എന്താണ് മരണം?; അനുഭവിച്ചറിയാന്‍ ഈ ഹെഡ്സെറ്റ് വെച്ചാല്‍ മതി
|മെൽബണിലെ നാഷണൽ ഗ്യാലറി ഓഫ് വിക്ടോറിയയിലാണ് പാസിങ് ഇലക്ട്രിക്കൽ സ്‌റ്റോംസ് എന്ന പേരിൽ ഈ ഷോ സംഘടിപ്പിച്ചിരിക്കുന്നത്
ഒരേസമയം കൗതുകവും ആശങ്കയും പേടിയുമെല്ലാമുണ്ടാക്കുന്ന ഒന്നാണ് മരണം. മരണം അനുഭവിച്ച ആർക്കും പിന്നീട് അത് വിവരിക്കാനാകില്ല. അതുകൊണ്ട് തന്നെ ലോകത്തെ ഏറ്റവും നിഗൂഡമായതും മരണമാണെന്ന് പറയാം.
എന്നാൽ മരണസമയത്ത് എന്താണ് സംഭവിക്കുകയെന്ന് അനുഭവിച്ചറിയാൻ ഒരു അവസരമൊരുക്കുകയാണ് ആസ്‌ത്രേലിയൻ ആർട്ടിസ്റ്റായ ഷോൺ ഗ്ലാഡ്‌വെൽ. വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാവുക. ശരീരത്തിൽ ജീവനില്ലാതാകുന്ന അവസ്ഥ എന്താണെന്ന് ആളുകൾക്ക് മനസിലാക്കിക്കൊടുക്കാനുള്ള ശ്രമമാണ് ആർട്ടിസ്റ്റിന്റെ ശ്രമം.
മെൽബണിലെ നാഷണൽ ഗ്യാലറി ഓഫ് വിക്ടോറിയയിലാണ് പാസിങ് ഇലക്ട്രിക്കൽ സ്‌റ്റോംസ് എന്ന പേരിൽ ഈ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ശരീരത്തിൽ നിന്നും ജീവൻ ഇറങ്ങപ്പോകുന്ന അനുഭവം വെർച്വൽ റിയാലിറ്റിയിലൂടെ പുനഃസൃഷ്ടിക്കുകയാണ് ആർട്ടിസ്റ്റ് ചെയ്യുന്നത്.
മസ്തിഷ്‌ക മരണം മുതൽ ഹൃദയസ്തംഭനം വരെയുള്ള മരണങ്ങൾ ഇതിലൂടെ അനുഭവിച്ചറിയാൻ സാധിക്കുമെന്നാണ് ആർട്ടിസ്റ്റ് പറയുന്നത്. ശരീരത്തിൽ നിന്നും വെർച്വലായി പുറത്തെത്താനുള്ള അവസരവും ആർട്ടിസ്റ്റ് ഒരുക്കിയിട്ടുണ്ട്. അങ്ങനെ ശരീരത്തിൽ നിന്നും പുറത്തുവന്ന് സ്വന്തം മൃതശരീരം കാണാം. അന്തരീക്ഷത്തിൽ ഒഴുകിനടക്കുന്ന പ്രതീതിയാണ് ഇത് സമ്മാനിക്കുന്നത്.
ക്രൂം 12 എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്തനായ യൂറ്റിയൂബറാണ് ഇത് നേരിട്ട് അനുഭവിച്ച് ഒരാൾ. അദ്ദേഹം പറയുന്നത് ഇങ്ങനെ. ഞാൻ ഒരു ബെഡിൽ കിടന്നു. നിശ്ചലനായപ്പോൾ ബെഡ് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. ഡോക്ടർമാരെല്ലാം എന്റെ ജീവൻ രക്ഷിക്കാനായി പരിശ്രമിക്കുന്നത് എനിക്ക് അറിമായിരുന്നു. അനുഭവം അൽപ്പം ആശങ്കയുണ്ടാകുന്നതാണ്. അതിനാൽ പേടിയുള്ളവർ ഇതിന് മുതിരരുത്. ക്രൂം 12 പറയുന്നു.
മരണത്തിൽ നിന്നും തിരിച്ചുവന്നവർ പറയുന്നത്
മരണത്തിലേക്ക് പോകുമ്പോൾ തങ്ങൾ ഒരു ഇരുണ്ട തുരങ്കത്തിന്റെ അറ്റത്തേക്ക് പ്രകാശം കണ്ടു, പ്രിയപ്പെട്ടവരുടെ നിലവിളികൾ കേട്ടു, ശപിക്കപ്പെട്ടവരുടെ പേടിച്ചലറലുകൾ കേട്ടു. ഇതാണ് മരണം അനുഭവിച്ചതിലേറെയും പറയുന്നത്.
എന്നാൽ ഹൃദയമിടിപ്പ് നിലച്ചുകഴിഞ്ഞ് എന്താണ് സംഭവിക്കുന്നതെന്നതിന് ആർക്കും കൃത്യമായ ഉത്തരമൊന്നുമില്ലതാനും. എക്‌സ് ആർ, അഥവാ എക്സ്റ്റൻഡ് റിയാലിറ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഗ്ലാഡ് വെൽ മരണം എന്ന യാഥാർഥ്യത്തെ ആളുകൾക്ക് പരിചയപ്പെടുത്തുന്നത്.
എന്താണ് എക്സ്. ആര്‍?
ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ബ്ലൻഡ് ചെയ്താണ് എക്‌സ് ആർ സാധ്യമാകുന്നത്. കാഴ്ച, കേൾവി, സ്പർശം തുടങ്ങിയ അനുഭൂതികളെ നൂതനസാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ അനുഭവവേദ്യമാക്കുന്നതാണ് എക്സ്ആർ സാങ്കേതികവിദ്യ.
പാസിങ് ഇലക്ട്രിക്കൽ സ്റ്റോംസിൽ പങ്കെടുക്കാനെത്തുന്നവർ ആശുപത്രിക്കട്ടിലിനെ അനുസ്മരിപ്പിക്കുന്ന കിടക്കയിൽ എക്സ്ആർ ഹെഡ്സെറ്റ് ധരിച്ച് കിടക്കണം. പിന്നീട് ഹൃദയാഘാതത്തിന്റെയും മറ്റും അനുഭവം ഹെഡ്സെറ്റ് വഴി ഉണ്ടാക്കുന്നു. തുടർന്ന് ഡോക്ടർമാരുടെ ഒരു വലിയ സംഘം തന്നെ രക്ഷിക്കാനെത്തുന്നത് ഇതു പരീക്ഷിക്കുന്നയാൾക്ക് കാണാനാകും. തുടർന്ന് മരണവും അതുകഴിഞ്ഞ് ശരീരത്തിനപ്പുറത്തേക്ക് ആത്മാവ് കടക്കുന്നതും അനുഭവിച്ചറിയാനാകും.