ഹമാസിന്റെ രാഷ്ട്രീയ, സൈനിക മുഖം; അൽ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരിൽ പ്രമുഖൻ-ആരാണ് സാലിഹ് അൽ ആറൂരി
|ഫലസ്തീൻ ജനതയും അവരുടെ വിമോചന സ്വപ്നങ്ങളും മാത്രമായിരുന്നു സാലിഹ് അൽ ആറൂരിക്ക് ജീവിതം. തടങ്കൽ പാളയങ്ങളും വധനീക്കങ്ങളും ആ പോരാളിയെ ഒട്ടും തളർത്തിയില്ല.
ബൈറൂത്ത്: ഒരേസമയം ഹമാസിന്റെ രാഷ്ട്രീയ, സൈനിക മുഖമായി മാറാൻ അവസരം ലഭിച്ച നേതാവ്. അതായിരുന്നു ഇന്നലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സാലിഹ് അൽ ആറൂരി. ഇസ്രായേൽ മാത്രമല്ല, അമേരിക്കയും വൻവിലയിട്ട പോരാളി കൂടിയാണ് ആറൂരി.
ഫലസ്തീൻ ജനതയും അവരുടെ വിമോചന സ്വപ്നങ്ങളും മാത്രമായിരുന്നു സാലിഹ് അൽ ആറൂരിക്ക് ജീവിതം. തടങ്കൽ പാളയങ്ങളും വധനീക്കങ്ങളും ആ പോരാളിയെ ഒട്ടും തളർത്തിയില്ല. അവസാനം വരെ ശത്രുവിനെതിരെ അതിശക്തമായി നിലയുറപ്പിച്ചു. ഫലസ്തീൻ പോരാട്ടത്തിന്റെ നൈതികതയും ഇസ്രായേൽ എന്ന രാജ്യത്തിന്റെ ദയാരാഹിത്യവും ലോകത്തെ നിരന്തരം ഓർമിപ്പിക്കാനും സാലിഹ് അൽ ആറൂരി മുന്നിൽ നിന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് സ്ഥാപകരിൽ പ്രമുഖൻ. നിലവിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവിയായിരുന്നു. യഹ്‌യ അയ്യാശ്, ശൈഖ് സലാഹ് ശഹാദ, ശൈഖ് അഹ്മദ് യാസീൻ, അബ്ദുൽ അസീസ് റൻതീസി, നബിൽ അബൂസൽമിയ എന്നിവർക്കൊപ്പം രക്തസാക്ഷിത്വത്തിന്റെ പാതയിൽ ഇപ്പോഴിതാ സാലിഹ് അൽ ആറൂരിയും.
ഹമാസിന്റെ നേതാക്കളിൽ രണ്ടാമനായിരുന്നു ആറൂരി. ലോക രാജ്യങ്ങളിൽ നടന്ന ചർച്ചകിൽ ഹമാസിന്റെ പ്രതിനിധി. 2010 മുതൽ ഹമാസ് രാഷ്ട്രീയകാര്യ സമിതിയിൽ എത്തിയ അദ്ദേഹം 2017 ഒക്‌ടോബർ മുതൽ ഡെപ്യൂട്ടി ചെയർമാൻ പദവിയിലെത്തി. 2011-ൽ ഇസ്രായലി സൈനികൻ ഗിലാദ് ഷാലിതിനെ മോചിപ്പിക്കാൻ 1027 ഫലസ്തീൻ തടവുകാരെ ജയിലിന് പുറത്തെത്തിക്കാനുള്ള ചർച്ചക്ക് നേതൃത്വം വഹിച്ചതും സാലിഹ് അൽ ആറൂരിയായിരുന്നു. യഹ്‌യ സിൻവാർ, റൗഹി മുഷ്താഹ എന്നിവർ ജയിൽമോചിതരായതും ഈ ചർച്ചയിലൂടെയാണ്.
1966 ആഗസ്തിൽ റാമല്ലയിൽ ജനനം. 1987ൽ ഹമാസ് രൂപവത്കരണവേളയിൽ തന്നെ സംഘടനയിൽ അംഗത്വം നേടി. ഹമാസ് വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു. വെസ്റ്റ് ബാങ്കിൽ ഹമാസിന്റെ സൈനികവിഭാഗം സ്ഥാപിക്കാനും മുന്നിൽ നിന്നു. നീണ്ട 15 കൊല്ലം ഇസ്രായേൽ തടവറയിൽ. പിന്നീട് സിറിയയിലേക്ക് നാടുകടത്തൽ. തുടർന്ന് തുർക്കിയിലേക്കും ലബനാനിലേക്കും പ്രയാണം. 2015ൽ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചു. തലക്ക് വിലയിട്ടത് അഞ്ച് മില്യൻ ഡോളർ. ഇസ്രായേലും അമേരിക്കയും ഒരുപോലെ ഭയപ്പെട്ട നേതാവായിരുന്നു സാലിഹ് അൽ ആറൂരി.