World
What is a pager Why does Hezbollah use it How did it explode?
World

എന്താണ് പേജർ?; എന്തുകൊണ്ട് ഹിസ്ബുല്ല ഉപയോഗിക്കുന്നു?; പൊട്ടിത്തെറിച്ചത് എങ്ങനെ?

Web Desk
|
17 Sep 2024 5:48 PM GMT

ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.

ലെബനാനിൽ ഹിസ്ബുല്ലയുടെ പേജറുകൾ പൊട്ടിത്തെറിച്ച് അവരുടെ അം​ഗങ്ങളടക്കം ഒമ്പതു പേർ കൊല്ലപ്പെടുകയും 2750ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. ദക്ഷിണ ലെബനനിലും ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്തുമായി അവർ ഉപയോഗിച്ചിരുന്ന വയർലെസ് കമ്യൂണിക്കേഷൻ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഈ ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് കരുതപ്പെടുന്നു.

ഇത്തരമൊരു ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. പേജറുകൾ സംബന്ധിച്ചും സ്ഫോടനങ്ങൾ എങ്ങനെയാണ് നടന്നതെന്നുമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെ ലഭ്യമായ വിവരങ്ങൾ ഇങ്ങനെയാണ്:

1) എന്താണ് പേജർ?

1960കളിൽ അടിയന്തര ആവശ്യങ്ങൾക്കായി വികസിപ്പിച്ച ചെറിയ വയർലെസ് കമ്യൂണിക്കേഷൻ ഉപകരണമാണ് പേജർ. പേജറിലൂടെ ഒരാൾ മറ്റൊരാളെ ബന്ധപ്പെടാൻ ശ്രമിച്ചെന്ന് അറിയിക്കുന്നതിന് റേഡിയോ തരംഗങ്ങളിലൂടെ ഡിജിറ്റൽ സിഗ്നലുകൾ അയയ്ക്കുന്നു. ചെറിയ ടെക്സ്റ്റ് മെസേജുകളും ഈ ഉപകരണത്തിലൂടെ അയയ്ക്കാൻ കഴിയും.

മൊബൈൽ ഫോണുകൾ വ്യാപകമാകുന്നതിന് മുമ്പ്, പേജർ ഒരു സാധാരണ ആശയവിനിമയ മാർഗമായിരുന്നു. പ്രത്യേകിച്ച് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും അടിയന്തര സേവന ജീവനക്കാർക്കും ഇടയിൽ സാധാരണയായി ഉപയോഗിച്ചിരുന്നു. സൈനിക, സുരക്ഷാ മേഖലകളിലും ഇത് ഉപയോഗിച്ചിരുന്നു.

2) എന്തുകൊണ്ടാണ് ഹിസ്ബുല്ല അംഗങ്ങൾ ഇത് കൈവശം വയ്ക്കുന്നത്?

പേജർ താരതമ്യേന പഴയ സാങ്കേതികവിദ്യയാണ്. അതിനെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ കഴിയില്ല. അതിനാൽ, മൊബൈൽ അല്ലെങ്കിൽ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുമ്പോൾ സാധാരണയായി കാണുന്ന സൈബർ ആക്രമണങ്ങളിൽ നിന്നും ചാര, നിരീക്ഷണ ശ്രമങ്ങളിൽ നിന്നും ഒരു പരിധി വരെ സുരക്ഷിതമാണ്. അതുകൊണ്ടാണ് ഇത് ഇപ്പോഴും സൈനിക, സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്നത്. അത് തന്നെയാണ് ഹിസ്ബുല്ല അംഗങ്ങൾ ഈ ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതിന്റേയും പ്രധാന കാരണം.

3) ഉപകരണങ്ങൾ എങ്ങനെയാണ് പൊട്ടിത്തെറിച്ചത്?

ഈ ഉപകരണങ്ങൾ എങ്ങനെ പൊട്ടിത്തെറിച്ചെന്ന് കൃത്യമായി അറിയാൻ കാത്തിരിക്കേണ്ടതുണ്ട്. ഇതിന്റെ കാരണങ്ങളെക്കുറിച്ചുള്ള പലതരം വിശദീകരണങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രബലമായ വിശദീകരണം ഇതാണ്- ഹിസ്ബുല്ല അംഗങ്ങൾ ഉപയോഗിക്കുന്ന എല്ലാ പേജറുകളിലും ഒരു ചിപ്പ് ഇറക്കുമതി ചെയ്ത് സ്ഥാപിച്ചിരിക്കാം. ഇസ്രായേൽ സൈന്യം ലെബനനിലെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ച ഡ്രോണുകളിലൂടെ അയച്ച റേഡിയോ തരംഗങ്ങളിലൂടെയാണ് ഈ ചിപ്പ് ആക്ടിവേറ്റ് ചെയ്തത്. ഈ തരംഗങ്ങൾ വഴി ബാറ്ററി ചൂടാക്കി സ്ഫോടനം സാധ്യമാക്കിയതാവാം.

ഈ നിരീക്ഷണത്തിന് പിൻബലമേകുന്നതാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസി ലെബനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. പൊട്ടിത്തെറിച്ച കമ്യൂണിക്കേഷൻ ഉപകരണങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കകം ഹിസ്ബുല്ല ഇറക്കുമതി ചെയ്ത 'ഏറ്റവും പുതിയ മോഡൽ' ആണെന്ന് അവർ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുള്ള ഉറവിടങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ വാൾസ്ട്രീറ്റ് ജേണൽ പത്രം റിപ്പോർട്ട് ചെയ്യുന്നതും ഈ ഉപകരണങ്ങൾ ഹിസ്ബുല്ല അടുത്തിടെ ഇറക്കുമതി ചെയ്തതാണെന്നാണ്.



Similar Posts