'ഫലസ്തീനികൾക്ക് സുരക്ഷയൊരുക്കണം; തീവ്ര കുടിയേറ്റക്കാരെ നിലയ്ക്കു നിർത്തണം'-ഇസ്രായേലിനോട് സ്വരംകടുപ്പിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ
|വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, കാനഡ, ആസ്ട്രേലിയ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളും ഇ.യുവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്
ലണ്ടൻ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നടക്കുന്ന ജൂത കുടിയേറ്റങ്ങളെയും അതിക്രമങ്ങളെയും അപലപിച്ച് യൂറോപ്യൻ യൂനിയനും പടിഞ്ഞാറൻ രാജ്യങ്ങളും. അനധികൃത കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങൾ നിർത്തിവയ്പ്പിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ രാജ്യങ്ങൾ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂനിയനും വിവിധ ഇ.യു രാജ്യങ്ങൾക്കും പുറമെ ബ്രിട്ടൻ, ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്രായേലിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു രംഗത്തെത്തിയിരിക്കുന്നത്.
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന നിലപാട് ആവർത്തിക്കുകയാണെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കി. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണം. നിയമവിരുദ്ധ കുടിയേറ്റങ്ങളും കുടിയൊഴിപ്പിക്കലും നിരോധിച്ച ജനീവ കൺവെൻഷനിലെ ആർട്ടിക്കിൾ 49 അനുസരിക്കാൻ തയാറാകണമെന്നും പ്രസ്താവനയിൽ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
തീവ്ര കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ സമൂഹത്തെ അടിയന്തരമായും ഫലപ്രദമായും സംരക്ഷിക്കാനുള്ള ഉറച്ച നടപടികളുണ്ടാകണം. ഇസ്രായേൽ ഫലസ്തീനികളെ സംരക്ഷിക്കുകയും തീവ്ര കുടിയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യാത്തതു കാരണം ഇവരുടെ അക്രമങ്ങൾ അഭൂതപൂർവ സ്ഥിതിയിലെത്തിയിരിക്കുകയാണ്. ശാശ്വതമായ സമാധാനശ്രമങ്ങൾക്കാണ് ഇതു ഭീഷണിയുയർത്തുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആസ്ട്രേലിയ, ബെൽജിയം, കാനഡ, ഡെന്മാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, അയർലൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, നോർവേ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ഇ.യുവിനു പുറമെ സംയുക്തപ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്. ഫലസ്തീനികൾക്കെതിരെ അതിക്രമം നടത്തുന്ന കുടിയേറ്റക്കാർക്ക് ബ്രിട്ടനിൽ വിലക്കേർപ്പെടുത്തുമെന്ന് നേരത്തെ യു.കെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറോൺ മുന്നറിയിപ്പ് നൽകിയിരുന്നു. ഇ.യുവും സമാനമായ നീക്കത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
ഇതിനു പിന്നാലെയാണ് സംയുക്ത പ്രസ്താവന പുറത്തുവരുന്നത്. ഒക്ടോബറിനുശേഷം ഫലസ്തീനികൾക്കെതിരെ 343 ആക്രമണങ്ങൾ നടന്നതായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിൽ എട്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 83 പേർക്ക് പരിക്കേറ്റു. 1,026 പേർക്ക് സ്വന്തം വീടുകളിൽനിന്ന് പലായനം ചെയ്യേണ്ടിയും വന്നതായി സംയുക്ത പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.
Summary: Western countries, EU condemn 'extremist' settler violence in occupied West Bank