കൈക്കൂലി ആരോപണം ഇന്ത്യയിൽ; അറസ്റ്റ് വാറൻറ് അമേരിക്കയിൽ; അദാനിക്കെതിരായ കേസിന് പിന്നിലെന്ത്?
|വാർത്ത പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി
ന്യൂയോർക്ക്: കൈക്കൂലി കേസിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനി, ബന്ധുവും അദാനി ഗ്രീൻ എനർജിയുടെ മുതിർന്ന ഉദ്യോഗസ്ഥനുമായ സാഗർ അദാനി എന്നിവർക്കെതിരെ അമേരിക്കൻ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ത്യയിൽ സൗരോർജ പദ്ധതി കരാർ ലഭിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളറിലധികം, അതായത് ഏകദേശം 2,029 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റം. അമേരിക്കൻ നിക്ഷേപകരെ വഞ്ചിച്ചതിൽ നടപടി ആവശ്യപ്പെട്ട് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും (എസ്ഇസി) കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ അദാനി ഗ്രൂപ്പിലെ വിനീത് ജെയ്ൻ, രഞ്ജിത് ഗുപ്ത, അസ്യൂർ പവറിെൻ സിറിൾ കബേയ്ൻസ്, സൗരഭ് അഗർവാൾ, ദീപക് മൽഹോത്ര, രൂപേഷ് അഗർവാൾ എന്നിവർക്കെതിരെ കേസുമെടുത്തിട്ടുണ്ട്.
കള്ളം പറഞ്ഞ് യുഎസ് നിക്ഷേപകരിൽനിന്നും രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിൽനിന്നും അദാനി ഗ്രൂപ്പ് ശതകോടികളുടെ നിക്ഷേപമാണ് സമാഹരിച്ചത്. കൈക്കൂലി കൊടുത്ത് ലഭിക്കുന്ന കരാറിലൂടെ രണ്ട് ദശാബ്ദത്തിനകം 200 കോടി ഡോളറിെൻറ, അതായത് 16,000 കോടി രൂപ ലാഭം അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടെന്നും കുറ്റപത്രത്തിലുണ്ട്. കൈക്കൂലി നൽകിയതിെൻറ ഡിജിറ്റൽ രേഖകൾ ലഭിച്ചിട്ടുണ്ടെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കുന്നു.
അദാനി ഗ്രീൻ എനർജിക്ക് പുറമെ അസ്യൂർ പവർ കമ്പനിക്കെതിരെയും ആരോപണമുണ്ട്. കമ്പനിയുടെ പ്രവർത്തനങ്ങൾ, അമേരിക്കയിലെ സാന്നിധ്യം, ഇതിലെ അമേരിക്കൻ നിക്ഷേപകർ എന്നീ കാരണങ്ങൾ കൊണ്ടാണ് എസ്ഇസി പരാതിയുമായി മുന്നോട്ടുപോയത്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്ന ഇന്ത്യൻ കമ്പനിയാണ് അസ്യൂർ.
2021ലെ അദാനി ഗ്രീൻ കോർപറേറ്റ് ബോണ്ട് വിതരണവുമായി ബന്ധപ്പെട്ടതാണ് കേസിൽ അദാനി ഗ്രൂപ്പുമായുള്ള ബന്ധം. അമേരിക്കൻ നിക്ഷേപകർ കൂടി ഉൾപ്പെട്ട വിഷയമാണിത്. അമേരിക്കയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ പുതിയ കരാർ ലഭിക്കാനും അത് നിലനിർത്താനും വിദേശ സർക്കാർ ഉദ്യോഗസ്ഥർക്ക് പണം നൽകുന്നത് അമേരിക്കൻ നിയമപ്രകാരം, പ്രത്യേകിച്ച് ഫോറീൻ കറപ്റ്റ് പ്രാക്ടീസെസ് ആക്ട് (എഫ്സിപിഎ) പ്രകാരം വിലയ്ക്കുണ്ട്.
കമ്പനി അഴിമതിരഹിത നയമാണ് സ്വീകരിക്കുന്നതെന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. കൈക്കൂലി നൽകിയതിൽ അദാനി ഗ്രൂപ്പിനൊപ്പം അസ്യൂർ പവറിനും പങ്കുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. 2020-2024 കാലയളവിലാണ് കൈക്കൂലി സംഭവം നടക്കുന്നത്. ഈ സമയത്ത് അസ്യൂർ പവർ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ, എസ്ഇസിയിൽ ഫയലുകൾ നൽകുന്നതിൽ പരാജയപ്പെട്ടതോടെ കമ്പനിയെ 2023ൽ പുറത്താക്കുകയുണ്ടായി.
അദാനി കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി
അറസ്റ്റ് വാറൻറ് വാർത്ത പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിൽ ഏകദേശം 30 ബില്യൺ ഡോളറിെൻറ വിപണി മൂല്യമാണ് നഷ്ടമായത്. അദാനി എൻറർപ്രൈസസ് 23 ശതമാനം കൂപ്പുകത്തി. അദാനി എനർജി സൊല്യൂഷൻസ് 20 ശതമാനം ഇടിഞ്ഞു. കൂടാതെ അദാനി പോർട്സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ, അദാനി പവർ, അദാനി വിൽമർ ആൻഡ് അദാനി എനർജി സൊല്യൂഷൻസ്, എസിസി, അംബുജ, എൻഡിടിവി എന്നിവയുടെ ഓഹരികളും ഇടിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ അദാനിയുടെ ആസ്തിയിലും 10 ബില്യൺ ഡോളറിെൻറ ഇടിവാണ് രേഖപ്പെടുത്തിയത്. 10 ശതമാനം കുറഞ്ഞ് 59.4 ബില്യൺ ഡോളറായെന്നാണ് റിപ്പോർട്ട്.
എന്നാൽ, കൈക്കൂലി ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അദാനിയുടെ വാദം. കേസ് നിയമപരമായി നേരിടും. നിയമവ്യവസ്ഥയോട് വിധേയത്വം പുലർത്തുന്ന സ്ഥാപനമാണ് അദാനി ഗ്രൂപ്പെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചതായി വ്യക്തമായെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ‘അദാനി ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഴിമതിയിൽ പങ്കുണ്ട്. അദ്ദേഹമാണ് അദാനിയെ സംരക്ഷിക്കുന്നത്''- രാഹുല്‍ ഗാന്ധി പറഞ്ഞു.