World
Who Is Israel Katz, The New Israeli Defence Minister?
World

'ഇസ്രായേലിന്റെ ബുൾഡോസർ'; ആരാണ് പുതിയ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സ്?

Web Desk
|
6 Nov 2024 3:52 AM GMT

​ബെഞ്ചമിൻ നെതന്യാഹുവിനെപ്പോലെ തീവ്ര വലതുപക്ഷ നിലപാടുള്ള നേതാവാണ് ഇസ്രായേൽ കാറ്റ്സ്.

ജെറുസലേം: യോവ് ഗാലന്റിനെ പ്രതിരോധമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ വിശ്വസ്തനായ ഇസ്രായേൽ കാറ്റ്‌സിനെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചിരിക്കുകയാണ്. ഗസ്സയിലെ വംശഹത്യയുമായി ബന്ധപ്പെട്ട് നെതന്യാഹുവും ഗാലന്റും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. സൈനിക നടപടികൊണ്ട് മാത്രം ഫലസ്തീൻ-ഇസ്രായേൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ലെന്നും നയതന്ത്ര നീക്കങ്ങൾ കൂടിയുണ്ടായാൽ മാത്രമേ ബന്ദിമോചനം അടക്കം സാധ്യമാകൂ എന്നും ഗാലന്റ് പറഞ്ഞിരുന്നു. ബന്ദികളുടെ ബന്ധുക്കളുമായും ഗാലന്റ് നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ആക്രമണം അവസാനിപ്പിച്ചുകൊണ്ടുള്ള ഒരു ചർച്ചയും വേണ്ടെന്ന നിലപാടിലാണ് നെതന്യാഹു.

നെതന്യാഹുവിന്റെ വിശ്വസ്തനാണ് പുതിയ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സ്. തീവ്രനിലപാടുകാരനായ വലതുപക്ഷക്കാരൻ. നെതന്യാഹുവിനെപ്പോലെ യുദ്ധം മാത്രമാണ് പരിഹാരമെന്ന് കരുതുന്ന തീവ്രനിലപാടുള്ള നിലപാടുള്ള വ്യക്തിയുമാണ് കാറ്റ്‌സ്. 1955ൽ തീരദേശ നഗരമായ അഷ്‌കലോണിലാണ് കാറ്റ്‌സ് ജനിച്ചത്. 1973-77 കാലത്ത് സൈന്യത്തിൽ പാരാട്രൂപ്പറായി പ്രവർത്തിച്ചു. സൈന്യത്തിലെ ഉന്നത സ്ഥാനങ്ങളിൽ അദ്ദേഹത്തിന് പ്രവർത്തനപരിചയമില്ല. മുൻ പ്രതിരോധമന്ത്രി ഗാലന്റ് അതിന് മുമ്പ് സൈന്യത്തിൽ ജനറൽ ആയിരുന്നു.

നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി നേതാവായ കാറ്റ്‌സ് 1998 മുതൽ ഇസ്രായേൽ പാർലമെന്റ് അംഗമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കൃഷി, ഗതാഗതം, ഇന്റലിജൻസ്, ധനകാര്യം, ഊർജം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായിട്ടുണ്ട്. 2019ലാണ് അദ്ദേഹം വിദേശകാര്യ മന്ത്രിയായി അധികാരമേറ്റത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഇസ്രായേലിൽ പ്രവേശിക്കുന്നത് വിലക്കിയത് കാറ്റ്‌സ് വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ്. ഇറാൻ ഇസ്രായേലിൽ നടത്തിയ മിസൈൽ ആക്രമണത്തെ അപലപിക്കുന്നതിൽ ഗുട്ടറസ് ഇരട്ടത്താപ്പ് കാണിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ വിലക്കിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ നിയമനടപടി സ്വീകരിക്കാനും കാറ്റ്‌സ് നിർദേശിച്ചിരുന്നു. വരാനിരിക്കുന്ന സൈനിക നാവിക വ്യാപാരപ്രദർശനത്തിൽനിന്ന് ഇസ്രായേലിനെ വിലക്കിയതിനെ തുടർന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന് എതിരായ നീക്കം. ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിച്ച ഗസ്സയിൽ സഹായമെത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ റിലീഫ് ഏജൻസിയെ വിലക്കിയതും വിദേശകാര്യമന്ത്രിയായിരുന്ന കാറ്റ്‌സ് ആയിരുന്നു. യുഎസുമായി അടുത്ത ബന്ധമുള്ള നേതാവല്ല കാറ്റ്‌സ്. 2023 ഒക്ടോബർ ഏഴിന് ശേഷം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ 11 തവണ ഇസ്രായേൽ സന്ദർശിച്ചപ്പോൾ ഒന്നോ രണ്ടോ തവണ മാത്രമാണ് അദ്ദേഹം കാറ്റ്‌സിനെ കണ്ടത്. പ്രതിരോധമന്ത്രിയായിരുന്ന യോഗ് ഗാലന്റുമായാണ് അദ്ദേഹം സ്ഥിരമായി ചർച്ച നടത്തിയിരുന്നത്.

ഗാലന്റിനെ പ്രതിരോധമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ഇസ്രായേലിൽ വൻ പ്രതിഷേധമുയരുന്നുണ്ട്. ബന്ദികളുടെ ബന്ധുക്കളടക്കം നിരവധിപേർ തെൽഅവീവിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ലിക്വിഡ് പാർട്ടിയുടെ പുതിയ മുഖവും നെതന്യാഹുവിന്റെ വിശ്വസ്തനുമായി അറിയപ്പെടുന്ന ഗിഡിയോൺ സാർ ആണ് പുതിയ വിദേശകാര്യമന്ത്രി.

Similar Posts