World
Twitter ex-CEO Jack Dorsey about pressure from Narendra Modi government during farmers protest, We’ll shut Twitter down, raid homes, Jack Dorsey-Narendra Modi government-farmers protest, Twitter ex-CEO Jack Dorsey about Narendra Modi government, Narendra Modi government, Jack Dorsey, Twitter CEO
World

'ട്വിറ്റർ ഓഫീസ് അടച്ചുപൂട്ടും, ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യും'; കർഷകസമരക്കാലത്ത് മോദി സർക്കാർ ഭീഷണിപ്പെടുത്തിയെന്ന് മുൻ സി.ഇ.ഒ

Web Desk
|
13 Jun 2023 3:26 AM GMT

ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അവസ്ഥയാണിതെന്ന് ട്വിറ്റര്‍ മുൻ സി.ഇ.ഒ ജാക്ക് ഡോർസി അഭിമുഖത്തിൽ പരിഹസിച്ചു

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ മുൻ സി.ഇ.ഒ ജാക്ക് ജോർസി. കർഷക സമരത്തിന്റെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെയും വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് സമ്മർദമുണ്ടായെന്നാണ് വെളിപ്പെടുത്തൽ. ഇല്ലെങ്കിൽ ഓഫീസ് അടച്ചുപൂട്ടുകയും വസതികളിൽ റെയ്ഡ് നടത്തുകയും ചെയ്യുമെന്നായിരുന്നു ഭീഷണി.

'ബ്രേക്കിങ് പോയിന്റ്‌സ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ. ട്വിറ്റർ തലപ്പത്തിരുന്ന കാലത്ത് വിദേശ ഭരണകൂടങ്ങളിൽനിന്ന് സമ്മർദങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിലാണ് ഇന്ത്യയിലെ ഭരണകൂട ഇടപെടലിനെക്കുറിച്ച് ഡോർസി തുറന്നുപറഞ്ഞത്.

കർഷകസമരവുമായും സർക്കാരിനെ വിമർശിക്കുന്ന ചില മാധ്യമപ്രവർത്തകരുമായും ബന്ധപ്പെട്ട് പല ആവശ്യങ്ങളുമായി സമീപിച്ച രാജ്യമാണ് ഇന്ത്യയെന്ന് ഡോർസി വെളിപ്പെടുത്തി. ഞങ്ങളുടെ വലിയ മാർക്കറ്റുകളിലൊന്നായ ഇന്ത്യയിലെ ഓഫിസ് അടച്ചുപൂട്ടുമെന്നടക്കമുള്ള ഭീഷണിയുണ്ടായി. ഞങ്ങളുടെ ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. അവർ പിന്നീട് റെയ്ഡ് ചെയ്യുകയുമുണ്ടായി. അവർ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഓഫിസുകൾ അടച്ചുപൂട്ടുമെന്നായിരുന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അവസ്ഥയാണിതെന്ന് അദ്ദേഹം അഭിമുഖത്തിൽ പരിഹസിച്ചു. ഇന്ത്യയ്ക്കു പുറമെ ചൈനയിലും തുർക്കിയിലും നൈജീരിയയിലുമെല്ലാം സെൻസർഷിപ്പിന്റെ പേരിൽ ഇടപെടലുണ്ടായിട്ടുണ്ടെന്നും ഡോർസി പറഞ്ഞു. തുർക്കിയിൽ നിയമപരമായി നേരിട്ട് കോടതിയിൽ വിജയം കാണാനായ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

2021 ഫെബ്രുവരിൽ കർഷകസമരം രൂക്ഷമായ ഘട്ടത്തിൽ 1,200 ഹാൻഡിലുകൾ നീക്കംചെയ്യണമെന്ന് കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. കർഷകസമരവുമായി ബന്ധമുള്ള അക്കൗണ്ടുകളായിരുന്നു ഇവ. പാകിസ്താൻ, ഖലിസ്താൻ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ ആവശ്യം. സമരത്തെ പിന്തുണയ്ക്കുന്ന ഏതാനും ട്വീറ്റുകൾ ഡോർസി ലൈക്ക് ചെയ്തതും കേന്ദ്ര സർക്കാർ ചോദ്യംചെയ്തിരുന്നതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.

Summary: ‘We’ll shut you down, raid homes': Twitter ex-CEO Jack Dorsey reveals about the pressure from Narendra Modi government during farmers' protest

Similar Posts