ആരാകും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി? എംപിമാരുടെ പിന്തുണ ആർക്കെന്നറിയാൻ ദിവസങ്ങൾ മാത്രം
|പെന്നി മൊർഡൗണ്ടും റിഷി സുനകും സ്ഥാനാർഥികളാകുമെന്നാണ് റിപ്പോർട്ടുകൾ
ലണ്ടൻ: ബ്രിട്ടണിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി പിടിമുറുക്കിയിരിക്കുകയാണ്. 44 ദിവസം മാത്രം അധികാരത്തിലിരുന്ന് ലിസ്ട്രസ് ഒഴിയുമ്പോൾ ഇനി അറിയാനുള്ളത് അടുത്ത പ്രധാനമന്ത്രി ആരെന്നുള്ളതാണ്. ലിസ്ട്രസിനൊപ്പം മത്സരിച്ച പെന്നി മൊർഡൗണ്ടും ഇന്ത്യൻ വംശജൻ റിഷി സുനകും സ്ഥാനാർഥികളാകുമെന്നാണ് റിപ്പോർട്ടുകൾ. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മത്സരരംഗത്തിറങ്ങുമെന്ന അഭ്യൂഹങ്ങളുണ്ട്.
സ്ഥാനാർഥികൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. മത്സരിക്കാൻ കുറഞ്ഞത് 100 എംപിമാരുടെ പിന്തുണ വേണം. പ്രധാനമന്ത്രി പദത്തിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനവും ഇന്നലെ ലിസ്ട്രസ് ഒഴിഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളാണ് ലിസ്ട്രസിന് തിരിച്ചടിയായത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ ലിസ്ട്രസ് കാവൽ പ്രധാനമന്ത്രിയായി തുടരും.
അധികാരമേറ്റ് 45-ാം ദിവസമാണ് ലിസ്ട്രസ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. ധനകാര്യനയവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രധാനമായും സർക്കാറിന്റെ പതനത്തിന് കാരണമായത്. ആറു വർഷത്തിനിടെ രാജിവെക്കുന്ന നാലാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ലിസ്ട്രസ്. ധനകാര്യ വിഷയങ്ങളിലെ തർക്കങ്ങൾക്ക് പുറമെ കൺസർവേറ്റീവ് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും ലിസ്ട്രസിന്റെ രാജിക്ക് കാരണമായി എന്നാണ് വിലയിരുത്തൽ. തന്നിൽ നിക്ഷിപ്തമായ ജനഹിതം നിറവേറ്റാൻ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നുമാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ്ട്രസ് വ്യക്തമാക്കിയത്.
ലിസ്ട്രസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി നേരത്തെ രാജിവെച്ചിരുന്നു. ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാനാണ് രാജിവച്ചൊഴിഞ്ഞത്. ഔദ്യോഗിക രേഖ സ്വകാര്യ ഇ-മെയിൽ വഴി മറ്റൊരു എം.പിക്ക് അയച്ചതാണ് സുവെല്ലയ്ക്ക് തിരിച്ചടിയായത്.
ലിസ്ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മന്ത്രിസഭയിൽ വലിയ പൊട്ടിത്തെറികളായിരുന്നു നടന്നത്. നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ തിരിഞ്ഞു കൊത്തിയപ്പോൾ ധനമന്ത്രിയെ പുറത്താക്കി. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാനും രാജി വച്ചു. ഇതിന് പിന്നാലെയാണ് പ്രാധനമന്ത്രിയും രാജിവെച്ച് പടിയിറങ്ങിയത്