'ഗസ്സയിൽ ബോംബുകൾ നിറഞ്ഞ ആകാശത്തിന് താഴെ കുട്ടികൾക്കെങ്ങനെ പോളിയോ വാക്‌സിൻ നൽകും?'; യു.എൻ ഏജൻസി
|ഗസ്സയിൽ പോളിയോയ്‌ക്കെതിരെ വൻതോതിലുള്ള വാക്സിനേഷൻ കാമ്പയ്ൻ ഉടൻ ആരംഭിക്കേണ്ടതുണ്ടെന്നും അതിനായി താൽക്കാലിക യുദ്ധവിരാമം ആവശ്യമാണെന്നും ഏജൻസി വ്യക്തമാക്കി.
ഗസ്സ: ഇസ്രായേൽ സേനയുടെ കൂട്ടക്കുരുതി തുടരുന്ന ഗസ്സയിൽ പോളിയോ ആശങ്കയും ഉയർന്നിരിക്കെ വാക്സിൻ വിതരണം അനിശ്ചിതത്വത്തിൽ. ബോംബുംകളും ഷെല്ലുകളും നിറഞ്ഞ ആകാശത്തിനു താഴെ തങ്ങളെങ്ങനെ കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകുമെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി യു.എൻ.ആർ.ഡബ്ല്യു.എ ചോദിച്ചു. ആക്രമണ പശ്ചാത്തലത്തിൽ യു.എൻ ഓഫീസ് പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് വാക്സിൻ വിതരണം പ്രതിസന്ധിയിലായിരിക്കുന്നത്.
ഗസ്സയിൽ പോളിയോയ്‌ക്കെതിരെ വൻതോതിലുള്ള വാക്സിനേഷൻ കാമ്പയ്ൻ ഉടൻ ആരംഭിക്കേണ്ടതുണ്ടെന്നും അതിനായി താൽക്കാലിക യുദ്ധവിരാമം ആവശ്യമാണെന്നും ഏജൻസി വ്യക്തമാക്കി. ഏകദേശം 1.2 ദശലക്ഷം വാക്സിനുകൾ ഗാസയിൽ എത്തിയിട്ടുണ്ട്. ഒരു കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എങ്കിലും എല്ലാ കുട്ടികൾക്കും വാക്സിനേഷൻ നൽകേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഒരാഴ്ചക്കാലത്തേക്കെങ്കിലും ആക്രമണം നിർത്തിവയ്ക്കണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു.
യുദ്ധം തകർത്ത ഗസ്സയിൽ 10 മാസം പ്രായമുള്ള കുഞ്ഞിനാണ് പോളിയോ വൈറസ് ബാധയുണ്ടായത്. ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച ഈ കുഞ്ഞിന് കഴിഞ്ഞയാഴ്ച പക്ഷാഘാതം സംഭവിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് 25 വർഷത്തിനിടെ ഇത്തരമൊരു കേസ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇതോടെ എല്ലാ കുഞ്ഞുങ്ങൾക്കും അടിയന്തര പ്രതിരോധ കുത്തിവയ്പ്പുകൾ നൽകണമെന്ന ആവശ്യവുമായി യു.എൻ ഏജൻസികൾ രംഗത്തുവരികയായിരുന്നു.
