''ഞങ്ങൾ റഷ്യക്കു മുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല'': യുക്രൈൻ വിദേശകാര്യ മന്ത്രി
|വെടിനിർത്തൽ കരാർ അംഗീകരിക്കുന്ന കാര്യത്തിൽ യുക്രൈനും റഷ്യയും പുരോഗതി കൈവരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രി
റഷ്യക്കു മുന്നിൽ കീഴടങ്ങാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ. വെടിനിർത്തൽ കരാർ അംഗീകരിക്കുന്ന കാര്യത്തിൽ യുക്രൈനും റഷ്യയും പുരോഗതി കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി അന്റാലിയയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിമിട്രോ കുലേബയുടെ പ്രതികരണം.
'ഞങ്ങൾ നയതന്ത്രത്തിന് തയ്യാറാണ്, ഞങ്ങൾ നയതന്ത്ര തീരുമാനങ്ങൾ തേടുകയും സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്നു, എന്നാൽ റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഞങ്ങൾ സുസജ്ജമാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം യുക്രൈന് യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകുന്ന കാര്യം നാളേയ്ക്കുവെയ്ക്കാനുള്ളതല്ലെന്ന് ഫ്രഞ്ച് യൂറോപ്യൻ കാര്യ മന്ത്രി ക്ലെമന്റ് ബ്യൂൺ പറഞ്ഞു. യുക്രൈനിലെ റഷ്യൻ അധിനിവേശം മൂലമുണ്ടായ പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ ഫ്രാൻസിൽ ഒത്തുകൂടിയപ്പോളാണ് അദ്ദേഹത്തിന്റെ പരാമർശം.
യുക്രൈന്റെ യൂറോപ്യൻ യൂണിയൻ പ്രവേശനത്തിന് സമയമെടുക്കുമെന്നു തന്നെയാണ് നേതാക്കൾ വ്യക്തമാക്കുന്നത്. തങ്ങൾക്ക് യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകണമെന്ന് യുക്രൈൻ പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വാദങ്ങളെ യൂറോപ്യൻ യൂണിയൻ നേതാക്കൾ തള്ളിക്കളയുന്നുമില്ല. റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതോടെ റഷ്യയിൽ നിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ, വാതകം, കൽക്കരി എന്നിവ വാങ്ങുന്നത് ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്നും യൂറോപ്യൻ യൂണിൻ നേതാക്കൾ അറിയിച്ചു.