പഴയ വീടിന്‍റെ ഭിത്തി പൊളിച്ചപ്പോള്‍ കിട്ടിയത് 46 ലക്ഷം രൂപ; ഞെട്ടല്‍ മാറാതെ സ്പാനിഷ് യുവാവ്, ഒടുവില്‍ സംഭവിച്ചത്
|ഏകദേശം 40 വർഷത്തിലധികം പഴക്കമുള്ള വീട് ഫേസ്ബുക്കിലൂടെയാണ് യുവാവ് വാങ്ങിയത്
മാഡ്രിഡ്: ഭൂരിഭാഗം പേരുടേയും ജീവതത്തില്‍ ഏറ്റവും ചെലവേറിയ ഒന്നാണ് വീടുപണി. പലപ്പോഴും ഒരായുസിന്റെ സമ്പാദ്യം മുഴുവൻ നമ്മളിൽ പലരും വീട് നിർമാണത്തിനായി പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ വീടുപണിക്കാവാശ്യമായ പണം വീട് തന്നെ തന്നാലോ. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും അത്തരമൊരു സംഭവം സ്വന്തം ജീവിതത്തിൽ നടന്നതിന്റെ ഞെട്ടലിലാണ് സ്‌പെയിനിലെ ഒരു ബിൽഡറായ ടോനോ പിനേറൊ.
തന്റെ വീടിന്റെ നവീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ഇന്ത്യൻ രൂപയിൽ ഏകദേശം 46 ലക്ഷം രൂപ അദ്ദേഹത്തിന് കിട്ടിയത്. വീടന്റെ പഴയ ഭിത്തിയിൽ നാല് കാനുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഏകദേശം 40 വർഷത്തിലധികം പഴക്കമുള്ള വീട് ഫേസ്ബുക്കിലൂടെയാണ് പിനേറൊ വാങ്ങിയത്. എന്നാൽ പിനേറൊയുടെ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല.
പണവുമായി ബാങ്കിനെ സമീപിച്ചപ്പോഴാണ് 22 വർഷങ്ങൾക്ക് മുമ്പ് നിർത്തിയ നോട്ടാണ് തനിക്ക് കിട്ടിയതെന്ന് പിനേറൊക്ക് മനസിലായത്. 2002ലാണ് ഈ നോട്ടുകൾ നിരോധിച്ചതെന്ന് ബാങ്ക് ഓഫ് സ്‌പെയിൻ വ്യക്തമാക്കി. എങ്കിലും പഴയ നോട്ടുകള്‍ക്ക് പകരമായി ഏകദേശം 30 ലക്ഷം രൂപ ബാങ്ക് തനിക്ക് നൽകിയതായി പിനേറൊ പറഞ്ഞു.
''ഈർപ്പം കടക്കാതെ സൂക്ഷിക്കാനായിരിക്കും കാനുകളിൽ അടിച്ച് പണം സൂക്ഷിച്ചതെന്നാണ് കരുതുന്നത്. അതിൽ ഏതാനും ചില നോട്ടുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം നോട്ടുകൾക്കും കാര്യമായ ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ല''. പണത്തിൽ കുറച്ച് എക്കാലവും ഓർമിക്കാനായി സുവനീറായി സൂക്ഷിക്കുമെന്നും ടോനോ പിനേറൊ പറഞ്ഞു