World
thailand and israel flag
World

ആഘോഷ പരിപാടിക്കിടെ ആക്രമണത്തിന് സാധ്യത; തായ്‍ലൻഡിലെ ഇസ്രായേലി പൗരൻമാർക്ക് മുന്നറിയിപ്പ്

Web Desk
|
12 Nov 2024 4:32 PM GMT

കഴിഞ്ഞമാസം ശ്രീലങ്കയിൽനിന്ന് ഇസ്രായേലി പൗരൻമാരോട് മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു

ബാങ്കോങ്: തായ്‍ലൻഡിലുള്ള ഇസ്രായേലി പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി സർക്കാർ. തായ്‍ലൻഡിലുടനീളം ഇസ്രായേലികൾക്കും ജൂതൻമാർക്കും നേരെ ആക്രമണുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. നവംബർ 15ന് കോ ഫംഗൻ ദ്വീപിൽ പ്രശസ്തമായ ഫുൾ മൂൺ പാർട്ടി നടക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് തായ് പൊലീസ് ഇസ്രായേലി സർക്കാറിനെ അറിയിച്ചത്. അതേസമയം, ഇസ്രായേലികളോട് രാജ്യം വിടാനുള്ള നിർദേശം നൽകിയിട്ടില്ല.

സമീപ മാസങ്ങളിൽ തായ് സുരക്ഷാ സേനയുമായി സഹകരിച്ച് ഇസ്രായേലി സുരക്ഷാ വിഭാഗങ്ങൾ രാജ്യത്ത് നിരവധി സംഭവങ്ങൾ തടഞ്ഞിട്ടുണ്ടെന്ന് മൊസാദിനും ദേശീയ സുരക്ഷാ കൗൺസിലിനും വേണ്ടി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഒക്ടോബർ ഏഴിനുശേഷം ഇറാനും അതിന്റെ സഖ്യകക്ഷികളും ലോകമെമ്പാടുമുള്ള ഇസ്രായേലികളെയും ജൂതൻമാരെയും ആക്രമിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ ആരോപിച്ചു.

തായ്‍ലൻഡിലെ ഇസ്രായേല​ി​കളോട് ജാഗ്രത പാലിക്കാൻ ദേശീയ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ഇസ്രായേലി, ജൂത ഐഡന്റിറ്റി പുറത്തുകാണിക്കുന്നത് ഒഴിവാക്കണം, ഇസ്രായേലികളുമായി ബന്ധപ്പെട്ട വലിയരീതിയിലുള്ള പരിപാടികൾ പാടില്ല, സാമൂഹിക മാധ്യമങ്ങളിൽ യാത്രാ പദ്ധതികൾ മുൻകൂട്ടി പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണം, ഇസ്രായേലികൾക്ക് നേരെ ഏതെങ്കിലും രീതിയിൽ ആക്രമണുണ്ടാകുമെന്ന് സംശയിക്കുകയാണെങ്കിൽ പ്രാദേശിക സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെടണം തുടങ്ങിയ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ഫുൾ മൂൺ പാർട്ടി നടക്കുന്നത്. സാധാരണഗതിയിൽ ആയിരക്കണക്കിന് ഇസ്രായേലി ടൂറിസ്റ്റുകൾ ഇതിൽ പ​ങ്കെടുക്കാറുണ്ട്. അതിനാൽ തന്നെ ആഘോഷത്തിനിടെ ഇസ്രായേലികളെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ശക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഇസ്രായേലി മാധ്യമമായ വൈനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കോ ഫംഗൻ ദ്വീപിലുടനീളം പൊലീസ് ചെക്കിങ് പോയിന്റുകൾ തീർത്തിട്ടുണ്ട്.

നേരത്തെ ആക്രമണ ഭീഷണിയെ തുടർന്ന് കഴിഞ്ഞമാസം ശ്രീലങ്കയിൽനിന്ന് പൗരൻമാരോട് മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തായ്‍ലൻഡിലും ഭീഷണിയുണ്ടെന്ന റിപ്പോർട്ട് വരുന്നത്.

ദിവസങ്ങൾക്ക് മുമ്പ് നെതർലൻഡിലെ ആംസ്റ്റർഡാമിലും ഇസ്രായേലി പൗരൻമാർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. യൂറോപ്പ ലീഗ് മത്സരത്തിന് മുമ്പ് ഇസ്രായേൽ അനുകൂലികൾ ഫലസ്‌തീൻ പതാകകൾ നശിപ്പിച്ചതിനെ തുടർന്നാണ് ആംസ്റ്റർഡാംഷെ ഫുട്ബാൾ ക്ലബ്ബായ അജാക്‌സിന്റെയും ഇസ്രായേലി പ്രൊഫഷണൽ ഫുട്ബാൾ ക്ലബ്ബായ മക്കാബി ടെൽ അവീവിന്റേയും ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ രണ്ട് ഇസ്രായേലികളെ കാണാതാവുകയും പത്ത് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഫ്രാൻസിലും ഇസ്രായേലി പൗരൻമാർക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച പാരീസിൽ ഇസ്രായേലും ഫ്രാൻസും തമ്മിൽ യുവേഫ നാഷൻസ് ലീഗ് ഫുട്ബാൾ മത്സരമുണ്ട്. ഗ്രൗണ്ടിൽ കനത്ത സുരക്ഷയാണ് പാരീസ് പൊലീസ് ഒരുക്കുന്നത്. 4000 പൊലീസുകാരെയും 1600 സ്റ്റേഡിയം ജീവനക്കാരെയും വിന്യസിക്കുമെന്ന് പൊലീസ് അറിയിച്ചു. മത്സരം കാണാൻ പോകരുതെന്ന് പൗരൻമാർക്ക് ഇസ്രായേലി ദേശീയ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Tags :
Similar Posts