World
നെതന്യാഹുവിനു പകരം ബെന്നറ്റ് വന്നാൽ എന്തു സംഭവിക്കും?
World

നെതന്യാഹുവിനു പകരം ബെന്നറ്റ് വന്നാൽ എന്തു സംഭവിക്കും?

Shaheer
|
2 Jun 2021 11:11 AM GMT

ആരാണ് നഫ്താലി ബെന്നറ്റ്? പുതിയ സര്‍ക്കാര്‍ വന്നാല്‍ ഇസ്രായേൽ നയങ്ങളിൽ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ? അതല്ല, മേഖലയെ കൂടുതൽ കലുഷിതമാക്കുമോ പുതിയ ഭരണമാറ്റം?

ഒരു പതിറ്റാണ്ടിലേറെക്കാലം ഇസ്രായേല്‍ ഭരിച്ച ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കി മന്ത്രിസഭ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് പ്രതിപക്ഷം. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് പ്രതിപക്ഷത്തിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്. ഇന്ന് അർധരാത്രിക്കകം പ്രതിപക്ഷം പ്രസിഡന്റിനെ കണ്ടിട്ടില്ലെങ്കിൽ ഇസ്രായേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകും. അങ്ങനെവന്നാൽ രണ്ടു വർഷത്തെ അഞ്ചാം തെരഞ്ഞെടുപ്പാകുമിത്.

യായിർ ലാപിഡിന്റെ നേതൃത്വത്തിലാണ് നെതന്യാഹുവിനെ താഴെയിറക്കാനുള്ള നീക്കം നടക്കുന്നതെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന പ്രധാന പേരുകളിലൊന്ന് തീവ്ര വലതുപക്ഷ പാർട്ടിയായ 'യമീന'യുടെ നേതാവ് നഫ്താലി ബെന്നറ്റിന്റെതാണ്. ഒരുപക്ഷെ, ആദ്യ പാതിയില്‍ ബെന്നറ്റും തുടര്‍ന്ന് യായിറും പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്ന തരത്തിലായിരിക്കും പുതിയ ഐക്യസര്‍ക്കാര്‍ വരിക.

നെതന്യാഹുവിന്റെ സഖ്യസർക്കാരിൽ മന്ത്രിയായിരുന്ന നഫ്താലി ബെന്നറ്റ് ഇസ്രായേലിന്റെ ഭരണസാരഥ്യത്തിലേക്കെത്തിയാൽ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ? പശ്ചിമേഷ്യൻ പ്രശ്‌നങ്ങളിൽ, പ്രത്യേകിച്ചും ഫലസ്തീൻ വിഷയത്തിൽ പ്രതീക്ഷ നല്കുന്ന എന്തെങ്കിലും നീക്കമുണ്ടാകുമോ? അതല്ല, മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കുമോ പുതിയ ഭരണമാറ്റം? പരിശോധിക്കാം.

ആരാണ് നഫ്താലി ബെന്നറ്റ്?

സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുൻപ് കോടികൾ സമ്പാദിച്ചിരുന്ന ടെക്ക് സംരംഭകനായിരുന്നു 49കാരനായ നഫ്താലി ബെന്നറ്റ്. തീവ്ര ദേശീയവാദി എന്നാണ് നഫ്താലിയെ ഇസ്രായേൽ ദേശീയമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. നെതന്യാഹുവിലും വലിയ തീവ്ര വലതുപക്ഷക്കാരനാണ് താനെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ 'ദ ടൈംസ് ഓഫ് ഇസ്രായേലി'ന് നൽകിയ അഭിമുഖത്തിൽ ബെന്നറ്റ് തന്നെ അവകാശപ്പെടുന്നുണ്ട്. അതേസമയം, സ്വന്തം രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടി വിദ്വേഷമോ വിഭാഗീയതയോ ആയുധമാക്കില്ലെന്നും പറയുന്നു.

2013ലാണ് ബെന്നറ്റ് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്നത്. അതിനുമുൻപ് 2006 മുതൽ 2008 വരെ നെതന്യാഹുവിന്റെ സഹായിയും മുഖ്യ ഉപദേഷ്ടാവുമായെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ ഭാഗവുമായിരുന്നു. നെതന്യാഹുവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് പിന്നീട് പാർട്ടി വിട്ടു.

2013ൽ വലതുപക്ഷ ദേശീയ കക്ഷിയായ ജ്യൂയിഷ് ഹോം പാർട്ടിയിലൂടെയാണ് സജീവരാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുന്നത്. ഇതേവർഷം തന്നെ പാർട്ടിയുടെ അക്കൗണ്ടിൽ പാർലമെന്റ് അംഗവുമായി. 2015 വരെ നെതന്യാഹു സർക്കാരിൽ ധനകാര്യ, മതസേവന മന്ത്രിയായി. 2015 മുതൽ 2019 വരെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. 2018 ഡിസംബറിൽ ജ്യൂയിഷ് പാർട്ടിയിൽനിന്ന് കൂറുമാറി യമീന പാർട്ടി എന്ന പേരിൽ സ്വന്തമായി രാഷ്ട്രീയ പരീക്ഷണവും ആരംഭിച്ചു.

