ഇസ്രായേൽ കള്ളം വീണ്ടും ചീറ്റി; അൽ ശിഫ ആശുപത്രി ഹമാസ് ഒളിത്താവളമാക്കിയെന്ന ആരോപണം തെറ്റെന്ന് വാഷിങ്ടൺ പോസ്റ്റ് അന്വേഷണം
|ആശുപത്രിക്ക് താഴെ ടണലുകൾ ഉണ്ടെന്നും ഇവിടെയാണ് ഹമാസ് ബന്ദികളെ പാർപ്പിച്ചതെന്നും ആരോപിച്ച് ഇസ്രായേൽ സൈന്യം വൻ ആക്രമണമാണ് നേരത്തെ അൽ ശിഫയ്ക്ക് നേരെ നടത്തിയത്.
ഗസ്സയിലെ അൽ ശിഫ ആശുപത്രി പ്രവർത്തിച്ചിരുന്നത് ഹമാസ് ഒളിത്താവളമായിട്ടായിരുന്നെന്നും അവരുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന ടണലുകൾക്ക് മുകളിലാണ് ആതുരാലയം പ്രവർത്തിച്ചിരുന്നതെന്നുമുള്ള ഇസ്രായേൽ പ്രചരണം വീണ്ടും പൊളിഞ്ഞു. അൽ ശിഫ ആശുപത്രിയെ ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി ഉപയോഗിച്ചിരുന്നുവെന്ന് കാണിക്കാനുള്ള തെളിവുകൾ ഒന്നുമില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് അന്വേഷണത്തിൽ തെളിഞ്ഞു.
'ഐഡിഎഫ് തലവൻ ഡാനിയൽ ഹഗാരി കണ്ടെത്തിയ അഞ്ച് ആശുപത്രി കെട്ടിടങ്ങൾ ടണൽ ശൃംഖലയുമായി ബന്ധിപ്പിച്ചതിന് തെളിവുകളൊന്നുമില്ല', 'തുരങ്കങ്ങളുമായി ബന്ധിപ്പിച്ച മുറികൾ ഹമാസ് സൈനികമായി ഉപയോഗിച്ചതിന് തെളിവുകളൊന്നുമില്ല', 'അൽ ശിഫ ആശുപത്രി വാർഡിനുള്ളിൽ നിന്ന് തുരങ്കങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയും എന്നതിന് തെളിവുകളൊന്നുമില്ല'- എന്നിങ്ങനെയാണ് വാഷിങ്ടൺ പോസ്റ്റ് അന്വേഷണത്തിലെ കണ്ടെത്തലുകൾ.
'അഞ്ച് ആശുപത്രി കെട്ടിടങ്ങൾ ഹമാസ് പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളായിരുന്നു', 'റോക്കറ്റ് ആക്രമണങ്ങൾ നടത്താനും പോരാളികളെ നിയന്ത്രിക്കാനും ഹമാസ് ഉപയോഗിച്ചിരുന്ന ഭൂഗർഭ തുരങ്കങ്ങൾക്ക് മുകളിലായിരുന്നു ആശുപത്രി കെട്ടിടങ്ങൾ', 'ആശുപത്രി വാർഡുകൾക്കുള്ളിൽ നിന്ന് തുരങ്കങ്ങളിലേക്ക് പ്രവേശിക്കാം'- എന്നൊക്കെയായിരുന്നു ഇസ്രായേൽ ആരോപണങ്ങൾ.
അല്‍ ശിഫ ആശുപത്രി മറയാക്കി ഹമാസ് പോരാളികള്‍ പ്രവര്‍ത്തിക്കുവെന്ന് യു.എസ് ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെല്ലാം തെറ്റാണെന്ന് ഓപ്പൺ സോഴ്സ് ദൃശ്യങ്ങൾ, സാറ്റലൈറ്റ് ചിത്രങ്ങൾ, ഐഡിഎഫ് ഡോക്യുമെന്റേഷനുകൾ എന്നിവയൊക്കെ വിശകലനം ചെയ്തുള്ള വാഷിങ്ടൺ പോസ്റ്റിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.
ആശുപത്രിക്ക് താഴെ ടണലുകൾ ഉണ്ടെന്നും ഇവിടെയാണ് ഹമാസ് ബന്ദികളെ പാർപ്പിച്ചതെന്നും ആരോപിച്ച് ഇസ്രായേൽ സൈന്യം വൻ ആക്രമണമാണ് നേരത്തെ അൽ ശിഫയ്ക്ക് നേരെ നടത്തിയത്. റെയ്ഡിനു പിന്നാലെയുള്ള ആക്രമണത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ ആശുപത്രിയിലേക്കുള്ള വൈദ്യുതി സേവനങ്ങൾ ഇസ്രായേൽ സേന വിച്ഛേദിക്കുകയും ഇന്ധന വിതരണം തടയുകയും നവജാത ശിശുക്കളടക്കം നിരവധി രോഗികളെ മരണത്തിലേക്ക് തള്ളിയിടുകയും ചെയ്തിരുന്നു.
എന്നാൽ ആരോപണം നിഷേധിച്ച് രംഗത്തെത്തിയ ഹമാസ്, ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാനുള്ള പുതിയ നീക്കമാണ് ഇസ്രായേലിന്റെ നുണപ്രചരണത്തിന് പിന്നിലെന്നും വ്യക്തമാക്കിയിരുന്നു. ഇസ്റായേലിന്റേത് വ്യാജപ്രചരണമാണെന്ന് ചൂണ്ടിക്കാട്ടി ഫലസ്തീനികളും രംഗത്തെത്തിയിരുന്നു. അല്‍ ശിഫ ആശുപത്രിയില്‍ ഇസ്റായേല്‍ കണ്ടെത്തിയെന്ന് പറയുന്ന തുരങ്കം ജനറേറ്റര്‍ റൂമില്‍ നിന്ന് മറ്റു കെട്ടിടങ്ങളിലേക്കുള്ള ഇലക്ട്രിസിറ്റി കേബിളുകള്‍ വ്യാപിപ്പിക്കാനുള്ള കോണ്‍ഗ്രീറ്റ് ചാനലുകളാണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
അൽ ശിഫ ആശുപത്രിയിൽ നിന്ന് ഒന്നും കണ്ടെത്താനാവാതെ ഇസ്രായേൽ സൈന്യം മടങ്ങിയെന്ന് ഗസ്സ സർക്കാരിന്റെ മീഡിയാ ഓഫീസ് അറിയിച്ചിരുന്നു. നുണകളും വ്യാജപ്രചാരണങ്ങളും തെളിയിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടെന്നും ഗസ്സ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, നുണപ്രചാരണം പൊളിഞ്ഞതിന് പിന്നാലെ സയണിസ്റ്റ് സേന ആക്രമണം കൂടുതല്‍ ശക്തമാക്കുകയും ചെയ്തിരുന്നു.
അല്‍ ശിഫ ആശുപത്രിയിലെ സര്‍ജറി കെട്ടിടം പൂര്‍ണമായി തകര്‍ത്ത ഇസ്രായേൽ രോഗികള്‍ ഉള്‍പെടെ 200ഓളം ആളുകളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വിവിധ പരിശോധനാ വിഭാഗങ്ങള്‍ക്കു പുറമെ മരുന്ന് മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടേയും സംഭരണശാല സേന ബോംബിട്ടു തകര്‍ത്തു. ഉള്‍വശത്തെ ചുമരുകളും കെട്ടിടത്തിനുള്ളിലെ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.