‘ഞങ്ങൾ വെറും യുഎസ് പതാകയിലെ നക്ഷത്രമല്ല’; അമേരിക്കക്കെതിരെ ഇസ്രായേൽ മന്ത്രി
|‘ആദ്യം ഞങ്ങൾ ഇസ്രായേലിനായി ഏറ്റവും മികച്ചത് ചെയ്യും’
ജറൂസലേം: യുദ്ധം അവസാനിച്ചശേഷം ഫലസ്തീനികളെ ഗസ്സയിൽനിന്ന് പുറത്താക്കാനുള്ള പദ്ധതിയെ എതിർത്ത അമേരിക്കക്കെതിരെ ഇസ്രായേൽ പൊലീസ് മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ‘എല്ലാ ആദരവോടെയും പറയുകയാണ്, ഞങ്ങൾ അമേരിക്കൻ പതാകയിലെ ഒരു നക്ഷത്രം മാത്രമല്ല’ - ഇറ്റാമർ ബെൻ ഗ്വിർ വ്യക്തമാക്കി.
‘അമേരിക്ക ഞങ്ങളുടെ അടുത്ത സുഹൃത്താണ്. എന്നാൽ, ആദ്യം ഞങ്ങൾ ഇസ്രായേലിനായി ഏറ്റവും മികച്ചത് ചെയ്യും. ഗസ്സയിൽനിന്ന് ലക്ഷക്കണക്കിന് ആളുകളെ മാറ്റുന്നത് വഴി കുടിയേറ്റക്കാർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനും സുരക്ഷിത ജീവിതം നയിക്കാനും ഇസ്രായേൽ സേനയെ സംരക്ഷിക്കാനും സാധിക്കും’ -ഇറ്റാമർ ബെൻ ഗ്വിർ ‘എക്സി’ൽ കുറിച്ചു.
നേരത്തെ, ഇസ്രായേലി മന്ത്രിമാരായ സ്മോട്രിച്ചും ബെൻ ഗ്വിറും നടത്തിയ പ്രസ്താവനകൾക്കെതിരെ യുഎസ് എതിർപ്പുമായി രംഗത്ത് വന്നിരുന്നു. യുദ്ധം തീർന്നാൽ ഗസ്സയിൽ ഇസ്രായേലികളെ പുനരധിവസിപ്പിക്കണമെന്ന പ്രകോപനപരവും നിരത്തുരവാദപരമായ പ്രസ്താവന തള്ളുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ ട്വീറ്റ് ചെയ്തു.
ഗസ്സയിൽനിന്ന് ഫലസ്തീനികളുടെ കൂട്ട കുടിയൊഴിപ്പിക്കൽ ഉണ്ടാവില്ലെന്ന് മില്ലർ പറഞ്ഞു. ഗസ്സ ഫലസ്തീനികളുടെ മണ്ണാണ്, അത് ഫലസ്തീനികളുടേതായി തുടരണമെന്നാണ് തങ്ങളുടെ നിലപാട്. എന്നാൽ, അതിന്റെ നിയന്ത്രണം ഹമാസിനായിരിക്കില്ല. ഇസ്രായേലിനെ ഭീഷണിപ്പെടുത്താൻ ഒരു തീവ്രവാദ സംഘടനയേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം,ഗസ്സയിൽനിന്ന് പുറന്തള്ളുന്നവർക്ക് താവളമൊരുക്കാൻ ഇസ്രായേൽ വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഫലസ്തീനികളെ മറ്റു രാജ്യങ്ങളിൽ പുനരധിവസിപ്പിക്കുന്നത് സർക്കാറിന്റെ ഔദ്യോഗിക നയമായി മാറിയിട്ടുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് പല രാജ്യങ്ങളുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്ക് ആയിരക്കണക്കിന് അഭയാർഥികളെ മാറ്റുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഇവരെ സ്വീകരിക്കാൻ കോംഗോ തയാറാണെന്നും മറ്റു രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്നും സുരക്ഷ കാബിനറ്റിലെ മുതിർന്ന വൃത്തങ്ങൾ അറിയിച്ചു.