ഒക്ടോബർ ഏഴിന് എവിടെയാണ് പിഴച്ചത്? അന്വേഷിക്കാൻ ഇസ്രായേൽ സൈന്യം
|മുൻ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു
ഇസ്രായേലിന്റെ ചരിത്രത്തിലെ വലിയ തിരിച്ചടികളിലൊന്നായ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ ഇസ്രായേൽ പ്രതിരോധ സേന. ഒക്ടോബർ ഏഴിലെ സൈന്യത്തിന്റെ പരാജയങ്ങൾ അന്വേഷിക്കാൻ മുൻ സൈനിക ഉദ്യോഗസ്ഥരുടെ സംഘത്തെയാണ് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി രൂപീകരിച്ചത്.
ഐഡിഎഫ് മുൻ ചീഫ് ഓഫ് സ്റ്റാഫും മുൻ പ്രതിരോധ മന്ത്രിയുമായ ഷാൽ മൊഫാസ്, മുൻ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി അഹരോൺ സെവി ഫർകാഷ്, മുൻ സതേൺ കമാൻഡ് നേതാവ് സമി തുർഗെമാൻ, മുൻ ഓപറേഷൻ ഡയറക്ടറേറ്റ് മേധാവി യോവ് ഹാർ ഇവാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഒക്ടോബർ ഏഴിലെ ഇസ്രായേൽ സേനയുടെ പ്രവർത്തനങ്ങളും ഹമാസ് ആക്രമണത്തിന് തൊട്ടുമുമ്പുള്ള കാര്യങ്ങളും സംഘം അന്വേഷിക്കും. സൈന്യത്തിന്റെ പ്രവർത്തനത്തിലെ പാളിച്ചകൾ കൂടി മനസ്സിലാക്കുകയാണ് അന്വേഷണം ലക്ഷ്യമിടുന്നത്. ഫലസ്തീനുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിന്റെ നയങ്ങൾ പരിശോധിക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
ഐഡിഎഫ് ജനറൽ സ്റ്റാഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷണ സംഘത്തിലെ ഷാൽ മൊഫാസ് പരിശോധിക്കും. ഐഡിഎഫ് ഇന്റലിജൻസിന്റെ പരാജയം സെവി ഫർകാഷും ഗസ്സ അതിർത്തിയിലെ പരാജയപ്പെട്ട പ്രതിരോധത്തെക്കുറിച്ച് തുർഗെമാനും ഒക്ടോബർ ഏഴിലെ പൊതുവായ പ്രവർത്തനങ്ങൾ ഹാർ ഇവാനും അന്വേഷിക്കും.
ആക്രമണം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് ഇസ്രായേൽ പ്രതിരോധ സേന അന്വേഷണം പ്രഖ്യാപിക്കുന്നത്. അതേസമയം, തീരുമാനത്തിനെതിരെ തീവ്ര വലതുപക്ഷ നേതാക്കളിൽനിന്നടക്കം വിമർശനമുയർന്നിട്ടുണ്ട്. പ്രത്യേകിച്ച് 2005ൽ ഗസ്സയിൽനിന്ന് ഇസ്രായേൽ കുടിയേറ്റക്കാരെയും സൈന്യത്തെയും പിൻവലിച്ച പദ്ധതിയുടെ ഭാഗമായ മൊഫാസിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയതാണ് ഇവരെ ചൊടിപ്പിച്ചത്.
2002 മുതൽ 2006 വരെ ഇസ്രായേൽ പ്രതിരോധ മന്ത്രിയായിരുന്നു മൊഫാസ്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ 1200ഓളം പേർ കൊല്ലപ്പെടുകയും ഏകദേശം 240 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.