World
ഹെലികോപ്ടർ നിറയെ പണവുമായി കാബൂൾ വിട്ട അഷ്‌റഫ് ഗനി എവിടെ?
World

ഹെലികോപ്ടർ നിറയെ പണവുമായി കാബൂൾ വിട്ട അഷ്‌റഫ് ഗനി എവിടെ?

Web Desk
|
17 Aug 2021 2:32 PM GMT

ഭരണം നഷ്ടപ്പെട്ട് ഗനി രാജ്യം വിട്ടത്‌ ​പ്രത്യേക രീതിയിലാണെന്നും നാല് കാറുകൾ നിറയെ പണവുമായാണ് അദ്ദേഹം വിമാനത്താവളത്തിൽ എത്തിയതെന്നുമാണ് റഷ്യൻ എംബസി വക്താവിന്റെ വാദം

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് പിന്നാലെ കാബൂള്‍ വിട്ട അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി എവിടെ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. താലിബാന്‍ കാബൂള്‍ ലക്ഷ്യമാക്കി നീങ്ങിയതിന് പിന്നാലെ തന്നെ അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. സമീപ രാജ്യമായ താജിക്കിസ്ഥാനിലേക്ക് കടന്നുവെന്നായിരുന്നു ആദ്യം മുതലുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഗനിക്ക് താജിക്കിസ്ഥാന്‍ അഭയം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ഒമാനിലുണ്ടെന്നുമാണ് ഏറ്റവും ഒടുവില്‍ പറയപ്പെടുന്നത്. റഷ്യന്‍ അധികാരികളെ ബന്ധപ്പെടുത്തിയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് വരുന്നത്. എന്നാല്‍ ഒമാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം നിറയെ പണവുമായാണ് അഷ് റഫ് ഗനി രാജ്യം വിട്ടതെന്നാണ് റഷ്യൻ എംബസി വക്താവ് നികിത ഐഷെൻകോ ആരോപിക്കുന്നത്.

ഭരണം നഷ്ടപ്പെട്ട് ഗനി രാജ്യം വിട്ടത്‌ ​പ്രത്യേക രീതിയിലാണെന്നും നാല് കാറുകൾ നിറയെ പണവുമായാണ് അദ്ദേഹം വിമാനത്താവളത്തിൽ എത്തിയതെന്നുമാണ് റഷ്യൻ എംബസി വക്താവിന്റെ വാദം. "നാല് കാറുകൾ നിറയെ പണവുമായാണ് അഷ്‌റഫ് ഗനി നാടുവിട്ടത് എന്നത് വലിയ പ്രത്യേകതയാണ്. പണം മുഴുവൻ ഹെലികോപ്റ്ററിൽ നിറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും മുഴുവൻ അതിൽ കൊള്ളാത്തതിനെ തുടർന്ന് ബാക്കി റൺവേയിൽ ഉപേക്ഷിക്കേണ്ടിവന്നു"- റഷ്യന്‍ വാർത്താ ഏജൻസിയായ സ്പുട്‌നിക്കിനോട് നികിത ഐഷെൻകോ പറയുന്നു.

അതേസമയം അഫ്ഗാൻ സെൻട്രൽ ബാങ്ക് മേധാവി അജ്മൽ അഹമദിയും രാജ്യംവിട്ടു. അഫ്ഗാനിസ്ഥാന്‍ സുരക്ഷാ സേനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം അഷ്‌റഫ് ഗനിയും അദ്ദേഹത്തിന്റെ അനുഭവ പരിചയമില്ലാത്ത ഉപദേശകരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പ്രസിഡന്റ് എവിടെയാണെന്ന് കൃത്യമായ വിവരങ്ങളൊന്നുമില്ലെന്നാണ് പേരുവെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു അഫ്ഗാൻ നയതന്ത്രജ്ഞൻ ഡെയ്‌ലി മെയിലിനോട് പ്രതികരിക്കുന്നത്.

ഗനി യു എസിലേക്ക് പോകാൻ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രക്തച്ചൊരിച്ചിലൊഴിവാക്കാനാണ് അഫ്ഗാൻ വിടുന്നതെന്ന് രക്ഷപ്പെടുന്നതിന് മുൻപ് ഗനി സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നത്. യു.എസ്, നാറ്റോ സേനകളുടെ പിന്മാറ്റത്തിന് പിന്നാലെ തുടങ്ങിയ താലിബാൻ ഞായറാഴ്ചയാണ് തലസ്ഥാനമായ കാബൂളിലെത്തുന്നതും ഭരണം പിടിക്കുന്നതും.

Similar Posts