അൽ ജസീറ മാധ്യമപ്രവർത്തകൻ വാഇൽ ദഹ്ദൂഹ് ചികിത്സക്കായി ഖത്തറിൽ
|ഖാൻ യൂനിസിലെ യു.എൻ സ്‌കൂളിനെതിരായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് വാഇലിന് പരിക്കേറ്റത്.
ദോഹ: അൽ ജസീറയുടെ ഗസ്സ ബ്യൂറോ ചീഫും ഫലസ്തീനികളുടെ പ്രതിരോധത്തിന്റെ മുഖവുമായ വാഇൽ അൽ ദഹ്ദൂഹ് ചികിത്സക്കായി ഖത്തറിലെത്തി. ഈജിപ്തിലെ റഫ അതിർത്തി വഴിയാണ് വാഇൽ ദോഹയിലെത്തിയത്. അൽ ജസീറയിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് ദോഹയിൽ അദ്ദേഹത്തിന് നൽകിയത്.
ഡിസംബറിൽ ഖാൻ യൂനിസിലെ യു.എൻ സ്‌കൂളിനെതിരായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് വാഇലിന് പരിക്കേറ്റത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാമറാമാൻ സാമിർ അബൂ ദഖ കൊല്ലപ്പെട്ടിരുന്നു.
വാഇൽ ദഹ്ദൂഹിന്റെ ഭാര്യയും മക്കളും സഹപ്രവർത്തകരുമെല്ലാം ഇസ്രായേൽ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. പ്രിയപ്പെട്ടവരെല്ലാം കൊല്ലപ്പെട്ടപ്പോഴും അപാരമായ മനസ്സാന്നിധ്യത്തോടെ യുദ്ധഭൂമിയിൽ ഇസ്രായേലിന്റെ ക്രൂരതകൾ അൽ ജസീറയിലൂടെ ലോകത്തിന് മുന്നിലെത്തിച്ചത് വാഇൽ ആയിരുന്നു.
ഒക്ടോബർ 28ന് നുസൈറത് അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് വാഇലിന്റെ ഭാര്യയും 15കാരനായ മകനും ഏഴ് വയസുള്ള മകളും ഉൾപ്പെടെ എട്ട് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത്. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ മാറമാടുന്നതിന് മുമ്പ് തന്നെ വാഇൽ കാമറക്ക് മുന്നിലേക്ക് മടങ്ങിയെത്തിയിരുന്നു. ജനുവരി ഏഴിനുണ്ടായ ആക്രമണത്തിലാണ് വാഇലിന്റെ മറ്റൊരു മകനും മാധ്യമപ്രവർത്തകനുമായ ഹംസ ദഹ്ദൂഹ് കൊല്ലപ്പെട്ടത്.