ട്വിറ്ററിൽ ന്യൂസ് വായിക്കണോ? അടുത്ത മാസം മുതൽ പണം നൽകേണ്ടി വരും
|ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നിരവധി പരിഷ്കാരങ്ങളാണ് ഇലോൺ മസ്ക് നടപ്പാക്കി വരുന്നത്. അടുത്തിടെ പ്രമുഖരുടെ ബ്ലൂടിക്ക് വെരിഫിക്കേഷൻ ട്വിറ്റർ പിൻവലിച്ചിരുന്നു
വാർത്തകൾ വായിക്കാനും അറിയാനും കൂടുതൽ ആളുകളും ഇന്ന് ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയാണ്. പ്രധാന വാർത്തകൾ വിരൽത്തുമ്പിൽ എത്തുന്നതിനാൽ കൂടുതൽ സൗകര്യപ്രദവുമാണ് ഈ വഴി. എന്നാൽ, ട്വിറ്ററിൽ ഇനി മുതൽ വാർത്തകൾ വായിക്കണമെങ്കിൽ പണം നൽകേണ്ടി വരും. തങ്ങളുടെ ലേഖനങ്ങൾ വായിക്കാൻ ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ മാധ്യമ പ്രസാധകരെ അനുവദിക്കുമെന്ന് ഇലോൺ മസ്ക് പറഞ്ഞു. അടുത്ത മാസം മുതലാണ് നിലവിൽ വരിക.
ഓരോ ലേഖനത്തിന്റെയും അടിസ്ഥാനത്തിലാകും ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുക. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ എടുത്തില്ലെങ്കിൽ കൂടുതൽ പണം നൽകേണ്ടി വരും. നിരവധി മീഡിയ പ്രസാധകർ ഇതിനകം തന്നെ അവരുടെ വെബ്‌സൈറ്റുകളിൽ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള രീതി ഏർപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നിരവധി പരിഷ്കാരങ്ങളാണ് ഇലോൺ മസ്ക് നടപ്പാക്കി വരുന്നത്. അടുത്തിടെ പ്രമുഖരുടെ ബ്ലൂടിക്ക് വെരിഫിക്കേഷൻ ട്വിറ്റർ പിൻവലിച്ചിരുന്നു. ബ്ലൂടിക്ക് തുടരുന്നതിന് പ്രതിമാസ തുക നൽകണമെന്ന് നേരത്തെ ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകമെമ്പാടുമുള്ള പ്രമുഖരുടെ ബ്ലുടിക്ക് ട്വിറ്റർ പിൻവലിച്ചത്.
ബോളിവുഡ് നടൻമാരായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ, മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തമിഴ് താരം വിജയ്, പ്രകാശ് രാജ്, തൃഷ തുടങ്ങി ഇന്ത്യക്കാരായ നിരവധി പ്രമുഖരുടെ ട്വിറ്റർ ബ്ലൂടിക്ക് നഷ്ടമായിട്ടുണ്ട്.
പ്രതിമാസം എട്ട് ഡോളർ (644.20 രൂപ) അടയ്ക്കുന്ന ആർക്കും ഇനി മുതൽ ബ്ലൂടിക്ക് ലഭ്യമാകും. ബ്ലൂടിക്ക് ചിഹ്നത്തിനായി ഒരു മാസത്തിൽ 719 രൂപയാണ് ഇന്ത്യയിൽ നൽകേണ്ടത്. തീരുമാനത്തിന് പിന്നാലെ നിരവധി വ്യാജ പ്രൊഫെെലുകൾ ട്വിറ്ററിൽ ഉണ്ടാവുകയും ഇതിന് ബ്ലൂടിക്ക് ചിഹ്നം ലഭിക്കുകയും ചെയ്തിരുന്നു. ജീസസ് ക്രൈസ്റ്റ് മുതൽ ജോർജ് വാഷിംഗ്ഡൺ വരെയുള്ളവർക്കാണ് ട്വിറ്ററിൽ വെരിഫിക്കേഷൻ ലഭിച്ചത്.
മസ്‌ക് ട്വിറ്റർ ഉടമസ്ഥാവകാശം ഏറ്റെടുത്തിനു പിന്നാലെ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗ്രവാളിനെ പുറത്താക്കിയിരുന്നു. ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, പോളിസി ചീഫ് വിജയ ഗദ്ദെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കി. തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇലോൺ മസ്‌ക് ഉദ്യോഗസ്ഥരെ പുറത്താക്കിയത്.ട്വിറ്ററിലെ ഏകദേശം 7500 ജീവനക്കാർ ഭാവിയെ കുറിച്ച് ആശങ്കയിലാണ്. 75 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കൂടുതൽ പണം സമ്പാദിക്കാനല്ല താൻ ട്വിറ്റർ വാങ്ങിയതെന്നും മനുഷ്യരാശിയെ സഹായിക്കുകയാണ് ലക്ഷ്യമെന്നും ഇലോൺ മസ്‌ക് അവകാശപ്പെടുന്നു. 4400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോൺ മസ്‌കിട്ട വില.