൻ പ്രസിഡണ്ട് വ്‌ളാദിമിർ സെലൻസ്‌കിയുടെ വാക്കുകളിലേക്കാണ്. കീഴടങ്ങണമെന്ന റഷ്യയുടെ ആവശ്യവും അഭയം നൽകാമെന്ന അമേരിക്കൻ വാഗ്ദാനവും തള്ളി ഇപ്പോഴും യുദ്ധമുന്നണിയിൽ നിലയുറപ്പിച്ചിരിക്കുകയാണ് 44കാരനായ സെലൻസ്‌കി. നടനും കൊമേഡിയനുമായ സെലൻസ്‌കി 2019ലാണ് അധികാരമേറ്റത്.
അധികാരമേൽക്കുന്ന വേളയിൽ സെലൻസി ഉദ്യോഗസ്ഥർക്ക് മുമ്പാകെ നടത്തിയ പ്രസംഗം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. 'നിങ്ങളുടെ ഓഫീസിൽ എന്റെ ചിത്രം ഞാൻ ആവശ്യപ്പടുന്നില്ല. പ്രസിഡണ്ട് ഒരു ഐക്കണോ, വിഗ്രഹമോ, ചിത്രമോ അല്ല. അതിന് പകരം നിങ്ങളുടെ കുട്ടികളുടെ ചിത്രം തൂക്കൂ. തീരുമാനങ്ങൾ എടുക്കുന്ന ഓരോ സമയത്തും അവരെ നോക്കൂ' - എന്നാണ് സെലൻസ്‌കി പറഞ്ഞത്.
During his inaugural address in 2019, Zelensky told lawmakers: "I do not want my picture in your offices: the President is not an icon, an idol or a portrait. Hang your kids' photos instead, and look at them each time you are making a decision." pic.twitter.com/fjsHudv7FV
— Benjamin Ramm (@BenjaminRamm) February 26, 2022
യുദ്ധം ആരംഭിച്ചതു മുതൽ യുക്രൈനു വേണ്ടി ശക്തമായി നിലകൊള്ളുന്ന സെലൻസ്‌കി രാജ്യത്ത് തുടരുമെന്നും പോരാട്ടത്തിന്റെ മുൻനിരയിലുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
യുദ്ധം ഇവിടെയെത്തി, തനിക്ക് ആയുധങ്ങളാണ് വേണ്ടത്, രക്ഷപ്പെട്ടുകൊണ്ടുള്ള യാത്രയല്ലെന്ന് സെലൻസ്‌കി പറഞ്ഞതായി അമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തിന്റേയും പ്രസിഡന്റ് സെലൻസ്‌കിയുടേയും സംഭാഷണത്തിന് നേരിട്ട് സാക്ഷ്യം വഹിച്ച മുതിർന്ന അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു.താനടക്കം ഭരണത്തലവന്മാർ ആരും കിയവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
വിദേശികളെ ക്ഷണിച്ച് സെലൻസ്‌കി
സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു യുക്രൈന്റെ തീരുമാനമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. സന്നദ്ധരായ വിദേശികളെ ഉൾപ്പെടുത്തി 'രാജ്യാന്തരസേന' രൂപീകരിക്കുമെന്ന് സെലൻസ്‌കി പറഞ്ഞു.
'ഈ യുദ്ധവേളയിൽ ഞങ്ങളുടെ രാജ്യത്തെ നിങ്ങൾ പിന്തുണയ്ക്കുന്നു എന്നതിന്റെ സുപ്രധാന തെളിവാണിത്' എന്ന് സെലെൻസ്‌കി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമായ നഗരങ്ങളിൽ സൈനികമുന്നേറ്റം തടയാൻ ജനങ്ങൾ ആയുധമെടുത്തിരിക്കുകയാണ്. തെരുവുയുദ്ധത്തിനായി 18,000 തോക്കുകളാണ്, പോരാടാൻ സന്നദ്ധരായ സാധാരണക്കാർക്കു കഴിഞ്ഞ ദിവസം നൽകിയത്.പെട്രോൾ ബോംബ് ഉണ്ടാക്കാൻ യുക്രൈൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. ബോംബ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
യുക്രൈനിൽ റഷ്യക്ക് എന്താണ് കാര്യം?
യുഎസ് നേതൃത്വം നൽകുന്ന മുപ്പത് പാശ്ചാത്യൻ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയിൽ അംഗത്വമെടുക്കാനുള്ള യുക്രൈന്റെ ശ്രമങ്ങളാണ് റഷ്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് യുക്രൈൻ നാറ്റോയിൽ അംഗത്വം ആവശ്യപ്പെട്ടത്. അതിർത്തി രാഷ്ട്രത്തിൽ നാറ്റോ സഖ്യസേനയ്ക്ക് താവളമൊരുങ്ങുന്നത് റഷ്യ ആശങ്കയോടെയാണ് കാണുന്നത്. ശീതയുദ്ധ കാലത്തെ അനുഭവങ്ങൾ റഷ്യയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നാറ്റോയ്ക്കും തങ്ങൾക്കുമിടയിലെ 'നോ മാൻസ് ലാൻഡ്' ആയാണ് റഷ്യ യുക്രൈനെ കാണുന്നത്. നാറ്റോയിൽ അംഗത്വമെടുക്കുന്ന നിലപാടുമായി മുമ്പോട്ടു പോയാൽ കടുത്ത നടപടികൾക്കു വിധേയമാകുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.
എന്നാൽ തങ്ങൾ പരമാധികാര രാഷ്ട്രമാണ് എന്നും സ്വന്തം തീരുമാനവുമായി മുമ്പോട്ടുപോകുമെന്നും യുക്രൈൻ പ്രസിഡണ്ട് വ്‌ളോദിമിർ സെലൻസ്‌കി നിലപാടെടുത്തു. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങൾക്ക് നാറ്റോ അംഗത്വം നൽകിയതാണ് സെലൻസ്‌കിയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ യുക്രൈയൻ അതിർത്തികളിലും സഖ്യരാഷ്ട്രമായ ബെലറൂസിലും റഷ്യ സേനയെ വിന്യസിച്ചു. രണ്ടു ലക്ഷത്തിലേറെ സൈനികരാണ് അതിർത്തിയിൽ ഉണ്ടായിരുന്നത്. നാറ്റോയിൽ ചേരില്ലെന്ന ഉറപ്പ് യുക്രൈനിൽ നിന്നും പാശ്ചാത്യൻ രാജ്യങ്ങളിൽ നിന്നും ലഭിക്കണമെന്നാണ് പുടിന്റെ നിലപാട്.