World
മോദിയോട് ചോദ്യമുന്നയിച്ച സബ്രിന സിദ്ദിഖിക്കെതിരെ സൈബറാക്രമണം; അപലപിച്ച് വൈറ്റ് ഹൗസ്
World

മോദിയോട് ചോദ്യമുന്നയിച്ച സബ്രിന സിദ്ദിഖിക്കെതിരെ സൈബറാക്രമണം; അപലപിച്ച് വൈറ്റ് ഹൗസ്

Web Desk
|
27 Jun 2023 6:56 AM GMT

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ജനാധിപത്യത്തിന്‍റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് വൈറ്റ് ഹൗസ്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ചതിന്‍റെ പേരില്‍ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോര്‍ട്ടര്‍ സബ്രിന സിദ്ദിഖി നേരിടുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ജനാധിപത്യത്തിന്‍റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്ററായ ജോൺ കിർബി പ്രതികരിച്ചു. സബ്രിനക്കെതിരെ സംഘ് അനുകൂല പ്രൊഫൈലുകള്‍ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് കിര്‍ബിയുടെ പ്രതികരണം.

"ഇത് അസ്വീകാര്യമാണ്. ഏത് സാഹചര്യത്തിലായാലും എവിടെയായാലും മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുന്നതിനെ ഞങ്ങൾ പൂർണമായും അപലപിക്കുന്നു. അത് ജനാധിപത്യത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണ്"- ജോണ്‍ കിര്‍ബി പ്രതികരിച്ചു.

കിർബിയുടെ പ്രതികരണത്തിനു പിന്നാലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറിയും സബ്രിനക്കെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ചു. വൈറ്റ് ഹൗസ് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാലാണ് കഴിഞ്ഞ ആഴ്ച വാര്‍ത്താസമ്മേളനം നടത്തിയത്. മാധ്യമപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യുന്നതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ ഉള്ള എല്ലാ നീക്കങ്ങളെയും അപലപിക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. മുസ്‍ലിം വിശ്വാസത്തിന്‍റെ പേരില്‍ സബ്രിനക്കെതിരെ ഇന്ത്യയില്‍ നിന്നും തീവ്ര ഓണ്‍ലൈന്‍ ആക്രമണങ്ങളുണ്ടാകുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഘ് അനുകൂലികളെ പ്രകോപിപ്പിച്ച സബ്രിനയുടെ ചോദ്യം ഇതായിരുന്നു- "ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഒരുപാട് ലോകനേതാക്കൾ വ്യക്തമാക്കിയ വൈറ്റ്ഹൗസിലാണ് താങ്കളിപ്പോൾ നിൽക്കുന്നത്. മുസ്‍ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മെച്ചപ്പെടുത്താനും ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിലനിർത്താനും എന്തുനടപടികൾ കൈക്കൊള്ളാനാണ് താങ്കളും സർക്കാരും താൽപര്യപ്പെടുന്നത്?" ചോദ്യത്തിന് ജനാധിപത്യത്തില്‍ വിവേചനമില്ലെന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്.

"ഭരണഘടനയുടെ മൗലികതത്വങ്ങൾ ആധാരമാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. അവിടെ ജാതിയുടെയും വർഗത്തിന്‍റെയും ലിംഗത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്ക് ഇടമില്ല. അതുകൊണ്ടാണ് സബ് കാ സാത്ത്, സബ് കാ വികാസ് എന്ന മുദ്രാവാക്യത്തിൽ ഇന്ത്യ വിശ്വസിക്കുകയും അതിലൂടെ മുന്നോട്ടുപോകുകയും ചെയ്യുന്നത്. സർക്കാർ സേവനങ്ങളുടെ ഗുണം എല്ലാവർക്കും ലഭ്യമാണ്. ജനാധിപത്യത്തിൽ മാനുഷികമൂല്യങ്ങളും മാനവികതയുമില്ലെങ്കിൽ മനുഷ്യാവകാശങ്ങൾക്കു സ്ഥാനമില്ല. അതൊരിക്കലും ജനാധിപത്യവുമാകില്ല. നമ്മൾ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. അവിടെ ഒരിക്കലും വിവേചനത്തിനു സ്ഥാനമില്ല" - എന്നായിരുന്നു മോദിയുടെ മറുപടി.

സബ്രിനയുടെ ചോദ്യത്തിന് പിന്നിൽ പാക് അജണ്ടയാണെന്നും ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന സംഘത്തിന്റെ ഭാഗമാണ് സബ്രിനയെന്നും സംഘ് പ്രൊഫൈലുകൾ ആരോപിച്ചു. ചോദ്യത്തിന് പിന്നിൽ ടൂൾ കിറ്റ് ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന് ബി.ജെ.പി ഐ.ടി സെൽ കൺവീനർ അമിത് മാളവ്യ ആരോപിച്ചു. "ഇന്ത്യൻ-പാകിസ്താനി അച്ഛന്റെയും പാകിസ്താനി അമ്മയുടെയും മകളാണ് സബ്രിന. അതുകൊണ്ടു തന്നെ ആ ചോദ്യത്തിന് പിന്നിലെ അജണ്ട ഊഹിക്കാവുന്നതേയുള്ളൂ"- വരുൺ കുമാർ റാണയെന്ന വെരിഫൈഡ് ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു. പാകിസ്താനിൽ സ്ത്രീകളും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന ക്രൂരതകളെ കുറിച്ച് മിണ്ടാതെയാണ് സബ്രിന ഇന്ത്യയിലെ വിവേചനത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് ഇന്ത്യൻ-അമേരിക്കൻ എന്ന പേരിലുള്ള യൂസർ പ്രതികരിച്ചു. നിങ്ങളുടെ രാഷ്ട്ര നേതാക്കളോട് ഈ ചോദ്യം എത്ര തവണ നിങ്ങൾ ചോദിച്ചിട്ടുണ്ട് എന്നാണ് മോണിക്ക വർമയെന്ന യൂസറുടെ ചോദ്യം.

സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ, ഇന്ത്യയോടുള്ള സ്‌നേഹം സബ്രിന ട്വീറ്റ് ചെയ്തു. ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് പിതാവിനൊപ്പം 2011ലെ ലോകകപ്പ് ഫൈനൽ കാണുന്ന ചിത്രമാണ് പങ്കുവച്ചത്- 'വ്യക്തിപരമായ പശ്ചാത്തലം ചികയുന്നവർക്ക് ഈ ചിത്രം സമർപ്പിക്കുന്നു. ചിലപ്പോൾ അസ്തിത്വങ്ങൾ അവർ വിചാരിക്കുന്നതിലും സങ്കീർണമാകും' എന്ന അടിക്കുറിപ്പോടെയാണ് സബ്രിന ചിത്രം പോസ്റ്റ് ചെയ്തത്.

Summary- The White House has denounced what the Wall Street Journal has called the intense online harassment of its reporter Sabrina Siddiqui, who had asked Prime Minister Narendra Modi a question on democracy in India during his joint press conference with President Joe Biden in the US last week.

Similar Posts