രാഷ്ട്രീയ നയങ്ങൾ

ജൂതരാഷ്ട്രത്തിന്റെ ശക്തനായ വക്താവാണ് നഫ്താലി ബെന്നറ്റ്. ഫലസ്തീൻ രാഷ്ട്രത്തിന്റെയും ഫലസ്തീനികളുടെ സ്വയംനിർണയാവകാശത്തിന്റെയും കടുത്ത വിമർശകൻ. ഏറ്റവുമൊടുവിൽ ഗസ്സയിൽ ഫലസ്തീനികൾക്കായി ഇസ്രായേലി സൈന്യത്തിന്റെ നേതൃത്വത്തിൽ നടന്ന കോവിഡ് പരിശോധന നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടയാളാണ്.

രാജ്യാന്തര നിയമങ്ങൾ കാറ്റിൽപറത്തി ഫലസ്തീൻ പ്രദേശങ്ങളിൽ കുടിയേറിപ്പാർക്കുന്ന ജൂതന്മാരെ പ്രതിനീധികരിക്കുന്ന കക്ഷിയായ യെഷ കൗൺസിലിന്റെ മുൻനിര വക്താവായിരുന്നു 2010-12 കാലത്ത് ബെന്നറ്റ്. 2013ൽ ഒരു മന്ത്രിസഭാ യോഗത്തിനിടെ ഇദ്ദേഹം നടത്തിയ പരാമർശം ഏറെ കോളിളക്കം സൃഷ്ടിച്ചു. ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു അത്. ''നമ്മൾ ഭീകരവാദികളെ പിടികൂടുകയാണെങ്കിൽ അവരെ കൊന്നുകളയണം. എത്രയോ അറബികളെ ഞാൻ തന്നെ കൊന്നിട്ടുണ്ട്. അതിൽ ഒരു പ്രശ്‌നവുമില്ല..'' എന്നായിരുന്നു ആ വിവാദ പരാമർശം.

2014ൽ ഇസ്രായേലിലെ 20 ശതമാനം വരുന്ന ഫലസ്തീനികൾക്ക് മുന്നറിയിപ്പുമായി അറബിയിൽ എഴുതിയ കത്തും ഏറെ ചർച്ചയായിരുന്നു. രാജ്യത്ത് അഞ്ചാംപത്തികളായി കഴിയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു അക്ഷരത്തെറ്റുകള്‍ നിറഞ്ഞ കത്തില്‍ മുന്നറിയിപ്പ് നല്കിയത്. 2018ൽ മറ്റൊരു പരാമർശം നടത്തിയും വിവാദങ്ങളിൽ നിറഞ്ഞുനിന്നു. താൻ പ്രതിരോധ മന്ത്രായിരുന്നെങ്കിൽ ഗസ്സ-ഇസ്രായേൽ അതിർത്തി കടക്കുന്ന ഫലസ്തീനികളെ വെടിവച്ചു കൊല്ലണമെന്ന ഉത്തരവ് പുറപ്പെടുവിക്കുമായിരുന്നുവെന്നായിരുന്നു അന്നു പറഞ്ഞത്.

ഇസ്രായേൽ അധിനിവേശം എന്ന പ്രയോഗം തന്നെ ഒഴിവാക്കണമെന്ന് നഫ്താലി ബെന്നറ്റ് വാദിക്കുന്നു. ഫലസ്തീനിലേതടക്കം മുഴുവൻ ഭൂമിയും ഇസ്രായേലിന്റേതാണെന്നാണ് ഇതിനു പറഞ്ഞ ന്യായം. ഫലസ്തീൻ രാഷ്ട്രം എന്ന പരിഹാരം തള്ളിക്കളയുന്ന ബെന്നറ്റ് വെസ്റ്റ് ബാങ്കിന്റെ 60 ശതമാനവും ഇസ്രായേൽ പിടിച്ചെടുത്ത് ഫലസ്തീനികളെയെല്ലാം ബാക്കിയുള്ള തുണ്ടുഭൂമിയിലേക്ക് അയക്കണമെന്നും വാദിക്കുന്നു. അൽഅഖ്‌സ പള്ളി പൂർണമായും ഇസ്രായേൽ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ് ഇദ്ദേഹത്തിന്‍റെ മറ്റൊരു പ്രധാന വാദം.

Similar Posts