ടൈപ്പ് ഒന്ന്, മൂന്ന് തുടങ്ങിയവയേക്കാൾ അപകടകരമല്ല ടൈപ്പ് രണ്ട് വൈറസ്. എന്നാൽ കുറഞ്ഞ വാക്സിനേഷൻ നിരക്കുള്ള പ്രദേശങ്ങളിൽ ഏറ്റവും കൂടുതലുണ്ടാവാറുള്ള വൈറസാണിത്. ഈ സാഹചര്യത്തിലാണ് വാക്സിൻ വിതരണത്തിനൊരുങ്ങി യു.എൻ ഏജൻസി രംഗത്തെത്തിയത്. എന്നാൽ അതിനാവശ്യമായ സാഹചര്യം ഇതുവരെയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇത് രോഗവ്യാപന ഭീതിയും ഉയർത്തുന്നു. യു.എൻ ഏജൻസിയുടെ ഏറ്റവും പുതിയ നിർദേശവും അവഗണിച്ച് ഇപ്പോഴും ഗസ്സയിലും സമീപ പ്രദേശങ്ങളിലും ആക്രമണം തുടരുകയാണ് ഇസ്രായേൽ. തുടർച്ചയായ ബോംബാക്രമണമാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഗസ്സയിൽ നടന്നത്.
കിഴക്കൻ ദേർ അൽ-ബലാഹിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അഭയസ്ഥാനമായ ഒരു സ്‌കൂളിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ എട്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. കൂടാതെ, ഖാൻ യൂനിസിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ, തുൽകറേം മേഖലകളിൽ അഭയാർഥി ക്യാമ്പുകളടക്കം സൈന്യം ആക്രമിച്ചു. നൂറുകണക്കിന് സൈനികരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
പാതകളെല്ലാം അടച്ച് ജെനിൻ നഗരത്തെ വളഞ്ഞ സൈന്യം ആശുപത്രികളടക്കം നിയന്ത്രണത്തിലാക്കി. 2002ന് ശേഷം വെസ്റ്റ് ബാങ്ക് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെസ്റ്റ് ബാങ്കിൻ്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജെനിൻ 14,000ലേറെ അഭയാർഥികൾ കഴിയുന്ന പ്രദേശമാണ്. ഉയർന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം ബുദ്ധിമുട്ടുന്ന ഇവിടുത്തെ ക്യാമ്പിലെ താമസക്കാർ 1948ൽ ഇസ്രായേൽ സ്ഥാപിതമായ സമയത്ത് കുടിയിറക്കപ്പെട്ട ഫലസ്തീനികളുടെ പിൻഗാമികളാണ്.
ജെനിൻ്റെ കിഴക്കൻ പ്രദേശത്ത് ഇസ്രായേൽ സൈന്യം കർഫ്യൂ ഏർപ്പെടുത്തുകയും ഫലസ്തീനികളെ വീടുകളിൽനിന്ന് പുറത്തിറക്കാതെ തടയുകയും ചെയ്തെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം വീടുകളിൽ റെയ്ഡുകളും ആക്രമണവും തുടരുകയാണ്. റെയ്ഡുകൾ തുടരുന്ന സാഹചര്യത്തിൽ വെസ്റ്റ് ബാങ്കിലേക്ക് പോവാനായി ഫലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹമൂദ് അബ്ബാസ് സൗദി അറേബ്യയിലേക്കുള്ള യാത്ര വെട്ടിച്ചുരുക്കുകയാണെന്ന് വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,500 കടന്നു.
ഇതിനിടെ, അൽ അഖ്സ പള്ളിയിൽ സിനഗോഗ് സ്ഥാപിക്കുമെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യനോഷ്യയും രംഗത്തെത്തി. ഇസ്രായേലിന്റെ നിയമലംഘനങ്ങൾക്കെതിരെ യു.എൻ രക്ഷാ കൗൺസിൽ നടപടിയെടുക്കണമെന്ന് ജോർദാനും ആവശ്യപ്പെട്ടു. അതേസമയം, സിറിയ- ലെബനൻ അതിർത്തിയിലുണ്ടായ ആക്രമണത്തിൽ ഹിസ്ബുല്ല അംഗം ഫറാസ് ഖാസിമിനെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിലും, വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ നടക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇറാൻ തിരിച്ചടിക്കാനുള്ള സാധ്യത സംബന്ധിച്ച മുന്നറിയിപ്പും യു.എസ് ഇസ്രായേലിന് നൽകിയിട്ടുണ്ട്.