World
washington post cartoon
World

ഫലസ്തീൻ വിരുദ്ധ വംശീയ കാർട്ടൂൺ; പിൻവലിച്ച് വാഷിങ്ടൺ പോസ്റ്റ്

Web Desk
|
10 Nov 2023 6:35 AM GMT

ഖേദം പ്രകടിപ്പിച്ച് എഡിറ്റർ ഡേവിഡ് ഷിപ്ലേ

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനിടെ ഫലസ്തീനികളെ വംശീയമായി അധിക്ഷേപിച്ച് പ്രസിദ്ധീകരിച്ച കാർട്ടൂൺ പിൻവലിച്ച് വാഷിങ്ടൺ പോസ്റ്റ്. ഫലസ്തീനികളെ ശരീരത്തിന് ചുറ്റും കയറില്‍ കെട്ടി 'ഇസ്രായേലിന് സിവിലിയന്മാരെ ആക്രമിക്കാൻ എങ്ങനെ ധൈര്യം വരുന്നു' എന്ന് ചോദിക്കുന്ന ഹമാസ് വക്താവിനെയാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഭീതിയോടെ നോക്കുന്ന സ്ത്രീയെയും നാലു കുഞ്ഞുങ്ങളെയുമാണ് അരയിൽ കെട്ടിയതായി ചിത്രീകരിച്ചിട്ടുള്ളത്.

നവംബർ എട്ടിലെ പ്രിന്റ് എഡിഷനിലാണ് മൈക്കൽ റാമിറസ് വരച്ചതാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. വിവാദമായതോടെ വാഷിങ്ടൺ പോസ്റ്റ് അത് ഡിലീറ്റ് ചെയ്തു. ഒപീനിയൻ എഡിറ്റർ ഡേവിഡ് ഷിപ്ലേ വിശദീകരണക്കുറിപ്പിറക്കുകയും ചെയ്തു. നിരായുധരായ ഇസ്രായേൽ സിവിലിയന്മാർക്ക് നേരെ ആക്രമണം നടത്തുന്ന ഹമാസ് വക്താവിന്റെ കാരിക്കേച്ചർ മാത്രമായാണ് താൻ കാർട്ടൂണിനെ കണ്ടതെന്ന് ഷിപ്ലേ വിശദീകരിച്ചു. എന്നാൽ ഗഹനമായ ചില കാര്യങ്ങൾ തനിക്ക് നഷ്ടപ്പെട്ടു. അതിൽ താൻ ദുഃഖിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.



വായനക്കാർ രൂക്ഷമായാണ് കാർട്ടൂണിനോട് പ്രതികരിച്ചത്. 'ഇത് വാഷിങ്ടൺ പോസ്റ്റ്. ഇത് ഫലസ്തീൻ വിരുദ്ധ വംശീയതയാണ്. ഇത് പ്രസിദ്ധീകരണ യോഗ്യവുമാണ്' - ഫലസ്തീൻ അമേരിക്കൻ കവി റെമി കനാസി പരിഹസിച്ചു. ഗസ്സയിലെ കൂട്ടക്കുരുതിക്ക് മുന്നുപാധി ഒരുക്കുന്ന മനുഷ്യത്വവിരുദ്ധമായ വംശീയതയാണ് കാർട്ടൂണെന്ന് ബ്രിട്ടീഷ് ഇടതുപക്ഷ നേതാവ് ഓവൻ ജോൺസ് പറഞ്ഞു.

അതിനിടെ, ഗസ്സയിൽ ദിവസേന നാലു മണിക്കൂർ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇതുവരെ 10500ലേറെ ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 40 ശതമാനവും കുട്ടികളാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം പറയുന്നു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 1400 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 242 പേർ ബന്ദികളാണ്.




Similar Posts